
തത്ത വര്‍ഗ്ഗത്തില്‍പ്പെട്ട ചെറിയ ഇനം പക്ഷികളെയാണ് ലൗബേര്‍ഡ്സ് അഥവാ ഓമനപക്ഷികള് എന്നറിയപ്പെടുന്നത്. ഇവയുടെ ജന്മദേശം ആഫ്രിക്കയാണ്. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ഇതിനെ യൂറോപ്പിലേക്ക് ഇറക്കുമതി ചെയ്യുകയും ഇണക്കി വളര്‍ത്തുന്നത് വ്യാപകമാക്കുകയും ചെയ്തു.
ലൗബേര്‍ഡ്സിനെ ഒരു കൂട്ടില്‍ ഒന്നിനെയും ജോഡിയായും വളര്‍ത്താം. മനുഷ്യനുമായി നന്നായി ഇണങ്ങുന്നതാണ് ഇവ.
ഒരു പക്ഷിയെ മാത്രം വളര്‍ത്തുകയാണെങ്കില്‍ ചുരുങ്ങിയത് 18 ഇഞ്ച് നീളവും വീതിയും 18 ഇഞ്ച് ഉയരവുമുള്ള കൂട് ആവശ്യമാണ്.
ഒരു ജോഡിയെയാണ് വളര്‍ത്തുന്നതെങ്കില്‍ 24 ഇഞ്ച് നീളം, 18 ഇഞ്ച് വീതി, 24 ഇഞ്ച് ഉയരവുമുള്ള കൂട് ഉണ്ടായിരിക്കണം.
കൂട് സ്ഥാപിക്കുന്നത് സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന സ്ഥലത്തോ എയര്‍കണ്ടീഷന്‍ ഫിറ്റിംഗ്സിനടിയിലോ ആയിരിക്കരുത്. വീട്ടിലുള്ളവരുടെ ശ്രദ്ധ എപ്പോഴും കിട്ടത്തക്കവിധത്തിലായിരിക്കണം കൂട് വെക്കേണ്ടത്. അതു പോലെ അടുക്കളയിലോ അടുക്കളമുറ്റത്തോ കൂട് സ്ഥാപിക്കരുത്. അടുക്കളയുടെ സമീപത്താണെങ്കില്‍ ചിലപ്പോള്‍ ചില പാത്രങ്ങളില്‍ നിന്നും, പാത്രങ്ങള്‍ കഴുകാന്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥങ്ങളില്‍ നിന്നോ ചൂടാക്കുമ്പോള്‍ ഉണ്ടാകുന്ന ടെഫ്ലോണ്‍ വിഷാംശം പക്ഷികള്‍ ശ്വസിക്കാന്‍ ഇടവരും. ഇത് മാരകമായേക്കാം. കൂടിനകത്ത് കിളികള്‍ക്ക് ഇരിക്കാനും കളിക്കാനും ചെറിയ വൃക്ഷശിഖരങ്ങള്‍ വെക്കണം. ഇവ പരുത്തതായിരിക്കരുത്. ആണെങ്കില്‍ കിളികളുടെ കാലുകള്‍ക്ക് ക്ഷതം സംഭവിക്കാം. കൂടാതെ കൂടിനകത്ത് കളിപ്പാട്ടങ്ങള്‍, ഊഞ്ഞാല്, കണ്ണാടി, ചെറിയ ഏണി എന്നിവ സജ്ജീകരിക്കാം. കുടിക്കാനുള്ള വെള്ളവും തീറ്റയും സൗകര്യത്തില്‍ കിട്ടത്തക്കവണ്ണം സ്ഥാപിക്കണം.
