നന്മ നിറഞ്ഞ വാഴത്തോട്ടം
Posted on: 07 Dec 2014
പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയിലെ പ്രമുഖ കര്‍ഷകനായ ഗോവിന്ദന്‍മാഷിന്റെ വാഴക്കുലകള്‍ക്ക് മേന്മ ഏറെ. യാതൊരു കേടുമില്ലാത്ത കുലകളാണ് മാഷ് എന്നും വിളവെടുക്കുന്നത്. നട്ട വാഴ ഒന്നൊഴിയാതെ വിളവെടുക്കാന്‍ സാധിക്കുന്നത് തീര്‍ത്തും അസാധ്യമാണെന്നത് ഗോവിന്ദന് മാഷിന്റെ നാളിതുവരെയുള്ള അനുഭവം. വാഴത്തോട്ടത്തെ പൂര്‍ണമായും സംരക്ഷിച്ചത് 'നന്മ'യെന്ന മരച്ചീനി കീടനാശിനിയാണെന്ന് ഗോവിന്ദന്മാഷ് പറയുന്നു. തിരുവനന്തപുരം ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം മരച്ചീനി ഇലയില്‍നിന്ന് വേര്‍തിരിച്ചെടുത്ത നന്മ വാഴക്കൃഷിക്കാരുടെ അനുഗ്രഹമായിക്കഴിഞ്ഞു.
വാഴക്കൃഷിയിലെ ഏറ്റവും വലിയ ഭീഷണിയാണ് പിണ്ടിപ്പുഴു അഥവാ തടതുരപ്പന്‍ പുഴു. വാഴ നട്ട് നാലാംമാസം മുതല്‍ ഇത് ചെടിയെ ആക്രമിക്കുന്നു. പെണ് വണ്ടുകള്‍ വാഴത്തടയില്‍ കുത്തുകളുണ്ടാക്കി പോളകള്‍ക്കുള്ളിലെ വായു അറകളില്‍ മുട്ടകള്‍ നിക്ഷേപിക്കുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന തടിച്ച പുഴുക്കള്‍ വാഴത്തടയുടെ ഉള്‍ഭാഗം കാര്‍ന്നുതിന്നുന്നു. ഫലം ആദ്യഘട്ടത്തില്‍ വാഴക്കൈ കുത്തനെ തൂങ്ങും. തുടര്‍ന്ന് വാഴ തന്നെ ഒടിഞ്ഞുവീഴും.
കുല വെട്ടിയെടുത്ത വാഴകളുടെ തടകള്‍ നശിപ്പിച്ച് കളയുന്നതും വാഴയിലെ ഉണങ്ങിത്തൂങ്ങി നില്ക്കുന്ന ഇലകള്‍ വെട്ടിമാറ്റേണ്ടതും പിണ്ടിപ്പുഴു നിയന്ത്രണത്തിലെ ഒന്നാംഘട്ടമാണ്. കീടബാധ രൂക്ഷമായ ചെടികള്‍ മാണമുള്‍പ്പെടെ വെട്ടിമാറ്റി തീയിട്ട് നശിപ്പിക്കണം. മണ്ണ് ചെളിയാക്കി ഒരു ലിറ്ററിന് 30 മില്ലി വേപ്പെണ്ണ കൂട്ടിക്കലര്‍ത്തി വാഴത്തടയ്ക്ക് ചുറ്റും പൂശുന്നത് പ്രതിരോധ നടപടിയിലെ രണ്ടാംഘട്ടം. ചാരവും കറിയുപ്പും വെള്ളത്തില്‍ കലക്കി തടയില്‍ പുരട്ടുന്നത് കര്‍ഷകര്‍ പിണ്ടിപ്പുഴുവിനെ വരുതിയിലാക്കാന്‍ സ്വീകരിക്കുന്ന ചെലവു കുറഞ്ഞ മാര്‍ഗമാണ്.
ഏറ്റവും എളുപ്പത്തില്‍ പ്രയോഗിക്കാവുന്നതും നൂറ് ശതമാനം സുരക്ഷിതവുമായ ജൈവനിയന്ത്രണ ഉപാധിയാണ് 'നന്മ'. വാഴ നട്ട് നാലു മാസമാകുമ്പോള്ത്തന്നെ ആദ്യ ഡോസ് നല്‍കാം. ഒരു മാസം കഴിഞ്ഞാല്‍ ഒന്നുകൂടി നല്കിയാല് തടതുരപ്പന്റെ പീഡനത്തില്‍നിന്ന് വാഴയെ രക്ഷിക്കാം.
പ്രോട്ടീനും പോഷകമൂലകങ്ങളും ധാരാളമുണ്ടെങ്കിലും മരച്ചീനിയിലയിലെ വിഷാംശം കന്നുകാലിത്തീറ്റയില്പ്പോലും ഉള്‍പ്പെടുത്താതിരിക്കാന്‍ കാരണമാകുന്നു. മരച്ചീനിയുടെ ഇളംതണ്ടുകളില്നിന്നും ഇലകളില്‍നിന്നും കര്‍ഷകര്‍ വിഷാംശമെന്നും 'കട്ട്' എന്നും വിളിക്കുന്ന 'ബയോ ആക്ടീവ് തന്മാത്ര' വേര്‍തിരിച്ചെടുത്താണ് നന്മ ഉണ്ടാക്കുന്നത്. ഒരു കിലോഗ്രാം ഇലയില്‍നിന്നും എട്ട് ലിറ്റര്‍ വരെ 'നന്മ'യെടുക്കാം. നന്മ എടുത്തുകഴിഞ്ഞാല്‍ മരച്ചീനിയില കാലിത്തീറ്റയാക്കാം. നന്മയിലെ എന്‍സൈമാണ് തടതുരപ്പന്‍ പുഴുവിന്റെ കഥ കഴിക്കുന്നത്.
വാഴയ്ക്ക് 4 മാസമായപ്പോഴായിരുന്നു ആദ്യ നന്മ പ്രയോഗം. 5 മില്ലി നന്മ 100 മില്ലി വെള്ളത്തില്‍ കലക്കി പുറംഭാഗത്തെ 4 വാഴക്കവിളില്‍ ഒഴിച്ചുകൊടുത്തു. അഞ്ചാം മാസത്തില്‍ ഒരു വട്ടംകൂടി നന്മ പ്രയോഗിച്ചു. 275 രൂപയ്ക്ക് വാങ്ങിയ അര ലിറ്റര്‍ നന്മയാണ് ഗോവിന്ദന് മാഷിന്റെ വാഴക്കൃഷി വിജയത്തിന് പിന്തുണയായത്.
ഗോവിന്ദന്‍മാസ്റ്റര്‍ ഫോണ്‍: 9446435474.
വീണാ റാണി ആര്