വീണാറാണി. ആര്

പച്ചമാങ്ങ വിളയുമ്പോഴേക്കും മാമ്പഴയീച്ചകളുടെ ഉപദ്രവം തുടങ്ങും. മാങ്ങയുടെ തൊലിക്കടിയില്‍ മുട്ടകള്‍ കുത്തിവെച്ച് പെണ്ണീച്ചയാണ് പ്രശ്നത്തിന് തുടക്കംകുറിക്കുക.
വിരിഞ്ഞ് പുറത്തുവരുന്ന പുഴു, മാങ്ങയുടെ മാംസളഭാഗങ്ങള്‍ തിന്ന് വളരുന്നു. താഴെ വീഴുന്ന മാമ്പഴത്തോടൊപ്പം മണ്ണിലെത്തുന്ന പുഴുക്കള്‍ സമാധിയില്‍ കഴിഞ്ഞശേഷം പൂര്‍ണവളര്‍ച്ചയെത്തിയ ഈച്ചകളായി ഊര്‍ജിതശക്തിയോടെ ആക്രമണം തുടരും. ഏതാണ്ട് 80 ശതമാനം മാങ്ങവരെ മാമ്പഴയീച്ചയുടെ ആക്രമണത്തില്‍ നഷ്ടമാകുന്നതായിട്ടാണ് കര്‍ഷക അനുഭവം.മാമ്പഴയീച്ചയെ വരുതിയിലാക്കാന്‍ ഫലപ്രദമായ മാര്‍ഗമാണ് മെറ്റ് അഥവാ മീതൈല്‍ യുജിനോള്‍ കെണി. ആകര്‍ഷിക്കാനും െകാല്ലാനും കഴിയുന്ന ഖരവസ്തുക്കള്‍ അടങ്ങിയ ചെറിയ മരക്കട്ടയാണ് ഈ കെണി. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ഫിറമോണ്‍ കട്ട പ്ലാസ്റ്റിക്ക് ഉറ മാറ്റി ചരടുകൊണ്ട് കെട്ടിയിടണം. ഒരു ലിറ്റര്‍ അളവിലുള്ള പ്ലാസ്റ്റിക് കുപ്പി അടിവശം വട്ടത്തില്‍ മുറിച്ചുമാറ്റി, അടിഭാഗം തല തിരിച്ച് കയറ്റിവെച്ചാല്‍ കെണി തയ്യാര്‍.
പ്ലാസ്റ്റിക് കുപ്പിക്ക് മഞ്ഞക്കളര്‍ പെയിന്റ് അടിച്ചുകൊടുത്താല്‍ ആകര്‍ഷണം കൂടുന്നതായി കണ്ടിട്ടുണ്ട്. പ്ലാസ്റ്റിക് പാത്രത്തില്‍ മൂന്ന് സെന്റി മീറ്റര്‍ നീളത്തില്‍ തയ്യാറാക്കുന്ന ദ്വാരങ്ങള്‍ക്ക് നേര്‍ക്ക് വരുംവിധം ഫിറമോണ്‍ കട്ട കെട്ടിയിടണം. കെണിയില്‍ ആകര്‍ഷിക്കപ്പെട്ട് ചത്തുവീഴുന്ന ഈച്ചകളെ ആഴ്ചയിലൊരിക്കല്‍ പുറത്തുകളയണം. തറയില്‍നിന്ന് മൂന്നുമുതല്‍ അഞ്ചടി ഉയരത്തില്‍ കെണികള്‍ കെട്ടിയിടാം. മാവ് പൂത്തുതുടങ്ങുമ്പോള്‍ത്തന്നെ കെണിവെക്കുകയാണ് നല്ലത്. ഒരു ഫിറമോണ്‍ കട്ടയുടെ ഗുണം മൂന്നുമാസം നില്ക്കും. മാവിന്റെ അടുത്ത് മഴയും വെയിലും ഏല്‍ക്കാത്ത രീതിയില്‍ കെണി കെട്ടിത്തൂക്കുന്നതാണ് നല്ലത്. 25 സെന്റിന് ഒരു കെണി എന്ന തോതിലാണ് ഉപയോഗിക്കേണ്ടത്.
പഴുത്ത മാമ്പഴം അലക്ഷ്യമായി വലിച്ചെറിയാതെ തീയിലിട്ടോ വെള്ളത്തിലിട്ടോ പുഴുക്കളെ നശിപ്പിക്കണം. മാവിന്‍ചുവട് നല്ല വെയിലുള്ള സമയത്ത് ചെറുതായി കൊത്തിയിളക്കിയിടുന്നത് മണ്ണിലുള്ള സമാധിദശയെ നശിപ്പിക്കും. മണ്ണില്‍ 150 ഗ്രാം ബ്യൂവോറിയ ചേര്‍ത്തുകൊടുക്കുന്നത് ഗുണപ്രദമാണ്. കാസര്‍കോട് പടന്നക്കാട് പ്രവര്‍ത്തിക്കുന്ന കാര്‍ഷിക കോളേജ് ഉള്‍പ്പെടെയുള്ള കാര്‍ഷിക സര്‍വകലാശാലയുടെ വിപണന കേന്ദ്രങ്ങളിലെല്ലാം മെറ്റ് ലഭ്യമാണ്.