ഡോ. പി.കെ. മുഹ്സിന്
വീട്ടില്‍ നല്ലയിനം ആടുകളുണ്ടെങ്കിലും മികച്ച പാര്‍പ്പിടം ഒരുക്കുന്നതില്‍ ശ്രദ്ധിക്കാത്തവരാണ് മിക്കവരും. ആടിന്റെ കൂട് അത്രയൊക്കെ മതിയെന്ന ധാരണയാണ് പലര്‍ക്കും. പക്ഷേ, നല്ലൊരു കൂടില്ലെങ്കില്‍ ആടുവളര്‍ത്തല്‍ നഷ്ടത്തില്‍ കലാശിച്ചേക്കാം.
പ്രതികൂല കാലാവസ്ഥയില്‍നിന്ന് ആടുകള്‍ക്ക് സുരക്ഷിതത്വം കിട്ടാന്‍ കൂട് അത്യന്താപേക്ഷിതമാണ്.
ആട്ടിന്കൂടിന്റെ വലിപ്പം എത്ര ആടുകളെ വളര്‍ത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. പെണ്ണാടുകള്‍ക്കും മുട്ടനാടുകള്‍ക്കും വെവ്വേറെ കൂടുണ്ടാക്കുകയാണ് നല്ലത്. പെണ്ണാടുകള്‍ക്ക് ചുരുങ്ങിയത് ഒരു ചതുരശ്രമീറ്റര്‍ സ്ഥലവും മുട്ടനാടുകള്‍ക്ക് രണ്ട് ചതുരശ്രമീറ്റര്‍ സ്ഥലവും വേണം.
നല്ല നീര്‍വാര്‍ച്ചയുള്ള സ്ഥലത്തായിരിക്കണം കൂട്. യാതൊരു കാരണവശാലും വെള്ളവും മൂത്രവും കെട്ടിനില്‍ക്കുന്ന സ്ഥലത്ത് പാര്‍പ്പിടം ഉണ്ടാക്കരുത്. ആടുകളുടെ ശരീരതാപനില മറ്റ് മൃഗങ്ങളുടേതിനേക്കാള്‍ കൂടുതലാണ്. നല്ല വായുസഞ്ചാരമുള്ള സ്ഥലത്തായിരിക്കണം ആട്ടിന്‍കൂട്. വീടുകളില്‍നിന്ന് പത്തുമീറ്ററെങ്കിലും അകലെയായിരിക്കണം ഇതിന്റെ സ്ഥാനം. തണല്‍മരങ്ങളുള്ള സ്ഥലത്താണ് കൂട് നിര്‍മിക്കേണ്ടത്.
ആടുകള്‍ക്ക് തറനിരപ്പില്‍ കിടക്കാന്‍ താത്പര്യം കുറവാണ്. ആദ്യമായി ഭൂവിതാനത്തില്‍നിന്ന് ഒരടി ഉയരത്തില്‍ ഒരു തറകെട്ടണം. പിന്നീട് തറയില്‍നിന്ന് മൂന്നടിയോളം ഉയരത്തില്‍ പലകകള്‍കൊണ്ടുള്ള തട്ട് നിര്‍മിക്കാം. തട്ടില്‍ പലകകള്‍ തമ്മില്‍ അര ഇഞ്ചെങ്കിലും വിടവുണ്ടാകണം. ആട്ടിന്കാഷ്ഠം താഴേക്കുവീഴാന് വേണ്ടിയാണിത്. തട്ടിനായി പന, തെങ്ങ്, കവുങ്ങ്, മുള, പട്ടികകള്‍ എന്നിവ ഉപയോഗിക്കാം.
പാര്‍ശ്വങ്ങളില്‍ ഒന്നര ഇഞ്ച് അകലത്തില്‍ പട്ടികകളോ കവുങ്ങിന് കഷ്ണങ്ങളോ അടിക്കാം. ഇതിനായി കമ്പിവലയും ഉപയോഗിക്കാവുന്നതാണ്. കൂടിന്റെ പാര്‍ശ്വങ്ങള്‍ക്ക് ഒന്നരമീറ്ററെങ്കിലും ഉയരം വേണം.
കൂടിന്റെ മേല്‍ക്കൂരയ്ക്കായി ഓട്, ഓല, ആസ്ബസ്റ്റോസ്, മറ്റ് ഷീറ്റുകള്‍ എന്നിവ ഉപയോഗിക്കാം. മേല്‍ക്കൂരയ്ക്ക് തൊട്ടുതാഴെ പഴയ ചാക്ക്, പനമ്പ് മുതലായവകൊണ്ട് ഒരിടക്കൂര വേണം. ഇത് കൂടിനകത്ത് ചൂടുകുറയ്ക്കാന്‍ ഉപയുക്തമാണ്.
കൂടിന്റെ തറ കോണ്‍ക്രീറ്റ് ചെയ്യുന്നതാണ് ഉത്തമം. പാര്ശ്വങ്ങളിലായി ഓവുചാലും വേണം. ഇതില്‍കൂടി ആട്ടിന്‍മൂത്രവും കാഷ്ഠവും വളക്കുഴിയിലേക്ക് തിരിച്ചുവിടാം. ഒരു കൂട്ടില്‍ത്തന്നെ എല്ലാ ആടുകളെയും വളര്‍ത്തുമ്പോള്‍ കറവയാട്, ആട്ടിന്‍കുട്ടികള്‍, ഗര്‍ഭിണിയായ ആട്, മുട്ടനാട് എന്നിവയ്ക്ക് പ്രത്യേകസ്ഥലം തിരിച്ചുകൊടുക്കണം. കൂടാതെ, ആടൊന്നിന് 30 സെന്റിമീറ്റര്‍ നീളത്തിലും 20 സെന്റിമീറ്റര്‍ വീതിയിലും തീറ്റവെക്കാനുള്ള സ്ഥലവും വെള്ളപ്പാത്രവും വേണം.