കൂടിനകത്ത് താഴ്ഭാഗത്ത് കടലാസ് വിരിക്കണം. ഇതില്‍ പൂഴി. ചെറിയ കല്ലുകള്‍, കരിക്കട്ടകള്‍ എന്നിവയിട്ട് മൂടുന്നത് നല്ലത്. ഇവയുടെ കാഷ്ടങ്ങള്‍ യഥാസമയം നീക്കണം. കൂടിന്റെ താഴെയും പരിസരവും വൃത്തിയായി സൂക്ഷിക്കണം. 3.8 ലിറ്റര്‍ വെള്ളത്തില്‍ 11 .8 മില്ലീലിറ്റര്‍ ലൈസോള്‍ പോലുള്ള ലോഷന്‍ ഒഴിച്ച ലായനിയില്‍ കഴുകണം. കൂടിനകത്തെ പാത്രങ്ങള്‍ ദിവസവും കഴുകണം. കൂടിന് പുറത്ത് കുളിക്കുവാനായി പാത്രത്തില്‍ വെള്ളം വെക്കണം. ഇത് വൈകീട്ട് 4 മണിക്ക് എടുത്ത് മാറ്റണം. രാത്രിയില്‍ നനവില്ലാതെ ആയിരിക്കണം ഇവ ഉറങ്ങേണ്ടത്. 10-12 മണിക്കൂര്‍ ഉറക്കം ഇവയ്ക്ക് ആവശ്യമാണ്.
കൂട്ടിനുള്ളില്‍ മുകളിലായി ഒരു മൂലയില്‍ മുട്ട ഇടുന്നതിനായി നെസ്റ്റ് ബോക്സ് ഒരുക്കണം. ഇതിന് 6 ഇഞ്ച് നീളം 6 ഇഞ്ച് വീതി 8 ഇഞ്ച് ഉയരവും ഉണ്ടായിരിക്കണം.
ലൗബേര്‍ഡ്സിന് ഒരു വയസാകുമ്പോള്‍ പ്രായപൂര്‍ത്തിയാകും. കൊല്ലത്തില്‍ മൂന്ന് തവണയായാണ് മുട്ടകൡടുന്നത്. ഒറ്റതവണം 4-8 മുട്ടകള്‍ വരെ ഇവ ഇടുന്നു. ഒന്നോ രണ്ടോ ദിവസം ഇടവിട്ടാണ് മുട്ടയിടുന്നത്.
രണ്ടോ മൂന്നോ മുട്ടയിട്ടുകഴിഞ്ഞത് ഇവ അടയിരിക്കാന്‍ തുടങ്ങും മുട്ടവിരിയാന്‍ 21-23 ദിവസം വേണം. കുട്ടികളെ 30-35 ദിവസം കഴിഞ്ഞാല്‍ തള്ള കിളിയില്‍ നിന്ന് വേര്‍പ്പെടുത്തണം.
കുഞ്ഞുങ്ങള്‍ക്ക് ചെറിയ ധാന്യങ്ങള്‍ തീറ്റയായി നല്‍കാം
ഒരു ടീസ്പൂണ്‍ തേന്‍ ഒരു കപ്പ് ചൂട് പാലില്‍ ഒഴിച്ച് അതില്‍ മുട്ടയുടെ മഞ്ഞ നന്നായി അടിച്ച് ഒഴിക്കണം. ഇതില്‍ ഒരു നുള്ള് ഉപ്പ് ചേര്‍ത്ത് ചെറുതായി ചൂടാറുന്നതുവരെ മാറ്റിവെക്കണം. ഈ മിശ്രിതം ഇവയ്ക്ക് തീറ്റയായും കൊടുക്കാം. ഇത് അധികസമയം സൂക്ഷിച്ച് വെക്കരുത്.
ലൗ ബേര്‍ഡ്സിനെ ഒറ്റയ്ക്ക് വളര്‍ത്തുകയാണെങ്കില്‍ ഇവ വീട്ടുകാരോട് കൂടുതല്‍ സ്നേഹം കാണിക്കും. ദിവസം പല സമയത്തും ഉള്ളം കൈയില്‍ എടുത്ത് താലോലിക്കുകയാണെങ്കില്‍ പെട്ടെന്ന് അടുപ്പം കാണിക്കും. ഇരട്ടകളെ വളര്‍ത്തുകയാണെങ്കില്‍ ഇവ തമ്മില്‍ ആയിരിക്കും കൂടുതല്‍ സ്നേഹബന്ധം. ഒരു കൂട്ടില്‍ ഒരു ജോഡി കിളികള്‍ ഉണ്ടെങ്കില്‍ വേറൊരു ജോഡിയെ ഈ കൂട്ടിനകത്ത് പ്രവേശിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം കൂടിന്റെ ആധിപത്യം സ്ഥാപിക്കല്‍ ഇവയുടെ ശീലമാണ്.