ഡോ. സി.കെ. ഷാജിബ്

അത്യുത്പാദനശേഷിയുള്ള പശുക്കളില്‍ മുന്തിയ ബീജം കുത്തിവെച്ചാലും ലഭിക്കുന്നത് മൂരിക്കിടാങ്ങള്‍ മാത്രം. നമ്മുടെ കര്‍ഷകര്‍ പലപ്പോഴും നേരിടുന്ന വലിയ പ്രശ്‌നമാണിത്. എന്നാല്‍, നല്ല പശുക്കളില്‍നിന്ന് പശുക്കുട്ടികളെ ലഭിക്കുന്നില്ല എന്ന പരാതിക്ക് പരിഹാരമാവുകയാണ്. വിദേശരാജ്യങ്ങളിലെന്നപോലെ ലിംഗം നിര്‍ണയിച്ച ബീജം കേരളത്തിലെ വിപണിയിലും എത്തുന്നു.
കേരളത്തില്‍ ലൈവ്‌സ്‌റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ് പരീക്ഷണാടിസ്ഥാനത്തില്‍ പാലക്കാട് ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ ലിംഗം നിര്‍ണയിച്ച ബീജം കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം ചെയ്യാന്‍ തുടങ്ങുകയാണ്.
പശുവിന് പിറക്കാന്‍ പോകുന്ന കുട്ടിയുടെ ലിംഗം ബീജാധാനസമയത്തുതന്നെ കര്‍ഷകര്‍ക്ക് നിര്‍ണയിക്കാം.
ബീജത്തില്‍ കാണപ്പെടുന്ന എക്‌സ്, വൈ ക്രോമസോമുകളില്‍ എക്‌സ് ക്രോമസോം പെണ്‍കുഞ്ഞിനെയും വൈ ക്രോമസോം ആണ്‍കുഞ്ഞിനെയും പ്രതിനിധാനം ചെയ്യുന്നു. അതായത് എക്‌സ് ക്രോമസോം അടങ്ങിയ ബീജം കുത്തിവെച്ചാല്‍ അത് പശുവിന്റെ അണ്ഡവുമായി സംയോജിച്ച് പെണ്‍കിടാവും മറിച്ചാണെങ്കില്‍ മൂരിക്കുട്ടന്മാരും ഉണ്ടാവുന്നു.
ലിംഗം നിര്‍ണയിച്ച ബീജം ക്ഷീരമേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകരമാവുകയാണ്. അത്യുത്പാദനശേഷിയുള്ള ബീജം ഉപയോഗിച്ച് പശുക്കുട്ടികളെ സൃഷ്ടിക്കുകയും അങ്ങനെ പാലുത്പാദനത്തില്‍ വര്‍ധനയുണ്ടാവുകയും ചെയ്യുന്നു. ഉത്പാദനം കൂടിയ പശുക്കുട്ടികളെ ലഭിക്കുമെന്നതിനാല്‍ പ്രായമേറിയവയെയും ഉത്പാദനം കുറഞ്ഞവയെയും ഒഴിവാക്കി ഫാം നടത്തിപ്പ് കൂടുതല്‍ ലാഭകരമാക്കാം. പുതിയ പശുക്കളുടെ വരവോടുകൂടിയാണ് ഫാമില്‍ സാധാരണ സാംക്രമികരോഗങ്ങള്‍ ഉണ്ടാവുന്നത്. എന്നാല്‍, ഇത്തരം ബീജത്തിന്റെ ഉപയോഗം വഴി നല്ലയിനം പശുക്കുട്ടികള്‍ ഫാമില്‍തന്നെ ഉണ്ടാവുന്നതിനാല്‍ സാംക്രമികരോഗങ്ങളെ ഒരു പരിധിവരെ തടയാനും കഴിയും. ഒരു പ്രദേശത്ത് പ്രത്യേക ജനുസ്സുകളെ സൃഷ്ടിക്കാനും അവയുടെ ഉത്പാദനക്ഷമതയും കാലാവസ്ഥാ പ്രതികരണവും പെട്ടെന്ന് മനസ്സിലാക്കാനും ലിംഗം നിര്‍ണയിച്ച ബീജം സഹായിക്കുന്നു. പാലുത്പാദനത്തില്‍ മാത്രമല്ല മാംസോത്പാദനത്തിലും ഇത്തരം ബീജങ്ങള്‍ ഉണര്‍വേകുന്നു. ഇറച്ചി ജനുസ്സുകളുടെ ബീജങ്ങള്‍ ഉപയോഗിച്ച് വേഗത്തില്‍ തൂക്കംനേടുന്ന മൂരിക്കുട്ടന്മാരെ സൃഷ്ടിക്കാനും അതുവഴി മാട്ടിറച്ചിപ്രിയര്‍ക്ക് നല്ല ഇറച്ചി നല്‍കാനും സാധിക്കുന്നു
drckshajib@gmail.com. ഫോണ്‍: 9847398353.