റബ്ബര്‍കൃഷി: തൊലിപ്പുണ്ണ് രോഗം നിയന്ത്രിക്കാം
Posted on: 19 Jul 2014
കെ.കെ. രാമചന്ദ്രന്‍പിള്ള
മഴക്കാലത്ത് എല്ലാ പ്രായത്തിലുമുള്ള റബ്ബര്‍ മരങ്ങള്‍ക്ക് തൊലിപ്പുണ്ണ് രോഗം (പാച്ച് ക്യാങ്കര്‍) ഭീഷണിയുണ്ട്. മരങ്ങളുടെ തായ്തടി, പ്രധാന ശിഖരങ്ങള്‍, തായ്തടിയും തായ്വേരുമായി യോജിക്കുന്ന ഭാഗം, തായ്വേര്, പ്രധാന പക്കവേരുകള്‍ എന്നിവിടങ്ങളിലൊക്കെ രോഗാക്രമണം ഉണ്ടാകാം. രോഗാക്രമണം ഉണ്ടായ ഭാഗത്തെ പട്ട ഉന്തിനില്‍ക്കുന്നതായി കാണാം. ഈ ഭാഗത്തെ പട്ട പൊട്ടി അവിടെനിന്ന് ചുവപ്പുകലര്‍ന്ന തവിട്ടുനിറത്തോട് കൂടിയ ഒരു ദ്രാവകമോ റബ്ബര്ക്കറയോ ഒലിച്ചിറങ്ങുകയും ചെയ്യും.
രോഗാക്രമണം ഉണ്ടായ ഭാഗത്തെ പട്ട ചീഞ്ഞുപോവുകയും ചെയ്യുന്നു. ചീഞ്ഞ് ഉന്തിനില്ക്കുന്ന പട്ട പൊളിച്ചുനോക്കിയാല്‍ റബ്ബര്‍ക്കറ ഉറഞ്ഞ് കട്ടപിടിച്ച് ഇരിക്കുന്നതുകാണാം. ഇങ്ങനെ തടിക്കും പട്ടയ്ക്കും ഇടയ്ക്കായി റബ്ബര്‍ക്കറ ഉറഞ്ഞ് കട്ടപിടിക്കുന്നതുകൊണ്ടാണ് പട്ട ഉന്തിനില്ക്കാന് ഇടയാകുന്നത്. ഉറഞ്ഞ് കട്ടപിടിച്ച റബ്ബര്ക്കറയ്ക്ക് ദുര്‍ഗന്ധം ഉണ്ടാകും. പട്ട പൊളിച്ച് ഇങ്ങനെ ഉറകൂടി ഇരിക്കുന്ന റബ്ബര്‍ മാറ്റിയാല്‍ തടി ദൃശ്യമാകും. ആ ഭാഗത്തെ തടിക്ക് നിറവ്യത്യാസം വന്നിട്ടുള്ളതായും കാണാം.
രോഗനിരോധനത്തിന്റെ ആദ്യപടിയായി രോഗം ബാധിച്ച് ചീഞ്ഞുണങ്ങിയ പട്ടയും അതിനടിയില്‍ ഉറഞ്ഞുകൂടി ഇരിക്കുന്ന റബ്ബര്ക്കറയും ചുരണ്ടിമാറ്റി ആ ഭാഗം വൃത്തിയാക്കണം. അതിനുശേഷം ആ ഭാഗത്ത് ഡൈത്തെയിന്-എം-45 എന്ന കുമിള്‍നാശിനി പത്തുഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന അനുപാതത്തില്‍ കലര്‍ത്തിയ ലായനി നന്നായി പുരട്ടണം. പുരട്ടിയ കുമിള്‍നാശിനി ഉണങ്ങിയശേഷം അവിടെ മുറിവ് വേഗത്തില്‍ ഉണങ്ങാന്‍ സഹായിക്കുന്ന പെട്രോളിയം ഉത്പന്നങ്ങളായ സോപ്പ്കോട്ട്, തമ്പീസ് റബ്ബര്‍ പേസ്റ്റ്, ജോണ്‍സ് റബ്ബര്‍കോട്ട്, പാനല്‍ വാക്സ്, റബ്ബര്‍കോട്ട്, വാക്സ് റെക്സ് ട്രസീല്, അറ്റ്ലസോള്, എസ്.ടി.പി. റബ്ബര്‍കോട്ട് എന്നിവയില്‍ ഏതെങ്കിലുമൊന്ന് പുരട്ടണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2572060, 8281436960.