ഇന്ത്യയിലെ ആട് ജനുസ്സുകള്‍

Posted on: 29 Dec 2014

ഡോ. പി.കെ. മുഹ്‌സിന്‍




ഇന്ത്യയിലെ പ്രധാന കോലാട് ജനുസ്സുകള്‍ ജംനാപാരി, ബാര്‍ബാറി, ബീറ്റല്‍, ഒസ്മാനാബാദി, മലബാരി, ജര്‍ക്കാന, സിരോഹി, അട്ടപ്പാടി ബ്‌ളാക്ക്, കണ്ണെയാട്, സൂര്‍ത്തി, വരയാട് എന്നിവയാണ്.

ജംനാപാരി:
ക്ഷീരോത്പാദനത്തിന് പേരുകേട്ട ജംനാപാരി ആടുകളെ ഉത്തര്‍പ്രദേശിലാണ് കൂടുതല്‍ കണ്ടുവരുന്നത്. സൗന്ദര്യവും ഗാംഭീര്യവുമുള്ള ജനുസ്സാണ് ഇത്. തൂവെള്ള, മഞ്ഞ കലര്‍ന്ന വെള്ള, തവിട്ട് നിറത്തിലുള്ള പുള്ളികള്‍ എന്നീ നിറങ്ങളിലാണ് പ്രധാനമായും കണ്ടുവരുന്നത്. ഇവയുടെ മൂക്കിന്റെ അസ്ഥികള്‍ വളവോടുകൂടിയതാണ്. ഇതിനെ റോമന്‍നോസ് എന്നുപറയുന്നു. നീണ്ട വീതിയുള്ള ചെവികള്‍ കഴുത്തിന് താഴെവരെ ചാഞ്ഞുകിടക്കുന്നു. കൈകാലുകള്‍ നീളം കൂടിയവയാണ്. പിന്‍കാലില്‍ ധാരാളം രോമങ്ങള്‍ കാണാം.

മുന്നൂറ് ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന കറവക്കാലം ഇതിന്റെ പ്രത്യേകതയാണ്. പരമാവധി അഞ്ച് ലിറ്റര്‍ പാലുകിട്ടും. 14 മാസം ഇടവിട്ടാണ് സാധാരണ പ്രസവിക്കാറ്. പ്രസവത്തില്‍ സാധാരണയായി ഒരു കുട്ടിയേ ഉണ്ടാവാറുള്ളൂ. നല്ല വളര്‍ച്ചയെത്തിയ മുട്ടനാടിന് 90 കിലോഗ്രാമും പെണ്ണാടിന് 60 കിലോഗ്രാമും തൂക്കം കാണും.

ബാര്‍ബാറി:
അഴിച്ചുവിട്ടും കെട്ടിയിട്ടും വളര്‍ത്താവുന്ന ഈ വര്‍ഗത്തെ ഉത്തര്‍പ്രദേശിലാണ് കൂടുതല്‍ കണ്ടുവരുന്നത്. ചെറിയമുഖം, മൂക്കിന്റെ അഗ്രം കൂര്‍ത്തിരിക്കല്‍, നീളം കുറഞ്ഞ ചെവികള്‍, കൂര്‍ത്തതും നീളം കുറഞ്ഞതുമായ കൊമ്പുകള്‍ എന്നിവ ഇവയുടെ പ്രത്യേകതകളാണ്. ആണിനും പെണ്ണിനും പിറകോട്ട് വളരുന്ന പിരിഞ്ഞ കൊമ്പുകള്‍ കാണാം. വര്‍ഷത്തിലൊരിക്കലേ പ്രസവിക്കുകയുള്ളൂ. ഒരു പ്രസവത്തില്‍ രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാകും. ശരാശരി പാലുത്പാദനം രണ്ടുലിറ്ററാണ്.

ബീറ്റല്‍:
പഞ്ചാബ്, ഹരിയാണ എന്നീ സംസ്ഥാനങ്ങളില്‍ കണ്ടുവരുന്ന ഈ ആടുകള്‍ക്ക് റോമന്‍ നോസ് കാണാം. വളഞ്ഞകൊമ്പുകള്‍ പിറകോട്ട് വളരുന്നവയാണ്. നല്ല പ്രജനന ശേഷിയുള്ള ഈ ആടുകള്‍ നല്ല പൊക്കമുള്ളവയാണ്. പെട്ടെന്നുള്ള വളര്‍ച്ചയും നല്ല ശരീരഭാരവും ഉള്ളവയായതിനാല്‍ മാംസത്തിന് വേണ്ടിയും ഇവയെ വളര്‍ത്തുന്നു. ഒരു പ്രസവത്തില്‍ ഒന്നില്‍ക്കൂടുതല്‍ കുട്ടികള്‍ ഉണ്ടായിരിക്കും. മൂന്നുലിറ്ററോളം പാലും തരുന്നു.

