റബ്ബറിന്റെ പിങ്ക്‌രോഗത്തിന് ചികിത്സയുണ്ട്‌

Posted on: 26 Jul 2014

കെ.കെ. രാമചന്ദ്രന്‍ പിള്ള



റബ്ബറിന്റെ പട്ടയെ ബാധിക്കുന്ന പിങ്ക് രോഗം കോര്‍ട്ടീസിയം സാല്‍മോണിക്കളര്‍ എന്ന കുമിളിന്റെ ആക്രമണം മൂലമാണുണ്ടാകുന്നത്. കാലവര്‍ഷ സമയത്താണ് ഈ രോഗം റബ്ബര്‍മരങ്ങളെ ബാധിക്കാറുള്ളത്. എന്നാല്‍, രോഗാക്രമണം മൂലം മരങ്ങള്‍ക്ക് ഉണക്ക് ബാധിച്ചുതുടങ്ങുന്നത് ആഗസ്ത് അവസാനത്തോടെയാണ്.

എല്ലാ പ്രായത്തിലുമുള്ള റബ്ബര്‍മരങ്ങളെയും ഈ രോഗം ആക്രമിക്കുമെങ്കിലും രണ്ടുമുതല്‍ പന്ത്രണ്ടു വര്‍ഷംവരെ പ്രായമുള്ള മരങ്ങളിലാണ് രോഗബാധമൂലം നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നത്. മൂന്നുവര്‍ഷത്തില്‍ താഴെ പ്രായമുള്ള മരങ്ങളില്‍ രോഗാക്രമണം ഉണ്ടാകുന്നത് തായ്ത്തടിയുടെ തവിട്ടുനിറത്തിലുള്ള ഏതെങ്കിലും ഭാഗത്തായിരിക്കും. മൂന്നുവര്‍ഷത്തിനു മേല്‍ പ്രായമുള്ള മരങ്ങളെ സംബന്ധിച്ചിടത്തോളം രോഗാക്രമണം തായ്ത്തടിയുടെയോ പ്രധാന ശിഖരങ്ങളുടെയോ തവിട്ടുനിറത്തിലുള്ള ഏതുഭാഗത്തു വേണമെങ്കിലും ഉണ്ടാകാം. എന്നാല്‍ പ്രധാനമായും രോഗബാധ കണ്ടുവരുന്നത് കവരഭാഗത്താണ്. രോഗബാധയുണ്ടായ പട്ടയുടെ പുറത്ത് തിളങ്ങുന്ന ചിലന്തിവലപോലെയുള്ള പൂപ്പല്‍ പ്രത്യക്ഷപ്പെടുന്നത് ഈ രോഗത്തിന്റെ ആദ്യത്തെ ലക്ഷണമാണ്. ഈ പൂപ്പലിന് വെള്ള നിറമോ ഇളം ചുവപ്പുനിറമോ ആയിരിക്കും. മഴ പെയ്ത് മരം നനഞ്ഞിരിക്കുമ്പോള്‍ താഴെ നിന്ന് നോക്കിയാല്‍ ഈ പൂപ്പല്‍ കാണാന്‍ സാധിക്കുകയില്ല. പൂപ്പല്‍ പട്ടയ്ക്കുള്ളിലേക്ക് വളര്‍ന്നിറങ്ങുന്നതോടെ ആ ഭാഗങ്ങളില്‍ നിന്ന് റബ്ബര്‍കറ ഒലിച്ചിറങ്ങും. ഒലിച്ചിറങ്ങിയ റബ്ബര്‍കറ കട്ടിയായി കറുത്ത വരകള്‍പോലെ പട്ടയുടെ പുറമെകാണും. തുടര്‍ന്ന് പട്ടയുടെ രോഗം ബാധിച്ച ഭാഗം ചീഞ്ഞഴുകുകയും ഉണങ്ങി വെടിച്ചുകീറി പൊഴിഞ്ഞുപോവുകയും െചയ്യും. പട്ട ചീഞ്ഞുണങ്ങിയ ഭാഗത്തിന് തൊട്ടുതാഴെ നിന്ന് പുതിയ കിളിര്‍പ്പുകള്‍ ഉണ്ടാകുന്നത് ഈ രോഗത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്.
രോഗം വന്ന മരങ്ങളെ രോഗാക്രമണത്തിന്റെ തുടക്കത്തില്‍ത്തന്നെ കണ്ടുപിടിച്ച് മരുന്നു പുരട്ടുന്നതാണ് അവെയ സംരക്ഷിക്കാന്‍ ഫലപ്രദമായ മാര്‍ഗം. ജൂലായ്, ആഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ ആഴ്ചതോറും തോട്ടത്തിലെ എല്ലാ മരങ്ങളെയും പരിശോധിച്ച് രോഗലക്ഷണമുള്ളവയെ അടയാളപ്പെടുത്തേണ്ടതാണ്.

അടയാളപ്പെടുത്തിയ മരങ്ങളിലെ പൂപ്പല്‍ ബാധിച്ച ഭാഗത്തും അതിനു മുപ്പതു സെന്റിമീറ്റര്‍ മുകളിലോട്ടും മുപ്പതു സെന്റിമീറ്റര്‍ താഴോട്ടും ബോര്‍ഡോ കുഴമ്പ് പുരട്ടണം.

രോഗാക്രമണം മൂലം റബ്ബര്‍കറ പൊട്ടി ഒലിക്കാനും പട്ട ചീഞ്ഞുണങ്ങാനും തുടങ്ങിയിട്ടുണ്ടെങ്കില്‍ ആദ്യം ബോര്‍ഡോ കുഴമ്പു പുരട്ടി അതുണങ്ങിയ ശേഷം കേടു ബാധിച്ച പട്ടയും പൂപ്പലും ചുരണ്ടിക്കളയണം. തുടര്‍ന്ന് ഒന്നുകൂടി ബോര്‍ഡോ കുഴമ്പു പുരട്ടണം. ബോര്‍ഡോ കുഴമ്പു പുരട്ടുമ്പോള്‍ രോഗം ബാധിച്ച ഭാഗത്തും അതിന് മുപ്പതു സെന്റിമീറ്റര്‍ മുകളിലോട്ടും മുപ്പതു സെന്റിമീറ്റര്‍ താഴോട്ടും കൂടി പുരട്ടാന്‍ ശ്രദ്ധിക്കേണ്ടതാണ്.

മരങ്ങളുടെ രോഗബാധമൂലം ഉണങ്ങിപ്പോയ ശിഖരങ്ങള്‍ രോഗബാധയേറ്റ ഭാഗത്തു നിന്നും മുപ്പതു സെന്റിമീറ്റര്‍ താഴെവെച്ച് മുറിച്ചുമാറ്റിയ ശേഷം കത്തിച്ച് നശിപ്പിച്ചുകളയണം. ഉണങ്ങിയ ശിഖരങ്ങള്‍ മുറിച്ചെടുക്കുന്നതിന് മുന്‍പായി അവയില്‍ ബോര്‍ഡോ മിശ്രിതം തളിക്കേണ്ടതാണ്. (കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04712572060)


Stories in this Section