കൊച്ചി: മത്സ്യങ്ങളിലും ചെമ്മീനുകളിലും കാണുന്ന രോഗങ്ങളെ തിരിച്ചറിയാനും കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും സഹായകരമാകുന്ന ജലജന്തു രോഗ നിര്‍ണയ സഹായി കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) പുറത്തിറക്കി. മത്സ്യകര്‍ഷകര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ഈ കൈപ്പുസ്തകം. നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡിന്റെ സാമ്പത്തിക സഹകരണത്തോടെ കുഫോസില്‍ നടത്തിവരുന്ന ദേശീയ ജലജന്തു രോഗ ജാഗ്രതാ നിരീക്ഷണ പദ്ധതിയുടെ ഭാഗമായാണ് കുഫോസ് കൈപ്പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
ചെമ്മീന്‍ കൃഷിയുടെ വില്ലനായി മാറിയ വെള്ളപ്പൊട്ട് രോഗങ്ങളുള്‍പ്പെടെ മത്സ്യങ്ങളിലും ചെമ്മീനുകളിലും കാണപ്പെടുന്ന 17-ഓളം രോഗങ്ങളെക്കുറിച്ചും പരിഹാര മാര്‍ഗങ്ങളെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി വ്യത്യസ്ത കാലാവസ്ഥകളിലും സീസണുകളിലും ജലജീവികളില്‍ കണ്ടുവരുന്ന രോഗങ്ങളെ നിരീക്ഷിച്ചതിന് ശേഷമാണ് ഇത്തരമൊരു പുസ്തകം തയ്യാറാക്കിയത്.
കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. ബി. മധുസൂദനക്കുറുപ്പ് പുസ്തകം പ്രകാശനം ചെയ്തു. പ്രോ വൈസ് ചാന്‍സലര്‍ ഡോ. സി. മോഹനകുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
ഡോ. കെ. ഗോപകുമാര്‍, രജിസ്ട്രാര്‍ ഡോ. വി.എം. വിക്ടര്‍ ജോര്‍ജ്, ഫിഷറീസ് ഡീന്‍ ഡോ. സാജന് ജോര്‍ജ്, ഫിഷറീസ് അഡീഷണല്‍ ഡയറക്ടര്‍ സൈറാബാനു, കേരള അക്വാ ഫാര്‍മേഴ്സ് ഫെഡറേഷന് പ്രസിഡന്റ് പുരുഷോത്തമന് എന്നിവര്‍ സംസാരിച്ചു. ഡോ. എസ്. ശ്യാമ സ്വാഗതവും ദേശീയ ജലജന്തു രോഗ ജാഗ്രതാ നിരീക്ഷണ പദ്ധതിയുടെ പ്രിന്‍സിപ്പല്‍ ഇന്െവസ്റ്റിഗേറ്ററും ജലജന്തു രോഗ നിര്‍ണയ സഹായി രചയിതാവുമായ ഡോ. ദേവിക പിള്ള നന്ദിയും പറഞ്ഞു.