ഡോ. ഡി. ഷൈന്‍കുമാര്‍
പോളിയോ വന്ന് തളര്‍ന്നെങ്കിലും ജോണ്സണ് കൃഷിയിടത്തിലാണ്. പച്ചക്കറി കൃഷിയും കോഴിവളര്‍ത്തലുമായി ജീവിതം പച്ചപിടിപ്പിച്ച ഈ കൊമേഴ്സ് ബിരുദധാരിക്ക് പറയാനുള്ളത് വിജയകഥതന്നെ.
പഠനം കഴിഞ്ഞ് സ്വയംതൊഴില്‍ കണ്ടെത്താനായിരുന്നു ജോണ്‍സന്റെ തീരുമാനം. നാടന്‍ കോഴികള്‍ക്ക് നാട്ടിലാകെ പ്രിയമുണ്ടെന്ന് ജോണ്സന് അറിയാമായിരുന്നു. നാട്ടിലൊക്കെ അന്വേഷിച്ച് നാടന്‍കോഴികളുടെ ഒരു വൈവിധ്യംതന്നെ സ്വന്തമാക്കി. നാട്ടില്‍നിന്ന് മറഞ്ഞുപോയ കരിയിലക്കോഴി, മേനിയാസകലം മുള്ളന്‍ രോമങ്ങളുള്ള മുള്ളന്‍കോഴി, പുള്ളിത്തൂവലുകളുടെ വെള്ളിത്തിളക്കവുമായി വരുന്ന തേനി കോഴി, തലപ്പൂവുകളുള്ള തിത്തിരിക്കോഴി, കഴുത്തില്‍ രോമരഹിത ഭംഗിയുള്ള കഴുത്ത് കോഴി, അംഗവാലും ചുവന്ന തലപ്പാവുമുള്ള പൂങ്കോഴി, തൊപ്പിക്കോഴി, പോരുകോഴി എന്നിങ്ങനെ ഡസനോളം വൈവിധ്യമുള്ളവ ജോണ്‍സന്റെ കിണറുവിള വീട്ടില്‍ നിറഞ്ഞു.
പുലര്‍ച്ചെതന്നെ ജോണ്സണ് കോഴിക്കൂടുകള്‍ക്ക് അരികിലെത്തും. തീറ്റ ഒരു കൈക്കുടന്നമാത്രംമതി നാടന്‍കോഴികള്‍ക്ക്. ലെയര്‍ തന്നെയാണ് പ്രിയം. അരിയും ഗോതമ്പും വേറെ വേണം. 25 കോഴിക്ക് ഒരു റബ്ബര്കുട്ടനിറയെ പുല്ല് അരിഞ്ഞ് ചെറു തുണ്ടമാക്കി നല്‍കും. നല്ല നാടന്‍ കോഴിക്ക് ഒമ്പതുവര്‍ഷംവരെ ആയുസ്സുണ്ട്. വര്‍ഷത്തില്‍ 50 കുഞ്ഞുങ്ങളെങ്കിലും ഉറപ്പ്.
മുട്ട വിരിയിക്കാന്‍ പ്രത്യേക സംവിധാനമാണ് ജോണ്സണ് ഒരുക്കിയിരിക്കുന്നത്. വലിയ 10 ലിറ്റര്‍ കാലി എണ്ണപ്പാട്ടകള്‍ പന്ത്രണ്ടോളം നിരയായി അടുക്കിവെക്കും. മുകളില്‍ ഓടിന്റെ മേല്‍ക്കൂര. ഒത്ത മധ്യത്തില്‍ അഞ്ച് ഇഞ്ച് വിസ്തൃതിയില്‍ മുറിച്ചുമാറ്റി കമ്പിവലകളിടും.
