
അടുത്തകാലത്തായി തെങ്ങുകളില്‍ 'ഗ്രേ ബ്ലൈറ്റ്' എന്ന രോഗം വ്യാപകമാവുകയാണ്. തെങ്ങോലകളില്‍ പൊള്ളല്‍ ബാധിച്ചതുപോലെയുള്ള ലക്ഷണത്തോടെ ഓലക്കാലുകള്‍ പൊടിഞ്ഞ് നശിക്കുമ്പോഴാണ് ഇത് ശ്രദ്ധയില്‍പെടുന്നത്. തുടക്കത്തില്‍ മഞ്ഞകലര്ന്ന തവിട്ടുനിറത്തിലുള്ള പാടുകളായി പ്രത്യക്ഷപ്പെടുന്ന രോഗം ക്രമേണ ചാരനിറത്തിലുള്ള പൊള്ളല്ലക്ഷണങ്ങള് കാണിക്കുകയും ഈ ഭാഗങ്ങള്‍ ചിതറിപ്പൊടിഞ്ഞ് കാറ്റത്ത് പാറിപ്പോകുകയും ചെയ്യുന്നു.
തെങ്ങോലപ്പുഴുക്കളുടെ ആക്രമണമായോ തീപൊള്ളലോ ഇടിമിന്നലോ ഏറ്റതായോ തെറ്റിദ്ധരിക്കാവുന്ന ചില ലക്ഷണങ്ങളും കാണാം. അന്തരീക്ഷത്തിലെ അധിക ജലസാന്നിധ്യവും കുറഞ്ഞ ഊഷ്മാവും രോഗം വ്യാപകമാവുന്നതിന് സഹായകമാവുന്നു. ഇതുകൊണ്ടുതന്നെ മഴക്കാലത്ത് രോഗബാധ കൂടുതലായി കണ്ടുവരുന്നു. 'പെസ്റ്റലോഷ്യ പാമാരം' എന്ന കുമിളാണ് രോഗകാരണം. കാറ്റുവഴിയാണ് രോഗവ്യാപനം നടക്കുന്നത്. അധികം പ്രായമാകാത്ത തെങ്ങുകളിലാണ് കൂടുതലായും രോഗം കണ്ടുവരുന്നത്.രോഗം വരാതിരിക്കാന്‍ തെങ്ങിന്‍തോട്ടങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നത് നല്ലതാണ്. ഓലകളിലും കൂമ്പിലും സ്യൂഡോമോണസ് ജൈവകുമിള്‍നാശിനി 1020 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലോ ഒരു ശതമാനം ബോഡോമിശ്രിതമോ തളിച്ചുകൊടുക്കാം. രോഗബാധ കണ്ടുകഴിഞ്ഞാല്‍ കാര്‍ബന്റാസിം രണ്ടുഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചേര്‍ത്ത് തളിക്കണം. പൊട്ടാസ്യം മൂലകത്തിന്റെ കുറവുള്ള മണ്ണില്‍ രോഗബാധ കൂടാന്‍ സാധ്യതയുള്ളതിനാല്‍ ശുപാര്‍ശ ചെയ്ത പൊട്ടാഷ് വളത്തിന്റെ 25 ശതമാനം അധികം നല്‍കുന്നത് നല്ലതാണ്. പതിനെട്ടാം പട്ട, ചെന്തെങ്ങ് ഉപയോഗിച്ചുള്ള സങ്കരയിനം തെങ്ങുകള്‍ എന്നിവയ്ക്ക് രോഗത്തെ ചെറുത്തുനില്ക്കാന് കഴിവുള്ളതായി കാണുന്നു. രോഗബാധ കാണുന്ന തെങ്ങിന്തോട്ടങ്ങളില് കൂടുതലായി രോഗം വ്യാപിക്കാതിരിക്കാന്‍ രോഗബാധയേറ്റ ഓലകള്‍ വെട്ടി തീയിട്ട് നശിപ്പിക്കണം.
chandran120@yahoo.co.in