വെള്ളരി വര്‍ഗത്തിലെ ദീര്‍ഘകാല വിളയാണ് കോവല്‍. ജൈവവളങ്ങള്‍ മാത്രം ചേര്‍ത്ത് ജലസേചനം നല്കിയാല് വര്‍ഷങ്ങളോളം വിളവെടുക്കാവുന്ന കോവലിന്റെ വ്യത്യസ്ത ഇനങ്ങള്‍ കൃഷി ചെയ്യുകയാണ് കോട്ടയം ഭരണങ്ങാനത്തെ മോളിപോള് എന്ന വീട്ടമ്മ. മരക്കോവല്, വന്കോവല്, വിരല്ക്കോവല് തുടങ്ങി കായ്കളുടെ രൂപത്തിലും ഗുണത്തിലും വേറിട്ട ഇനങ്ങള്‍ ഇവിടെ കാണാം.
മോളിയുടെ അരയേക്കര്‍ കൃഷിയിടം നിറയെ കോവല്‍ പന്തല്‍ നിറഞ്ഞിരിക്കുന്നു. ചാണകത്തോടൊപ്പം ബയോഗ്യാസ് സ്ലറിയും വളമായി ഉപയോഗിച്ചാണ് കൃഷി. കായ്കള്‍ ഈരാറ്റുപേട്ടയിലെ സ്വന്തം തയ്യല്‍ക്കടയില്‍ വരുന്ന വീട്ടമ്മമാര്‍ വാങ്ങിക്കൊണ്ടുേപാകുന്നു. കോവല്‍ കായ്കള്‍ ഉണക്കിയും അച്ചാറാക്കിയും ദീര്‍ഘകാലം സൂക്ഷിച്ചുവെക്കുന്ന പതിവും ഇവര്‍ക്കുണ്ട്.
വീട്ടില്‍ ഉണ്ടാകുന്ന ചക്ക, കപ്പ, മാങ്ങ എന്നിവയെല്ലാം വേനല്‍ക്കാലത്ത് ഉണക്കി മഴക്കാലത്തേക്ക് സൂക്ഷിച്ച് ഉപയോഗിച്ചിരുന്ന നാട്ടിന്‍പുറങ്ങളിലെ പതിവ് കൈമോശം വരാതെ മോളി ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. ഈ അപൂര്‍വ അടുക്കള തേടി ഒട്ടേറെ പ്രശസ്തര്‍ എത്തിയിട്ടുണ്ട്. വീടിന്റെ പരിസരമത്രയും വിവിധ ഇനം കൃഷികളും പൂച്ചെടികളുംകൊണ്ട് നിറച്ചിരിക്കുകയാണ് ഈ വീട്ടമ്മ. ജൈവകൃഷിയിടം പരിപാലിക്കുന്നതിന് പല പുരസ്കാരങ്ങളും ലഭിച്ചിട്ടുള്ള മോളിക്ക് മക്കളായ റിയ, റീബ എന്നിവരുടെ സഹകരണവുമുണ്ട്.
ഫോണ്‍: 9961603253.