തടിച്ചീളുകളില് ഒരു ഡസന്‍ കൊത്തുമുട്ടവെച്ച് അടക്കോഴികളെ ഇരുത്തും. വിരിയിക്കാനുള്ള മുട്ട തറയില്‍ വീഴാന്‍ പാടില്ലെന്ന് നിര്‍ബന്ധമുണ്ട്. അതുകൊണ്ടുതന്നെ പ്രധാന കോഴിക്കൂട്ടില്‍ മുട്ടയിടാന്‍ പാകത്തില്‍ എണ്ണപ്പാട്ടകള്‍ പരുവപ്പെടുത്തി അല്പം ഉയരത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. തറയില്‍ ഇടുന്ന മുട്ട കൊത്തിപ്പൊട്ടിക്കാനുള്ള നാടന്‍ കോഴികളുടെ താത്പര്യം ഒഴിവാക്കാനാണിത്.
മൂന്നിലൊന്ന് കോഴികള്‍ മുട്ടയിട്ട് നില്ക്കുമ്പോള് മൂന്നിലൊന്ന് അടയിരിക്കും. അതേസമയം, മൂന്നിലൊന്ന് കോഴികള്‍ അടയില്‍നിന്ന് മാറിനില്‍ക്കും. ഇതാണ് ജോണ്‍സന്റെ കണക്ക്. അഞ്ചുദിവസം തുടര്‍ച്ചയായി മുട്ടയിട്ടാല്‍ നാടന്‍കോഴികള്‍ ഒരു ദിവസം വിശ്രമിക്കുമത്രേ. 26 മുട്ടയ്ക്കുശേഷം സാധാരണ അടയിലേക്ക് പോകാറാണ് പതിവ്. അടക്കോഴിയെ വല്ലാതെ ബുദ്ധിമുട്ടിക്കില്ല. മൂന്ന് മുട്ടയെങ്കിലും വിരിഞ്ഞുകഴിഞ്ഞാല്‍ അടക്കോഴിയെ മാറ്റും.
പകല്‍ 8 മണിക്കൂര്‍ ചൂട് മതിയാകും മുട്ട വിരിയാന്‍. എല്ലാ 21-ാം പക്കവും 150 കുഞ്ഞുങ്ങള്‍ വിരിഞ്ഞുവരുമെന്നതില് ജോണ്സന് സംശയമില്ല. ഒരു ദിവസം പ്രായമായ കുഞ്ഞിന് 40 രൂപയും ഒരു മാസം പ്രായമായതിന് 100 രൂപയുമാണ് വില. നാടന്മുട്ടയ്ക്ക് 6 രൂപയും കൊത്തുമുട്ടയ്ക്ക് 10 രൂപയുമൊക്കെ ചേരുമ്പോള്‍ ന്യായമായ വരുമാനം ഉറപ്പ്.
രാവിലെ ഒരു മണിക്കൂര്‍ കോഴിക്കാര്യം കഴിഞ്ഞാല്‍ ജോണ്സണ് കപ്പ കൃഷിത്തോട്ടത്തിലേക്കിറങ്ങും. വെണ്ടയും പയറുമടങ്ങുന്ന പച്ചക്കറിത്തോട്ടം വേറെ. റോബസ്റ്റയും ചെങ്കദളിയുമായി നൂറോളം വാഴത്തടങ്ങള്‍. നിലത്തിഴയുന്ന കാല്കളും കൈകളുമായി പിന്നീട് നേരേ ടെറസ്സിലേക്ക്. അവിടെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്. വൈകിട്ട് അല്പം സാമൂഹികപ്രവര്‍ത്തനം. ഒടുവില്‍ കൊല്ലം, തൃക്കടവൂര്‍ പഞ്ചായത്തിന്റെ കടവില്‍ യാത്രാചങ്ങാടത്തിന്റെ കണക്കെഴുത്തും കഴിഞ്ഞാല്‍ ആ ദിവസം പൂര്‍ത്തിയായി. ജോണ്സണ്- ഫോണ്‍: 9526756365.