ഡോ. ഡി. ഷൈന്‍കുമാര്‍
തൃശ്ശൂര്‍ കടവല്ലൂര്‍ മാനാങ്കണ്ടത്ത് ആലിക്കുട്ടി ഹാജിയുടെ ഒരേയൊരു മകന് മുഹമ്മദ് മികച്ച കര്‍ഷകനുള്ള കര്‍ഷകോത്തമ അവാര്‍ഡിനര്‍ഹനായി. സംസ്ഥാന കൃഷിവകുപ്പിന്റെ ഒരു ലക്ഷം രൂപയും സ്വര്‍ണമെഡലും ഏറ്റുവാങ്ങുമ്പോള്‍ അത് മൂന്ന് പതിറ്റാണ്ട് കാലത്തെ കൃഷിസപര്യയുടെ വിയര്പ്പുമണികള്ക്കുള്ള തിളങ്ങുന്ന അംഗീകാരം കൂടിയാണ്.
പതിമ്മൂന്ന് ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന മുഹമ്മദിന്റെ കൃഷിപ്പറമ്പ് ഒരു 70 എം.എം. സിനിമാസ്കോപ്പ് ചിത്രംപോലെ തോന്നും. ഏഴേക്കറില്‍ കതിര്‍ചൂടി നില്ക്കുന്ന ഉമ നെല്ലിന്റെ വയല്ച്ചൂര് പറമ്പിലെത്തുമ്പോഴേ അറിയാം. വിളവിന് കൂട്ടായി പൂര്‍ണമായും ജൈവവളം, ഒപ്പം തരാതരംപോലെ കുമ്മായവും ചേരുമ്പോള്‍ ഏഴേക്കറില്നിന്ന് നാലാംമാസം 20 ടണ്ണോളം കൊയ്യും. കൊയ്ത്ത് കഴിഞ്ഞാല്‍പ്പിന്നെ പച്ചക്കറികളുടെ മേളം. കുമ്പളവും വെള്ളരിയും ഭൂമിക്ക് പാദസരമായി പടരും. അതിന് കുടചൂടാന്‍ പാവലും പടവലവും പന്തലില്‍ തോരണമായി നിരന്നുകിടക്കും. പച്ചക്കറികളുടെ വിളവിനൊടുവില് ഒരു മാസം പാടത്തേക്ക് പൈക്കളും ആടും കോഴിയുമൊക്കെ വിരാജിക്കും. പാടം ജൈവ വളത്താല്‍ സമ്പുഷ്ടമായാല്‍ വീണ്ടും നെല്‍കൃഷി. ഇതാണ് മുഹമ്മദ് ടച്ച്.
പൈക്കള്‍ പതിനെട്ടോളമുണ്ട്. എല്ലാം സങ്കരയിനം. ഒന്നാന്തരം തൊഴുത്ത്. റബ്ബര്‍മാറ്റും ഫാനും ഉയര്‍ന്ന വായുപ്രവാഹവും ചേര്‍ന്ന മനോഹരമായ ഇടം. പൈക്കളെ കൊടുംചൂടില്‍ കുളിരണിയിക്കാന്‍ മഞ്ഞുകണങ്ങള്‍ പൊഴിക്കുന്ന ഫോഗര്‍. തീറ്റ സമൃദ്ധമാക്കാന്‍ ഒന്നരയേക്കറില്‍ പുല്‍കൃഷി. പൈക്കള്‍ക്ക് കൂട്ടായി നാല്പതോളം ആടുകള്‍.
അഞ്ഞൂറോളം വരും തെങ്ങുകള്‍. ഒരു തെങ്ങില്‍നിന്ന് കുറഞ്ഞത് 100 നാളികേരം. തെങ്ങില്‍ തിരിതെറുത്ത് പടരുന്ന കുരുമുളക് വള്ളികള്‍, ഞാലിപ്പൂവനും റോബസ്റ്റയുമായി 1000 തടങ്ങളില്‍ വാഴ, 100 ജാതി, ഒഴിഞ്ഞകോണില്‍ 20 സെന്റോളം വരുന്ന കുളത്തില്‍ നിറയെ രോഹുവും കട്ലയും നട്ടറും മത്സ്യങ്ങള്‍, കുളത്തിന് ചൈതന്യം നല്കാന് നൂറോളം കുട്ടനാടന്‍ താറാവുകള്‍. വിഗോവയും വാത്തയും വേറെ.
കൃഷിവിജയത്തിന്റെ വെന്നിക്കൊടി പാറിക്കാന്‍ തനിക്ക് സഹായകരമായത് കോലഞ്ചേരി തോടും കടവല്ലൂര്‍ കൃഷി ഓഫീസര്‍ സ്മിത ഉള്‍പ്പെടുന്ന സംഘവുമാണെന്ന് തുറന്നു പറയാന്‍ മുഹമ്മദിന് നാവേറെ.
അവാര്‍ഡുകളുടെ അവസാനറൗണ്ടില്‍ എപ്പോഴും വരാറുള്ള മുഹമ്മദിന് ഇത്തവണ അത് പൊന്തിളക്കമായത് യാദൃച്ഛികമല്ല. വിള സമൃദ്ധിയുടെയും വിള പരിക്രമത്തിന്റെയും ഉത്സവമായി മാറിയ പറമ്പ് അതിന് നൂറുക്ക് നൂറ്് സാക്ഷ്യം നല്‍കും. (മുഹമ്മദ് ഫോണ്‍: 9847070605).