ഡോ. സി.കെ. ഷാജിബ്

പശുക്കളിലെ കാത്സ്യക്കുറവും അതുമൂലമുണ്ടാവുന്ന ക്ഷീരസന്നിയും കര്‍ഷകരെ കുഴക്കുന്ന രോഗമാണ്. പാലിലെ പ്രധാനമായ മൂലകമാണ് കാത്സ്യം. അത്യുത്പാദനശേഷിയുള്ള പശുക്കളില്‍ പ്രസവിച്ചയുടന്‍ ശരീരത്തില്‍നിന്ന് വലിയ അളവില്‍ കാത്സ്യം പാലിലൂടെ നഷ്ടപ്പെടുന്നു. ഇത് രക്തത്തിലെ കാത്സ്യക്കുറവിന് കാരണമായി പശുക്കള്‍ തളര്‍ന്നുവീഴുകയും ഉടന്‍ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണപ്പെടുകയും ചെയ്യുന്നു.
ഗര്‍ഭകാലത്ത് ചില മുന്‍കരുതലുകള്‍ എടുത്താല്‍ പശുക്കളിലെ ക്ഷീരസന്നി പ്രതിരോധിക്കാം. ഗര്‍ഭത്തില്‍ അവസാനകാലത്ത് പശുക്കള്‍ക്ക് കാത്സ്യം അടങ്ങിയ മിനറല്‍ മിക്‌സ്ചര്‍ നല്കുകയാണ് ഒരു രീതി. എന്നാല്‍, ഇതുകൊണ്ട് പ്രത്യേകിച്ച് ഗുണമില്ലെന്ന് കണ്ടെത്തിയിരിക്കുന്നു. പശുക്കള്‍ക്ക് ഗര്‍ഭത്തില്‍ ആറാം മാസം മുതല്‍ കാത്സ്യം നല്കാതിരിക്കലാണ് മറ്റൊരു രീതി. അതുവഴി പശുക്കള്‍ക്ക് പ്രസവസമയത്ത് ശരീരത്തിലെ എല്ലുകളില്‍ കാത്സ്യം എടുക്കാനുള്ള കഴിവ് ലഭിക്കുകയും ക്ഷീരസന്നി ഒഴിവാക്കുകയും ചെയ്യുന്നു എന്നതാണ് സങ്കല്പം.
എന്നാല്‍, ഈ രീതികൊണ്ട് വലിയ പ്രയോജനമില്ല എന്നതാണ് അടുത്തിടെ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത്. പ്രസവിച്ചയുടന്‍ പാല്‍ മുഴുവനായി കറന്നെടുക്കാതിരിക്കുകയും അങ്ങനെ കാത്സ്യനഷ്ടം ഒഴിവാക്കുകയും ചെയ്യുക എന്ന മാതൃക അനുകരണീയമല്ല. കാരണം ഇത് അകിടുവീക്കംപോലുള്ള രോഗങ്ങള്‍ക്കും പാലുത്പാദനക്കുറവിനും കാരണമാവുന്നു. പ്രസവത്തിന് ഒരാഴ്ച മുമ്പും പ്രസവിച്ച് 12 മണിക്കൂറിനുള്ളിലും പശുക്കള്‍ക്ക് കാത്സ്യം ഇഞ്ചക്ഷന്‍ നല്‍കിയാല്‍ ക്ഷീരസന്നിയെ ഫലപ്രദമായി തടയാം
ഗര്‍ഭത്തിന്റെ അവസാനകാലത്തും പ്രസവിച്ചയുടനെയും പശുക്കളിലെ രക്തത്തിലെ പി.എച്ച്. മൂല്യം കുറച്ചുകൊണ്ട് ക്ഷീരസന്നി തടയുന്നതാണ് പുതിയ രീതി. പശുക്കള്‍ക്ക് നല്കുന്ന തീറ്റയില്‍ നെഗറ്റീവ് ലവണങ്ങള്‍ പോസിറ്റീവ് ലവണങ്ങളേക്കാള്‍ കൂടുതല്‍ ചേര്‍ത്തുന്നു. അങ്ങനെ ശരീരത്തിലെ എല്ലുകളെ കാത്സ്യം എടുക്കാന്‍ കഴിവുള്ളതാക്കുകയും അതോടൊപ്പം കുടലില്‍നിന്നുള്ള കാത്സ്യം ആഗിരണം കൂട്ടുകയും ചെയ്യുന്നു. പശുക്കളിലെ കാത്സ്യക്കുറവ് പരിഹരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിത്. മെഗ്‌നീഷ്യം സള്‍ഫേറ്റ്, മെഗ്‌നീഷ്യം ക്ലോറൈഡ്, അമോണിയം സള്‍ഫേറ്റ്, അമോണിയം ക്ലോറൈഡ്, കാത്സ്യം ക്ലോറൈഡ് എന്നീ പോസിറ്റീവ് ലവണങ്ങള്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം തീറ്റയില്‍ ഉള്‍പ്പെടുത്താം. ഇത്തരം ലവണങ്ങള്‍ അടങ്ങിയ മരുന്നുകളും വിപണിയില്‍ ലഭ്യമാണ്.
പ്രസവത്തിന് ഒരാഴ്ച മുമ്പുമുതല്‍ വൈറ്റമിന്‍ ഡി നല്കുന്നത് കാത്സ്യക്കുറവിനെ തടയുന്നു. ഡി ജീവകം കുടലില്‍നിന്നുള്ള കാത്സ്യം ആഗിരണത്തെ സഹായിക്കുന്നു. ജെല്‍ രൂപത്തിലുള്ള കാത്സ്യം 150 ഗ്രാം വീതം പ്രസവത്തിന് ഒരു ദിവസം മുമ്പും പ്രസവിച്ചയുടനെയും നല്‍കുന്നത് ക്ഷീരസന്നിയെ അകറ്റുന്നു. ആല്‍ഫാ ആല്‍ഫാ പോലുള്ള തീറ്റപ്പുല്ലിനങ്ങള്‍ ഗര്‍ഭത്തിന്റെ അവസാനകാലത്ത് നല്കുന്നതും കാത്സ്യലഭ്യത ഉറപ്പുവരുത്തുന്നു.