ഡോ. സി.കെ. ഷാജിബ്

വേണ്ടത്ര പാലുകിട്ടാത്തതാണ് പശുവളര്‍ത്തലില്‍ ഏര്‍പ്പെട്ട മിക്ക കര്‍ഷകരുടെയും പ്രശ്നം. കേരളത്തിലെ കാലാവസ്ഥയും ഇവിടത്തെ ജനുസ്സുകളുമെല്ലാം പാലുത്പാദനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണെങ്കിലും പശുക്കള്‍ക്ക് നല്കുന്ന തീറ്റയാണ് ഇതില്‍ പ്രധാനകാരണം. മേച്ചില്പുറങ്ങള് കുറവായതുകൊണ്ട് നമ്മുടെ നാട്ടിലെ പശുവളര്‍ത്തല്‍ തൊഴുത്തില്‍മാത്രം ഒതുങ്ങുന്നു.
അതുകൊണ്ടുതന്നെ തീറ്റയായി പച്ചപ്പുല്ല്, വൈക്കോല്‍ എന്നിവയും കുറേ കാലിത്തീറ്റയുമാണ് നല്കിപ്പോരുന്നത്. ഇന്ന് വിപണിയില്‍ ലഭ്യമായ തീറ്റകള്‍ മാംസ്യത്തിന്റെയും കൊഴുപ്പിന്റെയും കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെങ്കിലും ഊര്‍ജ (അന്നജം) ലഭ്യതയുടെ കാര്യത്തില്‍ വളരെ പിറകിലാണ്. ഈ ഊര്‍ജക്കുറവാണ് പശുക്കളിലെ പാലുത്പാദനക്കുറവിനും അവയുടെ മെലിച്ചിലിനും കാരണമാവുന്നത്.
പ്രസവശേഷം പാലുത്പാദനത്തിന് ഉയര്‍ന്നതോതില്‍ അന്നജം ആവശ്യമാണെന്നിരിക്കെ അത് ശരിയായ അളവില്‍ വിപണിയിലെ കാലിത്തീറ്റയില്‍നിന്ന് പശുക്കള്‍ക്ക് ലഭിക്കുന്നില്ല. മാത്രമല്ല, പ്രസവിച്ചയുടന്‍ ഗര്‍ഭപാത്രം പെട്ടെന്ന് ചുരുങ്ങാത്തതുകാരണം, ആമാശയത്തിന്റെ സൗകര്യത്തിനായി തീറ്റയെടുക്കല്‍ കുറഞ്ഞ തോതിലായിരിക്കും. എന്നാല്‍, പാലുത്പാദനം നടക്കുന്നതിനാല്‍ ഉയര്‍ന്നതോതില്‍ ഊര്‍ജത്തിന്റെ ആവശ്യകതയും വരുന്നു. കാലിത്തീറ്റയില്‍ പെട്ടെന്ന് ഊര്‍ജം ലഭിക്കുന്ന അന്നജത്തിന്റെ അളവുകുറവായതിനാല് പശുക്കള്‍ അവയുടെ ശരീരത്തിലെ കൊഴുപ്പ് ഉപയോഗിക്കുന്നു. ഇത് 'കീറ്റോസിസ്' രോഗത്തിന് കാരണമാവുകയും പാലുത്പാദനം ഗണ്യമായി കുറയുകയും ചെയ്യും. ഇതൊഴിവാക്കാന്‍ അന്നജം ധാരാളമടങ്ങിയ കഞ്ഞി, കപ്പ, ബിയര്‍വേസ്റ്റ് എന്നിവ തീറ്റയില്‍ ഉള്‍പ്പെടുത്തി പതുക്കെ ഇവയുടെ അളവുകൂട്ടാം. പരമാവധി ഒരു കിലോ അരിയുടെ കഞ്ഞിയോ രണ്ടുകിലോ കപ്പയോ ദിവസേന 1520 ലിറ്റര്‍ പാല് തരുന്ന പശുക്കള്‍ക്ക് നല്‍കാം. അന്നജം ധാരാളമടങ്ങിയ തീറ്റ ദഹനക്കേടിന് കാരണമാവുന്നതിനാല്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം അപ്പക്കാരം നല്‍കണം. അതോടൊപ്പം ദഹനത്തിന് സഹായിക്കാനായി ആമാശയത്തിലെ സൂക്ഷ്മജീവികളുടെ വളര്‍ച്ചയ്ക്കായി പ്രൊ ബയോട്ടിക് ഗുളികകളും നല്‍കാം. ഒരു കിലോ കാലിത്തീറ്റയ്ക്ക് പകരം രണ്ടുകിലോ ബിയര്‍ വേസ്റ്റ് എന്നതോതില്‍ നല്കിയാല് പശുക്കളിലെ പാലുത്പാദനം വര്‍ധിക്കുന്നു.
വൈക്കോലിന്റെ അളവുകുറച്ച് പോഷകമൂല്യമുള്ള തീറ്റപ്പുല്‍ ഇനങ്ങളായ സി.ഒ.ത്രീ, സി.ഒ. ഫോര്‍, തുമ്പൂര്‍മുഴി എന്നിവ നല്‍കുക. ഇതുമൂലം അന്നജത്തിന്റെയും കൊഴുപ്പിന്റെയും അളവ് ചെറിയരീതിയില്‍ വര്‍ധിക്കുന്നു. ബി ജീവകങ്ങള്‍ തീറ്റയില്‍ ഉള്‍പ്പെടുത്തിയാല്‍ പാലുത്പാദനം കൂടുന്നു. പ്രത്യേകിച്ചും നിയാസിന് ജീവകം ദിവസേന ആറുഗ്രാം വീതം നല്കിയാല് പാലുത്പാദന വര്‍ധനയ്ക്ക് കാരണമാവുന്നു. കാര്‍ഷികവിളകളും അവയുടെ ഉപോത്പന്നങ്ങളും ഫലപ്രദമായി ഉപയോഗിക്കുകയാണെങ്കില്‍ കാലിത്തീറ്റയുടെ വില ഭാരമായി മാറില്ല. ചക്ക, റബ്ബര്‍കുരു, കപ്പയില, വാഴ, കശുമാങ്ങ, പുളിങ്കുരു മുതലായവ ഇപ്രകാരം തീറ്റയില്‍ ഉള്‍പ്പെടുത്താം. ഇത്തരം തീറ്റകള്‍ ഉപയോഗിക്കുമ്പോള്‍ ആദ്യം ചെറിയ അളവില്‍ പരിചയപ്പെടുത്തുക. അതിനുശേഷം അളവുകൂട്ടാം. പശുക്കള്‍ക്ക് നല്കുന്ന തീറ്റയുടെ 3040 ശതമാനം വരെ ഇവ നല്‍കാം. കപ്പയില വാട്ടിയതിനുശേഷവും റബ്ബര്‍കുരു 24 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് തിളപ്പിച്ചാറിയതിനുശേഷവും നല്കിയാല് അവയിലെ വിഷാംശം പൂര്‍ണമായും നശിക്കും. (ഫോണ്‍: 9847398353)