കൗതുകക്കാഴ്ചയൊരുക്കി ആകാശവെള്ളരിയും നെയ്ക്കുമ്പളവും

Posted on: 07 Aug 2011


വടകര: ആകാശ വെള്ളരി കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ എടച്ചേരിയിലെ തൊടുവയില്‍ പീതാംബരന്‍ മാഷിന്റെ വീട്ടിലേക്ക് വരിക. വീട്ടുമുറ്റത്ത് പന്തലിലൂടെ പടര്‍ന്നുകിടക്കുന്ന വള്ളിപ്പടര്‍പ്പുകള്‍ക്കിടയിലൂടെ തൂങ്ങിക്കിടക്കുകയാണ് ആകാശവെള്ളരികള്‍. തൊട്ടടുത്തായി നെയ്ക്കുമ്പള (വൈദ്യക്കുമ്പളം) ത്തിന്റെ കൂട്ടവും. നാട്ടില്‍ അത്ര പരിചിതമല്ലാത്ത ഈ രണ്ട് വിളകളും 10 വര്‍ഷത്തോളമായി മാഷിന്റെ വീട്ടിലുണ്ട്.

10 വര്‍ഷം മുമ്പ് വടകരയിലെ വഴിയോരക്കച്ചവടക്കാരില്‍ നിന്നുമാണ് പീതാംബരന്‍ മാഷിന് ആകാശവെള്ളരിയുടെ വിത്ത് കിട്ടിയത്. നട്ട് മൂന്നാംവര്‍ഷം മുതല്‍ കായ്ക്കാന്‍ തുടങ്ങി. 10 വര്‍ഷമായിട്ടും വിളവിന് കുറവില്ല. വള്ളിപടര്‍പ്പുകളും കരുത്തോടെ നില്ക്കുന്നു. 25 വര്‍ഷം വരെ ഇതേ വള്ളിയില്‍ കായ്ഫലമുണ്ടാകുമെന്ന് പറയുന്നു. വെള്ളരിയോടാണ് കാഴ്ചയ്ക്ക് സാമ്യമെങ്കിലും രുചിയില്‍ വ്യത്യാസമുണ്ട്. ഫാഷന്‍ ഫ്രൂട്ടിന്റെ രുചിയാണ് ഇതിന്. കറിവെക്കാനും ജ്യൂസടിക്കാനും ഉത്തമമാണെന്ന് പീതാംബരന്‍ പറഞ്ഞു. കായ്ക്കുന്നതിന് പ്രത്യേക സമയമില്ല. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ ആകാശവെള്ളരി അപൂര്‍വ കാഴ്ചയാണ്. പലരും കായകള്‍ കൊണ്ടുപോകാറുണ്ട്. ഇപ്പോള്‍ 11 കായകളുണ്ട്. എല്ലാം നല്ല വലിപ്പമുള്ളവ.

നെയ്ക്കുമ്പളവും വീട്ടുമുറ്റത്ത് പടര്‍ത്തിയിട്ട് പത്ത് വര്‍ഷത്തോളമായി. ഔഷധഗുണമുള്ളതിനാലാണ് വൈദ്യക്കുമ്പളമെന്നും വിളിക്കുന്നത്. കൂശ്മാണ്ഡ രസായനത്തിലെ പ്രധാന ചേരുവയായി ഈ കുമ്പളമാണ് ഉപയോഗിച്ചിരുന്നത്. പത്തനംതിട്ടയില്‍ നിന്നാണ് ഇതിന്റെ വിത്തു കൊണ്ടുവന്നത്. വള്ളി ഉണങ്ങിയിട്ടും കായകള്‍ നല്ല ആരോഗ്യത്തോടെ നിലനില്ക്കുന്നു. കറിവെക്കാനും ഉപയോഗിക്കും.

പഴവര്‍ഗച്ചെടികളുടെ വലിയ ശേഖരം തന്നെ ഇദ്ദേഹത്തിന്റെ വീട്ടിലുണ്ട്. പേര, ചാമ്പ, സീതപ്പഴം, മാങ്കോസ്റ്റിന്‍, സബര്‍ജില്‍, മുന്തിരി, ഏലം, ഗ്രാമ്പു, ജാതി തുടങ്ങിയവയും മാഷിന്റെ തൊടിയില്‍ ധാരാളമായുണ്ട്. ഓര്‍ക്കാട്ടേരി എം.യു.പി സ്‌കൂളില്‍ നിന്ന് വിരമിച്ച പീതാംബരന്‍ മാഷിന് ഇത്തരം വിളകള്‍ പരിപാലിക്കുന്നത് ജീവിതത്തിന്റെ ഭാഗം തന്നെ.


Stories in this Section