വാടാമലരുകളുടെ വടക്കന്‍ ഗാഥ

Posted on: 29 Jul 2011

സുരേഷ് മുതുകുളം



വിസ്മയകരമായ രൂപം, മനം കവരുന്ന വര്‍ണവൈവിധ്യം, ഇതര പുഷ്പങ്ങള്‍ക്കില്ലാത്ത ആയുര്‍ദൈര്‍ഘ്യം-കണ്ണൂര്‍ കല്ല്യാശ്ശേരി ഇരിണാവ് നാലാംബ്രത്തുവീട്ടില്‍ ലസീനയ്ക്ക് ഓര്‍ക്കിഡ് സുന്ദരിമാരോട് കമ്പം തോന്നാന്‍ ഇതൊക്കെ തന്നെയായിരുന്നു നിമിത്തങ്ങള്‍. സസ്യങ്ങളോടും പൂക്കളോടും ചെറുപ്പം മുതല്‍ക്കേയുള്ള താത്പര്യം വേറെയും. രാവിലത്തെ തിരക്കുകളൊഴിഞ്ഞാല്‍ ലഭിക്കുന്ന വിശ്രമവേള കഴിഞ്ഞ അഞ്ചുവര്‍ഷമായി ഓര്‍ക്കിഡ് പൂക്കളെ വളര്‍ത്തിയും പരിചരിച്ചും സാര്‍ഥകമാക്കുകയാണ് ഈ വീട്ടമ്മ. വടക്കന്‍കേരളത്തില്‍ ഓര്‍ക്കിഡ് എന്ന വാടാമലരുകള്‍ അത്ര പ്രചരിച്ചിട്ടില്ലാത്ത കാലത്തായിരുന്നു ലസീന ഈ രംഗത്തേക്ക് കാലുകുത്തുന്നത്. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച 'ഓര്‍ക്കിഡ്' എന്ന പുസ്തകവും ഒരു മേളയില്‍ നിന്ന് വാങ്ങിയ നാല് ഓര്‍ക്കിഡ് തൈകളുമായിട്ടായിരുന്നു തുടക്കം.''ഈ നാലുതൈകളും വളര്‍ത്തി പൂചൂടിക്കാന്‍ കഴിഞ്ഞാല്‍ നിശ്ചയമായും ഈ രംഗത്ത് ഞാന്‍ തുടരും.....''വിചിത്ര സസ്യത്തിന്റെ രൂപഭാവം കണ്ട് സംശയിച്ചുനിന്ന സുഹൃത്തുക്കളോട് ലസീന ദൃഢനിശ്ചയത്തോടെ പറഞ്ഞു.

തുടര്‍ന്ന് ലസീനയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'പരീക്ഷണഘട്ടം' ആയിരുന്നു. ഒരു മുന്‍പരിചയവുമില്ലാത്ത ചെടികള്‍; സംശയങ്ങളാകട്ടെ ഒട്ടേറെയുണ്ട്. യഥാസമയം സംശയനിവൃത്തിവരുത്തി ഉദ്യാനത്തിലെ പുതിയ അതിഥികള്‍ക്ക് കണ്ണിമയ്ക്കാതെ കാവലിരുന്നു. ചെടികള്‍ക്ക് വേരോട്ടമായി; പുതിയ ഇലകള്‍ പൊട്ടി; താമസിയാതെ പൂങ്കുല തലനീട്ടി. അന്ന് ലസീന ഒരുറച്ച തീരുമാനമെടുത്തു. ''ഇതു തന്നെയാണെന്റെ നിയോഗ മേഖല....''

കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളില്‍ പൂത്തുലഞ്ഞ ലസീനയുടെ ഓര്‍ക്കിഡ് പുഷ്പസുന്ദരിമാര്‍ കല്ല്യാശ്ശേരിയിലും പരിസരപ്രദേശത്തും പുത്തന്‍ അനുഭവമാകുകയായിരുന്നു. പുഷ്പ സംവിധാനങ്ങള്‍ക്ക് അധികവും ഉപയോഗിക്കുന്നത് ഡെന്‍ഫ്രോബിയം ആയതിനാല്‍ ആദ്യം കൂടുതലും അത് വളര്‍ത്തി; തുടര്‍ന്ന് ഫലനോപ്ലിസ്, കാറ്റ്‌ലിയ, ഓണ്‍സീഡിയം, വാന്‍ഡ, മൊക്കാറ തുടങ്ങി ഓര്‍ക്കിഡിന്റെ ഏതാണ്ടെല്ലാ ഇനങ്ങളും. ഇന്നിപ്പോള്‍ ഏതാണ്ട് നാലായിരത്തോളം ഓര്‍ക്കിഡ് ചെടികളുടെ പോറ്റമ്മ കൂടിയാണ് ലസീന. ഗ്രീന്‍ ഹൗസിലും ടെറസിലുമൊക്കെയായി വിന്യസിച്ചിരിക്കുന്ന ഓര്‍ക്കിഡ് ചെടികള്‍ക്ക് ലസീനയുടെ വക പ്രത്യേക ഭക്ഷണക്രമം തന്നെയുണ്ട്. ആഴ്ചയില്‍ 2 തവണയാണ് വളപ്രയോഗം. 20:20:20 എന്ന രാസവളമിശ്രിതം ആഴ്ചയില്‍ 2 തവണ 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് തളിക്കും. കൂടാതെ ചാണകം, കടലപ്പിണ്ണാക്ക് എന്നിവ വെള്ളത്തില്‍ കലര്‍ത്തിയതിന്റെ തെളിയൂറ്റി ഒരുകപ്പ് 8 കപ്പ് വെള്ളത്തില്‍ എന്ന തോതില്‍ ലയിപ്പിച്ച് നല്‍കും. മഴക്കാലത്ത് ജൈവ വളപ്രയോഗമില്ല. കുമിള്‍ ശല്യമുണ്ടാകുമ്പോള്‍ 'ഇന്‍ഡോഫില്‍' പ്രയോഗിക്കും. അല്ലാതെ മറ്റു പ്രശ്‌നമൊന്നുമില്ല എന്ന് ലസീന പറയുന്നു.

ഓര്‍ക്കിഡ് ഫ്ലാസ്‌കുകളില്‍ വരുന്ന കുഞ്ഞുതൈകള്‍ ലാളിച്ചുവളര്‍ത്തി വലുതാക്കുന്നതില്‍ പ്രത്യേക നൈപുണ്യമുണ്ട് ലസീനയ്ക്ക്. അവയെ ചകിരിപ്പൊടിയില്‍ നട്ട് അല്പം വളം മേമ്പൊടിയായി നല്‍കിയാല്‍ 8-9 മാസംകൊണ്ട് ചെടി പുഷ്പിക്കും എന്ന് ഈ വീട്ടമ്മ തെളിയിക്കുന്നു. എത്ര പരിചയസമ്പന്നരായ ഓര്‍ക്കിഡ് കര്‍ഷകര്‍ക്കും ഒരു വേള അപ്രാപ്യമായ ഒരു സിദ്ധിയാണിത്.

രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ വനിതാസംരംഭകര്‍ക്കുള്ള സാമ്പത്തികസഹായം ലഭിച്ചിട്ടുള്ള ലസീനയുടെ വീട്ടുപരിസരത്തെ നാല് ഹരിതഗൃഹങ്ങള്‍ നിറയെ എന്നും ഓര്‍ക്കിഡ് വസന്തമാണ്. ഒരു പക്ഷേ, വടക്കന്‍ കേരളത്തിലെ ഒരപൂര്‍വ ദൃശ്യചാരുത. ഭര്‍ത്താവ് അരവിന്ദന്റെയും സഹോദരന്‍ ലത്തിഷിന്റെയും പ്രോത്സാഹനവും സഹകരണവുമാണ് ലസീനയ്ക്ക് എന്നും തുണ.

പുഷ്പ വിപണനത്തിനും വലിയപ്രശ്‌നമില്ല. പള്ളികളിലേക്കും പുഷ്പാലങ്കാരങ്ങള്‍ക്കുമൊക്കെ പൂക്കള്‍ നല്‍കാറുണ്ട്. കൈയൊഴിയുമ്പോള്‍ 'ഫ്ലവര്‍ അറേഞ്ച്‌മെന്റ്' ചെയ്തും നല്‍കും. ഒരു പൂത്തണ്ടിന് പരമാവധി 30 രൂപവരെ കിട്ടും. അത്യാവശ്യം താത്പര്യമുള്ളവര്‍ക്ക് തൈകളും നല്‍കാറുണ്ട്. കഴിഞ്ഞ 2 വര്‍ഷമായി കണ്ണൂര്‍ ഫ്ലവര്‍ഷോയില്‍ ലസീനയുടെ വിപുലമായ പുഷ്പശേഖരം കാണികള്‍ക്ക് ഹരം പകരുന്നു.ഫോണ്‍: 9446738322.





Stories in this Section