ക്ഷീരസമൃദ്ധിക്കായി പച്ചപ്പുല്‍ അച്ചാര്‍

Posted on: 04 Jan 2015

ഡോ. എം. ഗംഗാധരന്‍ നായര്‍
പച്ചപ്പുല്‍ അച്ചാര്‍അഥവാ സൈലേജ് കന്നുകാലികള്‍ക്ക് നല്‍കിയാല്‍ പാലുത്പാദനം കൂട്ടാം. ഗ്രാമീണ കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ പറ്റുന്നതും പച്ചപ്പുല്ലിന്റെ ലഭ്യത കുറയുന്ന സമയത്ത് ഉപയോഗിക്കാന്‍ പറ്റുന്നതുമായ പച്ചപ്പുല്‍ അച്ചാര്‍ തയ്യാറാക്കുന്ന വിധം:

ആവശ്യമായ സാധനങ്ങള്‍:100 കി.ഗ്രാം പച്ചപ്പുല്ല്, കാറ്റില്‍ ഉണക്കിയെടുത്തത്. 4 കി.ഗ്രാം മൊളാസസ് (ശര്‍ക്കരമാവ്) അല്ലെങ്കില്‍ യൂറിയ. 100 ലിറ്റര്‍ വെള്ളം.

ചെറുകഷണങ്ങളായി (ഏകദേശം 23 സെന്‍റീമീറ്റര്‍) തറിച്ചെടുത്ത 100 കി. ഗ്രാം പുല്ല് ആദ്യം ഒരു പ്ലാസ്റ്റിക് ഷീറ്റില്‍ 15 സെന്‍റീമീറ്റര്‍ കനത്തില്‍ വിതറിവെക്കുക. അതിനു മുകളില്‍ 15 സെ.മീ. കനത്തില്‍ ആറര ലിറ്റര്‍ ശര്‍ക്കരമാവ് മിശ്രിതം പതിയെ തളിക്കുക. ഇതിനായി പൂന്തോട്ടം നനയ്ക്കാനായി ഉപയോഗിക്കുന്ന റോസ് കാന്‍ ഉപയോഗപ്പെടുത്താം. വീണ്ടും 15 സെ.മീറ്റര്‍ പുല്ലും അതേപോലെ ആറര ലിറ്റര്‍ മിശ്രിതവും ക്രമമായി മാറിമാറി ചേര്‍ക്കണം. അപ്പോഴപ്പോള്‍ ഇളക്കിക്കൊടുക്കുകയും നന്നായി അമര്‍ത്തി വായു പുറത്തുകളയുകയും വേണം. പച്ചപ്പുല്ല് മിശ്രിതം ചേര്‍ത്തതില്‍ വായു ഉണ്ടെങ്കില്‍ അച്ചാറിന്റെ സ്വാദും ഗുണവും കുറയും. 100 കി.ഗ്രാം പുല്ല് കഴിയുന്നതുവരെ ഇത് തുടരണം. ഇവയെ പിന്നീട് 5 കി.ഗ്രാം ഉള്‍ക്കൊള്ളുന്ന കട്ടിയുള്ള പ്‌ളാസ്റ്റിക്ക് സഞ്ചിയില്‍ അമര്‍ത്തി ഇട്ട് വായു കളഞ്ഞ് ചരട് കൊണ്ട് ബലമായി കെട്ടിവെക്കണം. പച്ചപ്പുല്ല് നിറച്ച 5 കി.ഗ്രാം സഞ്ചി തലകീഴായി ഇതേപോലെ രണ്ടാമത്തെ കട്ടിയുള്ള സഞ്ചിയില്‍ വെച്ച് വീണ്ടും ബലമായി കെട്ടണം. രണ്ടാമത്തെ സഞ്ചിയും തലകീഴായി മൂന്നാമത്തെ സഞ്ചിയില്‍ വെച്ച് വായുസഞ്ചാരം തീരെ കടക്കാത്ത വിധത്തില്‍ കെട്ടിവെച്ച് അടച്ചുറപ്പുള്ള മുറിയില്‍ സൂക്ഷിച്ചുവെക്കണം.

ഒരു മാസത്തിനുള്ളില്‍ കന്നുകാലികള്‍ക്ക് തീറ്റയ്ക്കായി നല്‍കാം. ഇവ എത്രയും കാലം അടുത്ത വേനല്‍ക്കാലം വരെ സൂക്ഷിക്കാം. ഇതുപോലെ എത്ര സഞ്ചികളും ഉണ്ടാക്കി എടുക്കാം.

ഉപയോഗത്തിനായി എടുക്കുമ്പോള്‍ ഏറ്റവും പുറമേയുള്ള മൂന്നാമത്തേതും, മധ്യത്തില്‍ ഉള്ള രണ്ടാമത്തെ ചാക്കും വീണ്ടും പച്ചപുല്ല് നിറയ്ക്കാന്‍ ഉപയോഗപ്പെടുത്താം.

ഈ രീതി ഗ്രാമീണര്‍ക്ക് വളരെ ഫലപ്രദമാണ് 198892 കാലങ്ങളില്‍ വടക്കന്‍ പാകിസ്താന്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ ആദ്യമായി പരീക്ഷിച്ച് വിജയിച്ച ഈ രീതി നമുക്കും ഉപയോഗപ്പെടുത്താം. (ഫോണ്‍ 9947452708).


Stories in this Section