കീടങ്ങളെ തുരത്താന്‍'കീടമര്‍ദിനി'
Posted on: 14 Jul 2014
ജി.എസ്. ഉണ്ണികൃഷ്ണന്‍നായര്‍
പലയിനം കീടങ്ങളെ തുരത്താന്‍ ശേഷിയുള്ള കീടമര്‍ദിനി എന്ന ജൈവകീടനാശിനി കൊല്ലത്തെ ജൈവകര്‍ഷകനായ നരേന്ദ്രനാഥ് വികസിപ്പിച്ചു. ചെന്നൈ പേറ്റന്റ് ഓഫീസില്‍ ഇതിനുള്ള പേറ്റന്റ് അപേക്ഷ നല്‍കിയിട്ടുണ്ട്.
ഇതുണ്ടാക്കുന്ന രീതി ഇതാണ്. 50 ഗ്രാം നീറ്റുകക്കയും 100 ഗ്രാം ചാരവും ഒന്നരലിറ്റര്‍ വെള്ളത്തില്‍ കലക്കി ആറുമണിക്കൂര്‍ വെക്കുക. ഇതിന്റെ ഒരു ലിറ്റര്‍ തെളിയില്‍ രണ്ടുലിറ്റര്‍ ഗോമൂത്രം ഒഴിക്കണം. ഇത് 50 ഗ്രാം കറിയുപ്പിട്ട് നന്നായി ഇളക്കുകയും ശേഷം 50 മില്ലിലിറ്റര്‍ വേപ്പെണ്ണ ചേര്‍ത്ത് ഇളക്കുകയും ചെയ്യുക. ഇതില്‍ ചെറുതായി അരിഞ്ഞ ഒരു ചെറുനാര, 50 ഗ്രാം വെളുത്തുള്ളി, 100 ഗ്രാം കാന്താരിമുളക്, 25 ഗ്രാം കച്ചോലം എന്നിവ അരച്ചുചേര്‍ക്കണം.
തുടര്‍ന്ന് 50 ഗ്രാം വീതം കാഞ്ഞിരത്തില, പാലത്തൊലി, കടലാവണക്കിന്‍ തൊലി, കാട്ടുപാലയില, 100 ഗ്രാം വീതം മരച്ചീനിയില, തേരകത്തിന്റെ തൊലിയോ കായോ, 25 ഗ്രാം കാഞ്ഞിരത്തൊലി എന്നിവ ഇടിച്ചുചതച്ച് ചേര്‍ക്കുക. രണ്ടുദിവസം ഇത് വെച്ചശേഷം കൂട്ടുകളൊക്കെ അമര്‍ത്തിപ്പിഴിഞ്ഞുമാറ്റി മിശ്രിതം അരിക്കണം. അരിച്ചെടുത്ത ലായനി മൂന്നിരട്ടി വെള്ളം ചേര്‍ത്ത് രാവിലെയോ വൈകീട്ടോ വിളകളില്‍ തളിക്കാം.
ഇതുണ്ടാക്കുന്ന ചേരുവകളില്‍ തേരകം പുരയിടങ്ങളില്‍ വളരുന്ന മരമാണ്. കായകള്‍ പച്ചനിറത്തില്‍ കുലകളായുണ്ടാകുന്നു. ഫൈക്കസ്സ് എക്‌സസ് പെറേറ്റ എന്നാണ് ഇതിന്റെ സസ്യനാമം. കാട്ടുപാല (ദന്തപ്പാല) കീടനാശകശേഷിയുള്ള ഔഷധവൃക്ഷമാണ്.
നരേന്ദ്രനാഥ് നടത്തിയ കൃഷിയിട പരീക്ഷണത്തില്‍ ചാഴി, കായീച്ച, മുഞ്ഞ, വെള്ളീച്ച, ചെറുപുഴുക്കള്‍, തേയിലക്കൊതുക്, തുടങ്ങിയവയ്‌ക്കെതിരെ ഇത് ഫലവത്താണെന്ന് തെളിഞ്ഞിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് നരേന്ദ്രനാഥ് ഫോണ്‍: 9847774725.