ഒസ്മാനബാദി:
ഇറച്ചിക്കും പാലിനും വേണ്ടി വളര്‍ത്തുന്ന ഒരിനമാണിത്. ശരീരത്തിനും കൊമ്പിനും കുളമ്പിനും കറുത്ത നിറമായിരിക്കും. കൊമ്പുള്ളവയും ഇല്ലാത്തവയും ഉണ്ടായിരിക്കും. ആദ്യപ്രസവത്തില്‍ രണ്ടും തുടര്‍ന്നുള്ള പ്രസവങ്ങളില്‍ അഞ്ചോളം കുട്ടികളും ഉണ്ടാവാറുണ്ട്. കറുത്ത നിറമായതിനാല്‍ തൊലിക്ക് കൂടുതല്‍ വില ലഭിക്കുന്നു. സ്വാദേറിയ മാംസമുള്ള ഇവയുടെ മുട്ടന് 50 കിലോഗ്രാമും പെണ്ണിന് 40 കിലോഗ്രാമും തൂക്കം കാണും.

മലബാറി:
ഈ ജനുസ്സുകള്‍ തലശ്ശേരി, വടകര, കണ്ണൂര്‍ ആട് എന്നീ പേരുകളിലും അറിയപ്പെടുന്നു. കേരളത്തിന്റേതെന്ന് പറയാവുന്ന ആദ്യത്തെ ഇനമാണിത്. കേരളത്തിലെ കാലാവസ്ഥയില്‍ ഇവ നന്നായി വളരുന്നു. വിവിധ ആട് ജനുസ്സുകളുടെ സമ്മിശ്രജനുസ്സാണ് മലബാറി. അറേബ്യന്‍, സൂര്‍ത്തി, കച്ചി, ജംനാപാരി എന്നിവയും മലബാറിലെ നാടന്‍ ആടുകളുടെയും സങ്കരമാണിവ.
മലബാറി ആടുകളെ പലനിറത്തിലും വലിപ്പത്തിലും കാണാം. കൊമ്പുള്ളവയും ഇല്ലാത്തവയും ഉണ്ട്. ഒരു പ്രസവത്തില്‍ ഒന്നിലധികം കുട്ടികള്‍ മലബാറി ആടുകള്‍ക്ക് ഉണ്ടാവാറുണ്ട്. പ്രായപൂര്‍ത്തിയായ മുട്ടനാടിന് 50 കിലോഗ്രാമും പെണ്ണിന് 30 കിലോഗ്രാമും തൂക്കം കാണും.

ജര്‍ക്കാന:
രാജസ്ഥാനില്‍ കണ്ടുവരുന്ന ഈ ആടുകളില്‍നിന്ന് പ്രതിദിനം ആറുലിറ്റര്‍വരെ പാല്‍ ലഭിക്കാറുണ്ട്. ശരാശരി ഉത്പാദനം മൂന്നരലിറ്ററാണ്. പ്രായപൂര്‍ത്തിയായ മുട്ടന് 85 കിലോഗ്രാമും പെണ്ണിന് 75 കിലോഗ്രാമും ഭാരം കാണും. രണ്ടുവര്‍ഷത്തില്‍ മൂന്ന് പ്രസവം നടക്കുന്നു. മിക്ക പ്രസവങ്ങളിലും ഇരട്ടക്കുട്ടികള്‍ കാണാം.

സിരോഹി:
ചൂട് കാലാവസ്ഥയെ ചെറുക്കാന്‍ കഴിവുള്ള ഇവയെ രാജസ്ഥാനിലെ സിരോഹി ഭാഗത്താണ് കണ്ടുവരുന്നത.് കറുപ്പ്, തവിട്ട്, വെളുപ്പ് എന്നീ നിറങ്ങളില്‍ കാണുന്നു. മാംസാവശ്യത്തിനായി വളര്‍ത്തുന്ന ഇനമാണിത്.

അട്ടപ്പാടി ബ്‌ളാക്ക്:
കറുത്ത നിറമുള്ള ഇവയെ പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ കണ്ടുവരുന്നു. പാലിനും മാംസത്തിനും ഔഷധഗുണമുണ്ടെന്ന് പറയപ്പെടുന്നു.

കണ്ണെയാട്:
മുഖ്യമായും തമിഴ്‌നാട്ടില്‍ കണ്ടുവരുന്നു. നല്ല പ്രത്യുത്പാദന ശേഷിയുള്ള ഇവയ്ക്ക് ഉയര്‍ന്ന രോഗപ്രതിരോധശക്തിയുണ്ട്.

സൂര്‍ത്തി:
വെള്ളനിറത്തിലുള്ള ഈ ആടുകള്‍ സൂറത്ത്, ബറോഡ തുടങ്ങിയ സ്ഥലങ്ങളില്‍ കണ്ടുവരുന്നു. പാലുത്പാദനം രണ്ടുലിറ്ററാണ്.

വരയാട്:
കേരളത്തിലെ വനങ്ങളില്‍ കണ്ടുവരുന്ന ഒരിനമാണിത്. നല്ല വലിപ്പമുള്ള ഇവയ്ക്ക് പൊതുവേ തവിട്ട് നിറമാണ്.


Stories in this Section