ഉത്തമവൃക്ഷമാണ് പ്ലാവ്. മുറ്റത്തൊരു പ്ലാവു നട്ടാല്‍ വീട്ടില്‍ ഐശ്വര്യമുണ്ടാകുമെന്ന് കരുതിയിരുന്ന കാലമുണ്ടായിരുന്നു. കാലത്തിന്റെ പ്രയാണത്തില്‍ പ്ലാവുകള്‍ ഇല്ലാതാവുകയാണ്.
എന്നാല്‍, ഒരു ദശാബ്ദക്കാലമായി പ്ലാവുകളെ അറിയുകയും അവയുടെ വ്യത്യസ്ത ഇനങ്ങള്‍ കണ്ടെത്തി ബഡ്ഡിങ്ങിലൂടെ സംരക്ഷിക്കുകയുമാണ് കൊല്ലം പാരിപ്പള്ളി സ്വദേശി അനില്‍. ബാംഗ്ലൂര്‍ കാര്‍ഷിക സര്‍വകലാശാലയുടെ പ്ലാവ് ഗവേഷണ വിഭാഗം ഔദ്യോഗിക ബഡ്ഡിങ്കാരനായി തിരഞ്ഞെടുക്കപ്പെട്ട അനില്‍ ഇപ്പോള്‍ പുത്തൂരില്‍ 'ജാക്ക് അനില്‍' എന്ന പേരില്‍ പ്ലാവ് ഗവേഷണ നഴ്സറിയും ആരംഭിച്ചു. രുചിയിലും ഗുണത്തിലും വിഭിന്നമായ സര്‍ണ, ബൈരചന്ദ്ര, ഹച്ചഹള്ളി, രുദ്രാക്ഷി, മംഗാളറെഡ്, സിന്ദൂര, ഉത്തമ, പത്താമുട്ടം, സദാനന്ദ തുടങ്ങി നൂറ്റിയന്പതോളമിനങ്ങള് ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
അപൂര്‍വ പ്ലാവുകള്‍ കണ്ടെത്തി അവയുടെ കമ്പുകളില്‍ നിന്ന് ബഡ്ഡിങ്, ഗ്രാഫ്റ്റിങ് രീതിയില്‍ പുതിയ തലമുറ തൈകളെ ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. ഒട്ടിച്ചെടുക്കാന്‍ പാകത്തില്‍ കൂടകളില്‍ വളര്‍ത്തുന്ന പ്ലാവിന്‍തൈകളുടെ ശേഖരം അനിലിനുണ്ട്.
ബഡ്ഡ്തൈകള്‍ ഒരു വര്‍ഷം വരെ പരിചരിച്ചുവളര്ത്തിയ ശേഷം കൃഷിക്കാര്‍ക്ക് നല്കുന്നു. സൂര്യപ്രകാശമുള്ള സ്ഥലത്ത് പ്ലാവ് നടാം. ഇതിനായി വെള്ളക്കെട്ടില്ലാത്തിടത്ത് അരമീറ്ററോളം നീളവും വീതിയും താഴ്ചയുമുള്ള കുഴി തയ്യാറാക്കി അഞ്ചു കിലോ ജൈവവളം ചേര്‍ത്ത് കൂടകളുടെ കവര്‍ നീക്കം ചെയ്ത് നട്ട് ചുവട് ഉറപ്പിച്ച് ചെറുകമ്പ് നാട്ടി കെട്ടിക്കൊടുക്കണം. തനി വിളയായി നടുമ്പോള്‍ തൈകള്‍ തമ്മില്‍ പത്തുമീറ്റര്‍ അകലം നല്‍കണം. പ്ലാവുകള്‍ മുകള്തലപ്പുനുള്ളി കൂടുതല്‍ ശാഖകള്‍ വളരാന്‍ അനുവദിച്ചാല്‍ വിളവെടുപ്പ് സുഗമമാക്കാം. നാലഞ്ചു വര്‍ഷത്തിനുള്ളില്‍ ബഡ്ഡ്പ്ലാവുകള് ഫലംതന്നു തുടങ്ങും. മാതൃവൃക്ഷത്തിന്റെ ഗുണങ്ങള്‍ തൈകള്‍ക്കും ലഭിക്കും. ഒട്ടേറെ കര്‍ഷകര്‍ പ്ലാവിനങ്ങള്‍ തേടി പുത്തൂരില്‍ അനിലിനടുത്ത് എത്തുന്നു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നാടന്‍ ഇനങ്ങള്‍ കണ്ടെത്താന്‍ അനില്‍ നിരന്തരം പരിശ്രമിക്കുന്നു. ദില്ലി ഡി.ബി.ടി.യുടെ പുരസ്കാരവും അനിലിന് ലഭിച്ചിട്ടുണ്ട്.
ഫോണ്‍: 09448778497.