കെ.കെ. രാമചന്ദ്രന്‍പിള്ള

കാലവര്‍ഷസമയത്താണ് റബ്ബര്‍ത്തൈകളെയും മരങ്ങളെയും കൂമ്പുചീയല്‍ ബാധിക്കുന്നത്.ടാപ്പുചെയ്തുകൊണ്ടിരിക്കുന്ന മരങ്ങള്‍, തോട്ടത്തിലെ ചെറുതൈകള്‍, നഴ്സറിയിലെ തൈകള്‍ എന്നിവയുടെ എല്ലാം പച്ചനിറത്തിലുള്ള ഇളംഭാഗങ്ങളെ ഈ രോഗം ബാധിക്കുന്നു. ഇലകൊഴിച്ചില്‍രോഗം ബാധിച്ച മരങ്ങള്‍ നില്‍ക്കുന്ന തോട്ടങ്ങള്‍ക്ക് തൊട്ടടുത്തുള്ള നഴ്സറികളിലെയും ചെറുതൈകള്‍ നില്‍ക്കുന്ന തോട്ടങ്ങളിലെയും തൈകള്‍ക്ക് കൂമ്പുചീയല്‍ േരാഗം വളരെ കൂടുതലായി കാണപ്പെടുന്നു.
ഇടവപ്പാതി ആരംഭിച്ച് അധികം താമസിയാതെ ഈ രോഗം പ്രത്യക്ഷപ്പെടുകയും മഴക്കാലം മുഴുവന്‍ രോഗാക്രമണം നിലനില്‍ക്കുകയും ചെയ്യും. കൂമ്പുചീയല്‍ രോഗം കാരണം തൈകളുടെ വളര്‍ച്ച മൂന്നുമുതല്‍ ആറുമാസംവരെ നഷ്ടപ്പെടുകയും ആ സ്ഥാനത്ത് ധാരാളം ശിഖരങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുകയും ചെയ്യും.
തായ്തടിയുടെയും ശിഖരങ്ങളുടെയും ഏറ്റവും അഗ്രഭാഗത്തുള്ള മൃദുവായ ഭാഗങ്ങളെയും തളിരിലകളെയുമാണ് ഈ രോഗം ആദ്യമായി ബാധിക്കുന്നത്. തളിരിലകളുടെ അറ്റത്തും അരികുകളിലും നനഞ്ഞ പൊട്ടുകള്‍ പ്രത്യക്ഷപ്പെടുകയും ഒന്നുരണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ രോഗം ബാധിച്ച ഇലകള്‍ കറുത്ത നിറമായി വാടിപ്പോവുകയും ചെയ്യുന്നു. ക്രമേണ രോഗം ഇലഞെട്ടുകളെയും തുടര്‍ന്ന് തണ്ടിന്റെ മൃദുവായ അഗ്രഭാഗത്തെയും ബാധിക്കുകയും ആ ഭാഗങ്ങള്‍ ആദ്യം തവിട്ടുനിറമാവുകയും പിന്നീട് ചീഞ്ഞുപോവുകയും ചെയ്യുന്നു. രോഗംകാരണം അരയടി മുതല്‍ രണ്ടടിവരെ തണ്ട് ചീഞ്ഞ് ഉണങ്ങിപ്പോകാറുണ്ട്. പിന്നീട് ഉണങ്ങിപ്പോയ ഭാഗത്തിന് താഴെനിന്ന് ശിഖരങ്ങള്‍ ഉണ്ടാകുന്നു.
രോഗാക്രമണത്തെ പ്രതിരോധിക്കാന്‍ കാലവര്‍ഷാരംഭത്തിന് തൊട്ടുമുമ്പ് തോട്ടത്തിലെ ടാപ്പ് ചെയ്തുകൊണ്ടിരിക്കുന്ന മരങ്ങള്‍ക്കും ചെറുതൈകള്‍ക്കും നഴ്സറിയിലെ തൈകള്‍ക്കും ഒരു ശതമാനംവീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കണം.
മരുന്നുതളിക്ക് ശേഷമുണ്ടാകുന്ന കൂമ്പുകളെ സംരക്ഷിക്കാന്‍ കാലവര്‍ഷക്കാലത്ത് മഴയില്ലാത്ത ദിവസങ്ങളില്‍ അവയ്ക്കും മരുന്നുതളി നടത്തണം. ബോര്‍ഡോ മിശ്രിതം തളിരിലകളിലും കൂമ്പിലും ശരിയായി പറ്റിപ്പിടിക്കാന്‍വേണ്ടി ഒരു ലിറ്റര്‍ മിശ്രിതത്തിന് അര മില്ലിലിറ്റര്‍ എന്ന തോതില്‍ സാന്‍ഡോവിറ്റ്, ടീപ്പോള്‍, ട്രിറ്റോണ്‍-എ.ഇ. എന്നീ പശകളില്‍ ഏതെങ്കിലുമൊന്ന് ചേര്‍ക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2572060, 8281436960.