ഡോ. പി.കെ. മുഹ്സിന്
പശുപരിപാലനം നഷ്ടമാണെന്ന് മുറവിളി കൂട്ടുന്ന അവസരത്തിലിതാ കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം മുല്ലേരിക്കുന്നുമ്മല്‍ ജയന് വിജയകരമായി ഡെയറിഫാം നടത്തി മാതൃക കാട്ടുന്നു.
പശുപരിപാലനത്തിലെ കൃത്യനിഷ്ഠയാണ് ജയന്റെ വിജയത്തിന് കാരണം. കൃത്യമായ ടൈംടേബിള്‍ അനുസരിച്ചാണ് ഇവയെ വളര്‍ത്തുന്നത്.
പ്രീഡിഗ്രി പൂര്‍ത്തിയാക്കി 2001ലാണ് ഈ സംരഭത്തിലേക്കിറങ്ങിയത്. ഇടക്കാലത്ത് ബസ്സിലെ കണ്ടക്ടറായി ജോലി ചെയ്തു. പക്ഷേ, തനിക്ക് കൂടുതല്‍ യോജിച്ച ജോലി പശുപരിപാലനമാണെന്ന് ജയന് തിരിച്ചറിഞ്ഞു. അമ്മയുടെ പേരിലുള്ള മൂന്ന് ഏക്കര്‍ സ്ഥലത്ത് ഉറപ്പുള്ള ചെങ്കല്ല് സുലഭമായിരുന്നു. ഇത് യന്ത്രം ഉപയോഗിച്ച് വെട്ടിയെടുക്കാന്‍ കൊടുത്ത വകയില്‍ കുറച്ച് തുക ലഭിച്ചു. ഈ തുക ഉപയോഗിച്ചാണ് 'ഗോവിന്ദ് െഡയറി ഫാം' തുടങ്ങിയത്.
2007ല്‍ മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതിപ്രകാരം ഒരു പശു രണ്ടാട് ഏതാനും കോഴികള്‍ എന്നിവ ലഭിച്ചു. ഇത് ഏറെ ലാഭകരമായി നടത്തിയപ്പോഴാണ് ക്ഷീരവികസന വകുപ്പ് തൊഴുത്ത് പണിയാന്‍ 25,000 രൂപ സബ്സിഡി നല്‍കിയത്. ഇതോടൊപ്പം കുറേ പശുക്കളെയും വാങ്ങി. നിലവില്‍ 24 കറവപ്പശുക്കള്‍, 8 കിടാരികള്‍ 9 കന്നുകുട്ടികള് എന്നിവയാണ് ഗോവിന്ദ് ഡെയറി ഫാമിലുള്ളത്.
201213ല്‍ ഡെയറി ഡെവലപ്മെന്റ് ഡിപ്പാര്‍ട്ടുമെന്റ് ഇവിടെ ഫാം ഫീല്‍ഡ് സ്കൂള്‍ അനുവദിച്ചു. നാല് ലക്ഷം രൂപ ചെലവഴിച്ച് പരിശീലനകേന്ദ്രം, സ്പ്രിങ്ക്ലൂ, സ്ലറിപമ്പ്, പുല്ലു മുറിക്കുന്ന യന്ത്രം, ബയോഗ്യാസ് പ്ലാന്റ് എന്നിവ സ്ഥാപിച്ചു.
ദിനംപ്രതി ശരാശരി 260 ലിറ്ററില്ക്കൂടുതല് പാല് കിട്ടുന്നുണ്ട്. ഇതില്‍ 220 ലിറ്റര്‍ ചാത്തമംഗലം ക്ഷീരോത്പാദക സംഘത്തില്‍ കൊടുക്കും. പ്രാദേശികമായും പാല് വില്‍ക്കുന്നുണ്ട്. പാല് വില്‍ക്കുന്ന വകയില്‍ ദിവസം 8000 രൂപ ലഭിക്കുന്നുണ്ട്. കൂടാതെ വര്‍ഷത്തില്‍ 60,000 രൂപയുടെ ചാണകം വില്‍ക്കുന്നുണ്ട്.
രാവിലെ നാലുമണിക്ക് ചാണകം ഒഴിവാക്കി പശുക്കളെ കുളിപ്പിക്കലാണ് പ്രാരംഭ ജോലി. ഇതോടൊപ്പം ആലയും വൃത്തിയാക്കും. കറവയ്ക്ക് മുമ്പായി കാലിത്തിറ്റ കുതിര്‍ത്തു കൊടുക്കും.
5.30 മുതല്‍ 6.45 വരെയാണ് കറവ. കറവയന്ത്രം ഉപേയാഗിച്ചാണ് കറവ. 7.15ന് വൈക്കോലും തീറ്റപ്പുല്ലും കൂടി 10 കിലോഗ്രാം ഓരോ പശുവിനും കൊടുക്കുന്നു. 9 മണിക്ക് തൊഴുത്ത് വീണ്ടും വൃത്തിയാക്കും. 11 മണിക്കും 12.30നും പശുക്കളുടെ ശരീരം തണുപ്പിക്കാനായി വെള്ളംഅടിക്കുന്നു. ചാണകം ഒഴിവാക്കുകയും ചെയ്യുന്നു. 1.30നാണ് ബാക്കി ഖരാഹാരം കൊടുക്കുന്നത്. ഇതില്‍ ധാതു ലവണ മിശ്രിതം ചേര്‍ക്കുന്നു. 2.30ന് രണ്ടാമത്തെ കറവ തുടങ്ങും. 4.30ന് ബാക്കിയുള്ള തീറ്റപ്പുല്ലും വൈയ്ക്കോലും നല്‍കും.
കുടിക്കാനുള്ള ശുദ്ധജലം പശുക്കളുടെ മുമ്പില്‍ സദാസമയവും സജ്ജമായിരിക്കും. പശുക്കളെ തീരേ പുറത്ത് വിടാറില്ല. കോണ്‍ക്രീറ്റിട്ട നിലത്ത് റബ്ബര്‍മാറ്റ് വിരിച്ചിട്ടുണ്ട്. ഫോണ്‍: 9946557408, 9400888223