പന്നിക്കുട്ടികളുടെ തീറ്റക്രമം
Posted on: 31 Aug 2014
ഡോ. ടി.പി. സേതുമാധവന്
പന്നിക്കുട്ടികളുടെ തീറ്റക്രമം വ്യക്തമാക്കാമോ?
-പീതാംബരന് സി. കോട്ടയം
പന്നിക്കുട്ടികള്‍ക്ക് നല്കുന്ന എളുപ്പം ദഹിക്കുന്ന പോഷകഗുണങ്ങളോടുകൂടിയ സമീകൃതാഹാരമാണ് ക്രീപ് റേഷന്‍. ഇതില്‍ 20 ശതമാനം മാംസ്യം ഉണ്ടായിരിക്കും. ജനിച്ച് 10 ദിവസത്തിനുശേഷം ഇത് നല്കിത്തുടങ്ങാം. ആദ്യത്തെ രണ്ടുമാസം ഈ തീറ്റയാണ് നല്‍കേണ്ടത്. താഴെ കൊടുത്തിരിക്കുന്ന ചേരുവകള്‍ നിശ്ചിത അനുപാതത്തില്‍ ചേര്‍ത്ത് ക്രീപ് തീറ്റ നല്‍കാം.
ചോളം 70 ശതമാനം, കടലപ്പിണ്ണാക്ക് 20 ശതമാനം, ഉണക്കമീന്‍ 7.5 ശതമാനം, ഉപ്പ് 0.5 ശതമാനം, ധാതുലവണ മിശ്രിതം 2.0 ശതമാനം. വിറ്റാമിന്‍ അടങ്ങിയ എ, ബി, ഡി മിശ്രിതം 10-15 ഗ്രാം 100 കിലോ തീറ്റയില്‍ ചേര്‍ക്കണം. ആദ്യത്തെ മാസം ദിവസേന 150 ഗ്രാം തീറ്റ പന്നിക്കുട്ടിക്ക് നല്‍കണം. തുടര്‍ന്ന് 4-8 ആഴ്ചക്കാലത്ത് ഓരോ പന്നിക്കുട്ടിക്കും 500 ഗ്രാം തീറ്റവെച്ച് നല്‍കണം.
പന്നിക്കുട്ടികള്‍ക്ക് ഭക്ഷ്യാവശിഷ്ടങ്ങള്‍ നല്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?
-ജോസ് മാത്യു, ഇരിട്ടി
ഇറച്ചിക്കുവേണ്ടി വളര്‍ത്തുന്ന പന്നിക്കുഞ്ഞുങ്ങള്‍ക്ക് മൂന്നുമാസം പ്രായം വരെ സമീകൃതാഹാരം നല്‍കാം. മൂന്നു മാസത്തിനുശേഷം ഭക്ഷണാവശിഷ്ടങ്ങള്‍ (ഹോട്ടല്‍/അടുക്കള, കശാപ്പുശാലയില്‍നിന്നുള്ള ഇറച്ചിക്കോഴിയുടെ വേസ്റ്റുകള്‍) മുതലായവ നല്‍കാം. തൂവല്‍ ഒഴിവാക്കണം. വളരെ പഴകിയ ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കണം. വിറ്റാമിന്‍, ധാതുലവണ മിശ്രിതം പന്നിയൊന്നിന് 20 ഗ്രാം എന്ന തോതില്‍ ദിവസേന നല്‍കണം. പ്രജനനത്തിനുവേണ്ടി വളര്‍ത്തുന്ന പന്നികള്‍ക്ക് ഭക്ഷ്യാവശിഷ്ടങ്ങള്‍ തീറ്റയായി നല്‍കരുത്. ഇവയ്ക്ക് സമീകൃത പന്നിത്തീറ്റ ദിവസേന 2.5-3 കിലോഗ്രാം എന്നതോതില്‍ നല്‍കണം. നല്ലയിനം പച്ചപ്പുല്ല് കുറച്ച് നല്‍കുന്നത് ദഹനപ്രക്രിയ എളുപ്പമാക്കാനും പ്രത്യുത്പാദനം ത്വരപ്പെടുത്താനും ഉപകരിക്കും.