
ലോകത്ത് ഏറ്റവുമധികം വിറ്റുപോകുന്നതും സൗന്ദര്യാസ്വാദകരെ മനംമയക്കുന്ന സുഗന്ധത്തിലൂടെ ഭ്രമിപ്പിക്കുന്നതുമായ ചാനല്‍-5, പോയിസണ്‍, അക്വാഡി ജിയോ, എലിസ് ഫീല്‍ഡ്‌സ് തുടങ്ങിയ പെര്‍ഫ്യൂമുകളുടെ നിര്‍മാണത്തില്‍ മുഖ്യചേരുവയായ ഒരു പൂവുണ്ട് -അതാണ് 'ഇലാങ് ഇലാങ്'. ഇതിന്റെ പൂക്കളില്‍നിന്നെടുക്കുന്ന തൈലം മികച്ച പെര്‍ഫ്യൂമുകളിലെ അവിഭാജ്യചേരുവയും. ഫിലിപ്പീന്‍സിലും ഇന്‍ഡൊനീഷ്യയിലും ജന്മംകൊണ്ട ഈ പൂമരം ഉഷ്ണമേഖലാപ്രദേശങ്ങളില്‍ വളരുന്നു. വെയിലും അല്പം തണലും പ്രശ്‌നമല്ല. അല്പം പുളികലര്‍ന്ന മണ്ണെങ്കില്‍ വളര്‍ച്ചയ്ക്ക് പ്രിയം.നമുക്ക് സുപരിചതമായ ആത്തപ്പഴത്തിന്റെ സസ്യകുലത്തിലാണ് ഇലാങ് ഇലാങ്ങിന്റെ പിറവിയും. 'ഇലാങ്' എന്ന വാക്കിന് 'വന്യം' എന്നും 'അപൂര്‍വം' എന്നും അര്‍ഥമുണ്ട്. നൈസര്‍ഗികവനപ്രദേശങ്ങളില്‍ വളരുന്നത് എന്നും അത്യപൂര്‍വമായ സുഗന്ധവാഹിനി എന്നും വിശദീകരണം.
ഇലാങ്ങിന്റെ ഇലകള്‍ വലുതും നീണ്ടതും മൃദുലവും തിളക്കമുള്ളതുമാണ്. ഇവ ജോഡിയായി ശിഖരത്തില്‍ ക്രമീകരിച്ചിരിക്കുന്നു. പൂക്കള്‍ക്ക് പച്ചകലര്‍ന്ന മഞ്ഞനിറവും. പൂവിതളുകള്‍ നീണ്ടതും രണ്ട് ഇഞ്ച് നീളത്തില്‍ താഴേക്ക് ഞാന്നുകിടക്കുന്നതും ആണ് വിത്തു പാകി തൈകളാക്കിയാണ് ഇലാങ്ങിന്റെ കൃഷി. ചെടിക്ക് 3 - 4 വര്‍ഷം പ്രായമായാല്‍ പൂക്കാന്‍ തുടങ്ങും. വര്‍ഷം മുഴുവന്‍ ഈ മരത്തില്‍ പൂക്കള്‍ കാണും എന്നതാണ് മറ്റൊരു പ്രത്യേകത. ശിഖരങ്ങള്‍ മുഴുവന്‍ പൂചൂടി നില്‍ക്കുന്ന പതിവുണ്ട്. കടുത്ത പച്ചനിറമുള്ള കായ്കള്‍ വിളഞ്ഞാല്‍ കറുത്ത നിറമാകും. ഇത് അത്യാവശ്യം ഭക്ഷ്യയോഗ്യമാണ്.
ഇലാങ് ഇലാങ് പൂക്കളില്‍ പരാഗണം നടത്തുന്നത് നിശാശലഭങ്ങളാണ്. അതുകൊണ്ട് തന്നെ രാത്രി മുഴുവന്‍ ഇതിന്റെ വശ്യഗന്ധം പരിസരമാകെ പരന്നൊഴുകും. ആവിയില്‍ വാറ്റിയാണ് പൂക്കളില്‍ നിന്നും സുഗന്ധതൈലം വേര്‍തിരിക്കുക. പൂക്കള്‍ സൂര്യോദയത്തോടെ ഇറുത്തെടുക്കും. 14 മണിക്കൂര്‍ നീണ്ട പ്രക്രിയയാണിത്. അതിരാവിലെയാണ് പൂക്കള്‍ വാറ്റക. പ്രത്യേകതരം ചെമ്പുപാത്രത്തില്‍ 200 പൗണ്ട് പൂക്കള്‍ ഏതാണ്ട് 15 ഗ്യാലന്‍ വെള്ളം നിറച്ചാണ് ആവികയറ്റി വാറ്റുന്നത്. ഇതില്‍ നിന്ന് 1 -2 ലിറ്റര്‍ പൂതൈലം കിട്ടും. ഇതിന് അതിതീവ്രസുഗന്ധമായിരിക്കും. ഇതാണ് 'വൈവൈ എക്‌സ്ട്രാ' എന്നറിയപ്പെടുന്ന ഒന്നാം ഗ്രേഡ് തൈലം. നേരിയ മഞ്ഞനിറമാണിതിന്. വീണ്ടും വാറ്റുമ്പോള്‍ അല്പം ഗുണം കുറഞ്ഞ തൈലമാണ് കിട്ടുക. ഇതിന് 'വൈ വൈ ഓയില്‍' എന്നു പറയും. തുടര്‍ന്ന് 1, 2, 3 ഗ്രേഡ് തൈലങ്ങളും കിട്ടും. ഏറ്റവുമൊടുവില്‍ കിട്ടുന്ന ഗുണം കുറഞ്ഞ തൈലം സോപ്പിനും മറ്റും സുഗന്ധം നല്‍കാനെടുക്കുന്നു. ബെന്‍സൈല്‍ അസറ്റേറ്റ്, ലിനാലൂള്‍, മീഥൈല്‍ ബെന്‍സൊയേറ്റ് എന്നിവയാണ് തൈലത്തിന് സുഗന്ധം പകരുന്നത്.
ഒരു കിലോ ഇലാങ് പൂക്കളില്‍ നിന്ന് പരമാവധി വേര്‍തിരിക്കാന്‍ കഴിയുന്നത് വെറും 10 - 20 മില്ലി മികച്ച തൈലം മാത്രം. ഒരു ലിറ്റര്‍ തൈലത്തിന് അന്താരാഷ്ട്ര വിപണിയില്‍ 150 -200 ഡോളര്‍ വരെ വിലയുണ്ട്. 10 മില്ലി തൈലത്തിനാകട്ടെ 10 - 20 ഡോളര്‍വരെയും. ഒരു കിലോ തൈലം ലഭിക്കാന്‍ 50 കിലോ പൂക്കള്‍ വേണ്ടിവരും.