റബ്ബര്‍കൃഷി തുടങ്ങുമ്പോള്‍

Posted on: 06 Jul 2014

കെ.കെ. രാമചന്ദ്രന്‍ പിള്ള



റബ്ബര്‍കൃഷി തുടങ്ങുമ്പോള്‍ പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഏറ്റവും പ്രധാനം നല്ലയിനം കൃഷിചെയ്യുക എന്നുള്ളതാണ്. പരമ്പരാഗതമായി റബ്ബര്‍ കൃഷിചെയ്യുന്ന പ്രദേശങ്ങളിലേക്ക് റബ്ബര്‍ ബോര്‍ഡ് അംഗീകരിച്ച റബ്ബര്‍ ഇനങ്ങളുടെ പട്ടികയില്‍ ഒന്നാമത്തെ വിഭാഗത്തില്‍ ഒന്നാമത്തേതായി ഈ വര്‍ഷവും ഉള്‍പ്പെടുത്തിയിരിക്കുന്നത് ആര്‍.ആര്‍.ഐ.ഐ. 105 (R.R.I.I-105) എന്ന ഇനമാണ്. നമ്മുടെ മണ്ണിനും കാലാവസ്ഥയ്ക്കും വളരെ യോജിച്ച ഇനമാണ് 105 എന്നാണ് റബ്ബര്‍ ബോര്‍ഡ് പറയുന്നത്.

പോളിത്തീന്‍ കൂടകളില്‍ വളര്‍ത്തിയ തൈകളാണ് നടുന്നതെങ്കില്‍ അവയുടെ ഏറ്റവും അഗ്രഭാഗത്തുള്ള ഒരു തട്ട് ഇലകള്‍ വളര്‍ച്ചമുറ്റിയിട്ടുള്ളതായിരിക്കണം. ഇങ്ങനെ വളര്‍ച്ച മുറ്റിയിട്ടില്ലാത്ത ഇലകളോടുകൂടിയ തൈകള്‍ കുറച്ചുകാലംകൂടി നഴ്‌സറിയില്‍തന്നെ നിര്‍ത്തി അവയുടെ ഇലകള്‍ക്ക് വേണ്ടത്ര വളര്‍ച്ചയെത്തിയശേഷം വേണം തോട്ടത്തിലേക്ക് മാറ്റിനടാന്‍.

കാനകളില്‍ ഇറക്കിവെച്ചിരിക്കുന്ന തൈകളാണെങ്കില്‍ തൈകള്‍ക്ക് ചുറ്റുമുള്ള മണ്ണ് ശ്രദ്ധാപൂര്‍വം മാറ്റിയശേഷം കൂടകള്‍ കാനയില്‍നിന്നും പുറത്തെടുക്കണം. പക്കവേരുകളോ തായ്‌വേരുകളോ കൂടയ്ക്ക് പുറത്തേക്ക് വളര്‍ന്നിട്ടുണ്ടെങ്കില്‍ അവ മുറിച്ചുമാറ്റുകയും വേണം. മാറ്റിനടുന്നതിന് തൊട്ടുമുമ്പുള്ള ഒരു ദിവസം കൂടയിലെ മണ്ണില്‍ െവള്ളമൊഴിക്കാന്‍ പാടില്ല. ഇങ്ങനെ ചെയ്താല്‍ പോളിത്തീന്‍ കൂട കീറിമാറ്റുമ്പോള്‍ അതിനകത്തെ മണ്‍കട്ട പൊടിഞ്ഞുപോകാനുള്ള സാധ്യതയുണ്ട്.

തോട്ടത്തില്‍ തയ്യാറാക്കിയിട്ടിട്ടുള്ള കുഴിയുടെ മധ്യഭാഗത്തായി പോളിത്തീന്‍ കൂടയുടെ വലിപ്പത്തേക്കാള്‍ കുറച്ചുകൂടി വലിപ്പമുള്ള ഒരു കുഴിയുണ്ടാക്കുക. കൂട തൈയോടുകൂടി കുഴിയില്‍ ഇറക്കിവെക്കുന്നതിന് മുമ്പായി കൂടയുടെ അടിവശം ഒരു ബ്ലെയിഡോ കത്തിയോ ഉപയോഗിച്ച് പൂര്‍ണമായി മുറിച്ചുമാറ്റണം. അടിവശം കീറിമാറ്റിയ കൂട സാവധാനം തൈ നടാന്‍ തയ്യാറാക്കിയിട്ടിട്ടുള്ള കുഴിയില്‍ ഇറക്കിവെക്കണം. ഇറക്കിവെച്ചതിനുശേഷം പകുതിക്ക് താഴെയുള്ള പോളിത്തീന്‍ ഒരുവശത്ത് നെടുനിളത്തില്‍ ബ്ലെയിഡോ കത്തിയോ ഉപയോഗിച്ച് കീറണം. കീറിയഭാഗത്തെ േപാളിത്തീന്‍ മുകളിലേക്ക് വലിച്ചുയര്‍ത്തിയശേഷം അത്രയും ഭാഗം (കൂടമാറ്റിയ ഭാഗം) മണ്ണിട്ട് ഉറപ്പിക്കണം. ഇങ്ങനെ മണ്ണിട്ട് ഉറപ്പിക്കുമ്പോള്‍ തൈയുടെ വേരിന് ചുറ്റുമുള്ള മണ്‍കട്ടി ഉടഞ്ഞ് വേരിന് ഇളക്കംതട്ടാതെ സൂക്ഷിക്കണം. അതിനുശേഷം ബാക്കിഭാഗംകൂടി കീറി പോളിത്തീന്‍കൂട എടുത്തുമാറ്റിയശേഷം മണ്ണിട്ട് ചുറ്റും തറനിരപ്പുവരെ ഉറപ്പിക്കണം.

റബ്ബര്‍തൈകള്‍ നടുന്നതിന് കുറച്ചുമുമ്പോ അല്ലെങ്കില്‍ തൈകള്‍ നടുന്നതിനോടൊപ്പമോ തോട്ടത്തില്‍ തോട്ടപ്പയറും (ആവരണ വിള) പിടിപ്പിക്കേണ്ടതാണ്. ആവര്‍ത്തനകൃഷി ചെയ്യുന്ന തോട്ടങ്ങളില്‍ കഴിയുമെങ്കില്‍ റബ്ബര്‍തൈകള്‍ നടുന്നതിന് ഒരു വര്‍ഷം മുമ്പുതന്നെ തോട്ടപ്പയര്‍ പിടിപ്പിച്ചാല്‍ നന്നായിരിക്കും. തോട്ടപ്പയര്‍ പിടിപ്പിച്ചാല്‍ അത് റബ്ബര്‍ മരങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ഉത്പാദനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുമെന്നുള്ളതിന് പുറമേ തോട്ടംസംരക്ഷണത്തിന്റെ ചെലവ് വളരെയേറെ കുറയ്ക്കാനും സഹായിക്കും. വിത്തുപാകിയോ തണ്ടുകള്‍ മുറിച്ചുനട്ടോ തോട്ടപ്പയര്‍ പിടിപ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04712572060, 8281436960.


Stories in this Section