വഴുതനയ്ക്ക് ജൈവ കീടനാശിനി
Posted on: 28 Sep 2014
വഴുതനവര്‍ഗ പച്ചക്കറികളായ മുളക്, തക്കാളി തുടങ്ങിയവയെ പലതരം കീടങ്ങള്‍ ആക്രമിക്കാറുണ്ട്. ഇവയെ തുരത്താന്‍ രണ്ട് ജൈവകീടനാശിനികള്‍ ഉണ്ടാക്കാനുള്ള രീതി.
സീതപ്പഴത്തിന്റെ (ആത്ത) ഒന്നരക്കിലോഗ്രാം ഇല നന്നായി ചതച്ച് അതില്‍ 200 മില്ലി വെള്ളം ചേര്‍ത്ത് അരയ്ക്കുക. ഒരുകിലോ വേപ്പിന്‍കുരു ചതച്ച് രണ്ട് ലിറ്റര്‍ വെള്ളത്തില്‍ ഒരു രാത്രി ഇട്ടുവെച്ചശേഷം ലായനി അരിച്ചുമാറ്റണം.
500 ഗ്രാം വറ്റല്‍ മുളക് ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു രാത്രി ഇട്ടുവെച്ചശേഷം അരിച്ച് ലായനി വേര്‍തിരിക്കുക. ഇവ മൂന്നും നന്നായി ഇളക്കി ച്ചേര്‍ത്ത് 10 ലിറ്റര്‍ വെള്ളം ചേര്‍ത്തു തളിച്ചാല്‍ വഴുതനവര്‍ഗ പച്ചക്കറികളിലെ മിക്ക കീടങ്ങളും ഇലചുരുളലും മാറും.
കറ്റാര്‍വാഴ, തുളസി, വേപ്പ്, കടലാടി, ആടുതീണ്ടാപ്പാല എന്നിവയുടെ ഇല അരക്കിലോ വീതമെടുത്ത് അഞ്ച്ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് വറ്റിച്ച് കഷായമാക്കി 100 മില്ലി കഷായം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന അളവില്‍ നേര്‍പ്പിച്ച് തളിക്കുന്നതും രോഗകീടങ്ങളെ അകറ്റും.
ജി.എസ്. ഉണ്ണികൃഷ്ണന് നായര്‍