ഗ്രോബാഗില്‍ മണ്ണ് നിറയ്ക്കുന്ന രീതി

Posted on: 22 Dec 2014

വീണാറാണി ആര്‍.
ഗ്രോബാഗ് പച്ചക്കറികൃഷി നാട്ടില്‍ വ്യാപകമായിക്കഴിഞ്ഞു. ടെറസിലും മുറ്റത്തും ഗ്രോബാഗ് നിരന്നുവെങ്കിലും പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ പലര്‍ക്കും സാധിച്ചില്ല. വെയിലും നനയും ഒത്തുവന്നിട്ടും ഗ്രോബാഗ് കൃഷി പരാജയപ്പെടാനുള്ള പ്രധാനകാരണം മണ്ണുതന്നെ. ഗ്രോബാഗില്‍ നിറയ്ക്കുന്ന മണ്ണിന് ഗുണമില്ലെങ്കില്‍ കീടരോഗബാധയ്ക്കും ഉത്പാദകക്കുറവിനും കാരണമാകും.

മണ്ണ് നന്നാക്കാന്‍ എളുപ്പവഴികളുണ്ട്. മണ്ണില്‍ സൂര്യതാപം ഏല്പിച്ച് സസ്യരോഗങ്ങളെ നിയന്ത്രിക്കുന്നതാണ് ആദ്യപടി. ഇതിനായി കിളച്ചെടുത്ത മണ്ണ് നേര്‍ത്ത നനവില്‍ നിരപ്പാക്കണം. നല്ല വെയിലുള്ള സ്ഥലമാണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്. ഇനി മണ്ണിനുമുകളില്‍ പോളിത്തീന്‍ ഷീറ്റ് വിരിക്കണം. 100-150 ഗേജ് കട്ടിയുള്ള പോളിത്തീന്‍ ഷീറ്റാണ് ഉത്തമം. പോളിത്തീന്‍ ഷീറ്റ് മണ്ണില്‍ നല്ലവണ്ണം ചേര്‍ന്ന് ഉറച്ചിരിക്കാനായി അരികുകളില്‍ അല്പം മണ്ണ് ഇട്ടുകൊടുക്കണം. ഈ അവസ്ഥയില്‍ മണ്ണിന്റെ ചൂട് 50-55 വരെയാകുകയും രോഗകാരികളായ കുമിളുകള്‍ നശിക്കുകയും ചെയ്യും. ഒന്നരമാസംവരെ താപീകരിച്ച മണ്ണാണ് ഗ്രോബാഗ് കൃഷിക്ക് അത്യുത്തമം.

മണ്ണിന് പുളിരസമുള്ളതിനാല്‍ ഒരുപിടി കുമ്മായം ഓരോ ഗ്രോബാഗിലും ചേര്‍ക്കണം. നനച്ച മണ്ണില്‍ കുമ്മായമിട്ട് ഇളക്കിച്ചേര്‍ത്താലേ ഗുണമുള്ളൂ. ഇനി ജൈവവളത്തിന്റെ ഊഴമാണ്. നമുക്കുതന്നെ തയ്യാറാക്കാവുന്ന മണ്ണിരക്കമ്പോസ്‌റ്റോ കളവളമോ ജൈവവള കമ്പോസ്‌റ്റോ ആട്ടിന്‍കാഷ്ഠമോ ചാണകപ്പൊടിയോ ഇതിനായി ഉപയോഗിക്കാം. ഉപയോഗിക്കുന്ന ജൈവവളത്തില്‍ 100 കിലോഗ്രാമിന് ഒരു കിലോഗ്രാം എന്ന കണക്കില്‍ ട്രൈക്കോഡര്‍മ ചേര്‍ക്കുന്നത് ഗ്രോബാഗില്‍ നിറയ്ക്കുന്ന പോട്ടിങ് മിശ്രിതത്തിന്റെ ഗുണം കൂട്ടും.


Stories in this Section