കാലികളിലെ കരിങ്കാല്‍ ദീനം നിയന്ത്രിക്കാം

Posted on: 29 Mar 2015

ഡോ.പി.കെ.മുഹ്‌സിന്‍



കന്നുകാലികള്‍, ആട്, മാന്‍ മുതലായ മൃഗങ്ങളില്‍ കണ്ടുവരുന്ന രോഗമാണ് കരിങ്കാല്‍ ദീനം അഥവാ കരിങ്കൊറു ദീനം. ഏതെങ്കിലുമൊരു സ്ഥലത്ത് രോഗം പ്രത്യക്ഷപ്പെട്ടുകഴിഞ്ഞാല്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ അത് സമീപപ്രദേശങ്ങളിലേക്ക് പടര്‍ന്നുപിടിക്കുന്നു.
നാലുമാസംമുതല്‍ രണ്ടുവയസ്സുവരെ പ്രായമുള്ള മേയാന്‍ വിടുന്ന കാലികളിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്.

മണ്ണില്‍നിന്ന് രോഗാണുക്കള്‍ ശരീരത്തില്‍ കടക്കുന്നു. ആടുകളില്‍ സാധാരണയായി മുറിവുകളിലൂടെയാണിവ ശരീരത്തില്‍ പ്രവേശിക്കുക. രക്തത്തില്‍ പ്രവേശിച്ച രോഗാണുക്കള്‍ ഒരുതരം വിഷം ഉത്പാദിപ്പിച്ച് കാലികളുടെ മരണത്തിനിടയാക്കുന്നു.

കൂട്ടത്തില്‍നിന്നും ഒറ്റതിരിയുക, നടക്കാന്‍ വയ്യാതാവുക, കൈകാലുകളില്‍ നീരുണ്ടാവുക, തീറ്റയെടുക്കാതിരിക്കുക, വയറ് സ്തംഭിക്കുക, പനി എന്നിവയാണ് സാധാരണ രോഗലക്ഷണങ്ങള്‍. രോഗാരംഭത്തില്‍ നീരുവന്ന കൈകാലുകളില്‍ ചൂടും വേദനയും അനുഭവപ്പെടും. ക്രമേണ ചൂട് കുറയുമെങ്കിലും വേദനയ്ക്ക് കുറവുണ്ടാവില്ല. ഈ സമയത്ത് നീരുള്ള ഭാഗം ഞെക്കി നോക്കിയാല്‍ മാംസപേശികള്‍ക്കിടയില്‍ വായുകുമിളകള്‍ നിറഞ്ഞിരിക്കുന്നതുപോലെ അനുഭവപ്പെടും. കൂടാതെ തൊലിയുടെ നിറംമാറി ഉണങ്ങി വിണ്ടുകീറാറുണ്ട്. കൈകാലുകളിലെ മാംസപേശികള്‍ക്കുപുറമെ നാവിന്റെ കട, ഹൃദയപേശികള്‍, ഡയഫ്രം, നെഞ്ച്, അകിട് മുതലായ സ്ഥലങ്ങളിലും ചിലപ്പോള്‍ നീര് വരാറുണ്ട്.

രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സാധാരണയായി രണ്ട് ദിവസത്തിനുള്ളില്‍ കാലികള്‍ ചത്തുപോവാറാണ് പതിവ്. അപൂര്‍വം അവസരങ്ങളില്‍ രോഗലക്ഷണങ്ങള്‍ കാര്യമായി കാണിക്കാതെത്തന്നെ ചില മൃഗങ്ങള്‍ ചത്തുപോകുന്നു.

പ്രതിരോധ കുത്തിവെപ്പ് ഫലപ്രദമാണ്. രോഗം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ള കാലത്തിനുമുമ്പായി എല്ലാ കന്നുകാലികളെയും കുത്തിവെപ്പിന് വിധേയമാക്കണം. നാലുമാസം മുതല്‍ രണ്ടു വയസ്സുവരെയുള്ള കന്നുകാലികളെയാണ് പ്രധാനമായും കുത്തിവെപ്പിന് വിധേയമാക്കേണ്ടത്.

കുത്തിവെപ്പുകഴിഞ്ഞ് 14 ദിവസത്തിനുശേഷമേ മൃഗത്തിന് പ്രതിരോധശക്തി കൈവരികയുള്ളൂ.
രോഗബാധയുണ്ടാവുന്ന പ്രദേശത്തെ കന്നുകാലികളെ സമീപപ്രദേശങ്ങളില്‍ അലഞ്ഞ്‌നടക്കാന്‍ വിടരുത്.
ചത്തുപോയ കാലികളെയും അവയുടെ വിസര്‍ജ്യ വസ്തുക്കളും ദഹിപ്പിക്കുകയോ കുഴിച്ചുമൂടുകയോ ചെയ്യണം. കന്നുകാലികളെ ആദ്യം ആറാം മാസത്തിലും പിന്നീട് വര്‍ഷത്തിലൊരിക്കലും പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കണം.


Stories in this Section