ഡോ. പി.കെ. മുഹ്‌സിന്‍
താറാവുകളുമായി കാഴ്ചയില്‍ സാമ്യമുള്ള പക്ഷികളാണ് വന്‍ വാത്തുകള്‍. വാത്തകളെന്നും ഇവയെ വിളിക്കാറുണ്ട്. സാധാരണയായി ഇറച്ചിക്കും മുട്ടയ്ക്കും വേണ്ടിയാണ് ഇവയെ വളര്‍ത്തുന്നത്. വളരെയധികം രോഗപ്രതിരോധ ശക്തിയുള്ള ഇവ കളകളും പച്ചിലകളും മണ്ണില്‍കിടക്കുന്ന പാഴ്ധാന്യങ്ങളും കൊത്തിത്തിന്നുന്നു.
ഇവയുടെ തൂവലുകള്‍ കിടക്കകള്‍ നിര്‍മിക്കുവാന്‍ ഉപയോഗിക്കാറുണ്ട്. പ്രായപൂര്‍ത്തിയായ ഒരു പൂവന്‍ വന്‍വാത്തിന് പതിനഞ്ച് കിലോയും പിടയ്ക്ക് പത്തുകിലോയും ഭാരമുണ്ടായിരിക്കും. പാമ്പുകളെ തുരത്താനും മുറ്റം വൃത്തിയാക്കാനും ഇവയെ ഉപയോഗിക്കാം. എംഡന്‍, ടൊളൂസ്, ആഫ്രിക്കന്‍, ചൈനീസ്, പില്‍ഗ്രിം, കാനഡ, റോമന്‍ എന്നിവയാണ് സാധാരണ വളര്‍ത്തുന്ന ഇനങ്ങള്‍. കൂടാതെ ഈജിപ്ഷ്യന്‍, സെബാസ്റ്റോ പോള്‍, ഇംഗ്ലീഷ് ഗ്രേ, ഇംഗ്ലീഷ് വൈറ്റ് എന്നിവയെയും വളര്‍ത്താറുണ്ട്.
പ്രത്യുത്പാദന ക്ഷമതയുള്ള മുട്ടകള്‍ ലഭിക്കണമെങ്കില്‍ ചുരുങ്ങിയത് ആറാഴ്ചയെങ്കിലും പൂവനെ പിടയുടെ കൂടെ വിടണം. സാധാരണയായി പൂവന്മാര്‍ക്ക് അഞ്ച് വര്‍ഷവും പിടകള്‍ക്ക് പത്തുവര്‍ഷവും പ്രജനന പ്രദമായ ജീവിത ദൈര്‍ഘ്യമുണ്ട്.
മുട്ടകള്‍ വിരിയാന്‍ 30 മുതല്‍ 35 ദിവസം വരെ വേണം. മുട്ട ശേഖരിച്ച് പത്തുദിവസത്തിനുള്ളില്‍ അടവെക്കണം. വാത്തകള്‍ക്ക് അടയിരിക്കുന്ന സ്വഭാവമുണ്ട്. പൊരുന്ന് കോഴിയെ ഉപയോഗിച്ചും ഇന്‍ക്യുബേറ്റര്‍ ഉപയോഗിച്ചും മുട്ട വിരിയിക്കാം.
ഇന്‍ക്യുബേറ്റര്‍ ഉപയോഗിച്ച് വിരിയിക്കുമ്പോള്‍ ആദ്യത്തെ നാലാഴ്ച കൃത്രിമച്ചൂട് നല്കണം. കുഞ്ഞുങ്ങള്‍ക്ക് പെല്ലറ്റ് രൂപത്തിലുള്ള തീറ്റ നല്കുന്നതാണ് നല്ലത്. പിണ്ണാക്കുകള്‍, ചോളം, തവിട് എന്നിവ തീറ്റയില്‍ ഉള്‍പ്പെടുത്താം. പന്ത്രണ്ടാഴ്ച പ്രായമാകുമ്പോള്‍ വാത്തകള്‍ വില്പനയ്ക്ക് തയ്യാറാകും. വന്‍വാത്തുകള്‍ക്ക് രോഗങ്ങള്‍ കൂടുതലായി ഉണ്ടാവാറില്ലെങ്കിലും കോക്‌സിഡിയോസിസ്സ്, ഗിസാര്‍ഡ് വിരകള്‍, മുടന്ത് എന്നിവ ബാധിക്കാറുണ്ട്. ശാസ്ത്രീയമായ ചികിത്സകള്‍കൊണ്ട് ഇവ മാറ്റിയെടുക്കാം.