തക്കാളിയിലെ വിള്ളല്‍
Posted on: 08 Feb 2015
സുരേഷ് മുതുകുളം
കായ്ച്ച തക്കാളിയില്‍ വിള്ളല്‍ വീഴുന്നു. ഇലകള്‍ ഏതോ രോഗം ബാധിച്ചതുപോലെ ചുരുളുന്നുമുണ്ട്. ഇത് എന്തു രോഗമാണ്? പ്രതിവിധി നിര്‍ദേശിക്കാമോ?
ജി.രാമന്‍പിള്ള,രാജപുരം.
താങ്കളുടെ ചോദ്യത്തില്‍ പറഞ്ഞിരിക്കുന്ന സൂചനകളില്‍ നിന്ന് ഇത് തക്കാളിയുടെ രോഗാവസ്ഥയല്ല. 'ബോറോണ്‍' എന്ന സൂക്ഷ്മ മൂലകത്തിന്റെ അഭാവ ലക്ഷണങ്ങളാണ്. ബോറോണിന്റെ കുറവ് പരിഹരിക്കുകയാണ് ഇതിന് പ്രതിവിധി.
ചെടികള്‍ പുഷ്പിക്കുന്നതിന് മുന്‍പുതന്നെ സൊലുബോര് എന്ന ബോറേറ്റ് പൊടി 1.5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ചെടിയില്‍ തളിക്കുക. രണ്ടാഴ്ച കഴിഞ്ഞ് തളി ആവര്‍ത്തിക്കുക. കൃഷിക്ക് നിലമൊരുക്കുമ്പോള്‍ തന്നെ അടിവളമായ ചാണകപ്പൊടി, ചാരം, കുമ്മായം എന്നിവയ്ക്കൊപ്പം 5 ഗ്രാം 'ബോറോക്സ്' കൂടി തടങ്ങളില്‍ ചേര്‍ത്തു കൊടുക്കുക.
തക്കാളിയില്‍ മാത്രമല്ല മറ്റ് പഴം പച്ചക്കറികളിലും ബോറോണ്‍ അഭാവം പരിഹരിക്കാന്‍ സൊലുബോര് ശുപാര്‍ശ ചെയ്യാറുണ്ട്.