കണ്ണൂര്‍ ജില്ലയില്‍ മാലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കുണ്ടേരിപൊയില്‍ നവഹരിത സ്വയംസഹായ സംഘത്തിന്റെ മഴക്കാല പച്ചക്കറിത്തോട്ടം ആരെയും ആകര്‍ഷിക്കും.
തരിശ്ശായി കിടന്ന പതിനൊന്ന് ഏക്കര്‍ മലഞ്ചെരിവുകള്‍ ഇപ്പോള്‍ നിറയെ ജൈവപച്ചക്കറി കൃഷിയാണ്. കുടുംബകൃഷി വര്‍ഷത്തില്‍ പാറാലി പവനന്റെയും കെ. പ്രമോദിന്റെയും പി. മധുസൂദനന്റെയും കുടുംബാംഗങ്ങളായ പതിനഞ്ചുപേര്‍ ഒത്തു ചേര്‍ന്നാണ് കൃഷി പരിപാലിക്കുന്നത്. വര്‍ഷങ്ങളായി തരിശ്ശായി കിടന്ന ഈ ഭൂമി നല്ല വളക്കൂറുള്ളതും നല്ല സൂര്യപ്രകാശം കിട്ടുന്നതുമാണ്.
അടിവളമായി കോഴിവളവും ഉണക്ക ചാണകപ്പൊടിയുമാണ് ഉപയോഗിച്ചത്. കൃഷിമന്ത്രി കെ.പി. മോഹനനാണ് കൃഷിത്തോട്ടത്തിന്റെ വിത്തിടല്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. സങ്കരവിത്തിനങ്ങളും അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങളും മാത്രമാണിവിടെ കൃഷി ചെയ്തിരിക്കുന്നത്. വെള്ളരി, കുമ്പളം, മത്തന്‍, ചീര, വെണ്ട, മുളക് എന്നീ പന്തല്രഹിത ഇനങ്ങള്‍ ഒരു വശത്തും താലോലി, പാവല്‍, പയര്‍ തുടങ്ങിയ പന്തല്‍ ഇനങ്ങള്‍ മറുവശത്തുമായി കൃഷിവകുപ്പ് ശുപാര്‍ശയനുസരിച്ചുള്ള അകലം നല്‍കിയാണ് തൈകള്‍ നട്ടത്.
നന്നായി പരിപാലിക്കപ്പെട്ട തോട്ടം വളര്‍ന്നു പടര്‍ന്നു പന്തലിച്ച് കായിട്ടു തുടങ്ങിയിരിക്കുന്നു. രോഗങ്ങള്‍ ഒന്നും തന്നെ വിളയെ ഇതുവരെ ബാധിച്ചിട്ടില്ല. കൃഷിമന്ത്രി തന്നെ വിളവെടുപ്പ് ഉദ്ഘാടനത്തിനായി സപ്തംബര്‍ 14ന് ഈ തോട്ടത്തിലെത്തും. അഞ്ചു ലക്ഷത്തോളം രൂപ ഇതിനകം കൃഷിക്കായി ചെലവഴിച്ചതായി സംഘാംഗങ്ങള്‍ പറയുന്നു. വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നാണ് ഈ തുക കണ്ടെത്തിയത്. എഴുപത് ടണ്‍ പച്ചക്കറിയാണ് ഉത്പാദനലക്ഷ്യമെന്നും തരിശ്നില കൃഷി പദ്ധതിയനുസരിച്ചുള്ള സഹായധനം ഈ തോട്ടത്തിന് ലഭ്യമാക്കുമെന്നും കൃഷി ഓഫീസര്‍ പി.എന്‍. ശ്രീനിവാസന് പറഞ്ഞു.ഒട്ടേറെ കൃഷിക്കാരും വിദ്യാര്‍ഥികളും തോട്ടം സന്ദര്‍ശിക്കുന്നുണ്ട്.