കെ.എസ്. ഉദയകുമാര്‍
പുല്ലും കളയും വെട്ടിമാറ്റാനും മണ്ണ് ഉഴുതുമറിക്കാനും മരുന്ന് തളിക്കാനും പറ്റിയ സംയോജിതയന്ത്രം ഇതാ. ഒരേക്കറോ അതില്‍ താഴെയോ വിസ്തൃതിയുള്ള കൃഷിയിടങ്ങള്‍ക്ക് യോജിച്ച സംയോജിതയന്ത്രമാണ് ഇറ്റാലിയന്‍ നിര്‍മിത ബി.ഡി.എസ്. യന്ത്രം.
അഞ്ച് കുതിരശക്തി മുതല്‍ ഒമ്പത് കുതിരശക്തിവരെയുള്ള ഡീസല്‍ എന്‍ജിനും അതിനോടൊപ്പം ഘടിപ്പിക്കാവുന്ന കാര്‍ഷികയന്ത്രങ്ങളും ചേര്‍ന്ന വിവിധ മോഡല്‍ യന്ത്രസംവിധാനങ്ങള്‍ കമ്പനി പുറത്തിറക്കുന്നുണ്ട്. പുല്ല് മുറിച്ചെടുക്കാനും കളകള്‍ വെട്ടിമാറ്റാനും േയാജിച്ച കട്ടര്‍ബാര്‍ സംവിധാനവും ഏകദേശം പത്ത് സെന്റിമീറ്റര്‍ ആഴത്തില്‍ മണ്ണ് ഉഴുതുമറിക്കാന്പോന്ന റോട്ടവേറ്ററും നെല്പാടങ്ങളിലും പച്ചക്കറികള്‍ക്കും മരുന്ന് തളിക്കാനുള്ള പവര്‍ സ്പ്രെയറും ചേര്‍ന്ന സംയുക്ത സംവിധാനത്തിന് ഏകദേശം 2,20,000 രൂപയാണ് വില.
കൂടുതല്‍ സ്ഥലത്ത് പുല്‍കൃഷി ചെയ്തിട്ടുള്ള ക്ഷീരകര്‍ഷകര്‍ക്ക് ഇത്തരം യന്ത്രം ഉപയോഗിച്ച് വളരെവേഗം പുല്ല് മുറിച്ചെടുക്കാം. കൂടാതെ, വിശാലമായ കളിസ്ഥലങ്ങളിലെ പുല്ല് വെട്ടിമാറ്റുന്നതിനും റോഡിന് ഇരുവശങ്ങളിലുമുള്ള കളകള്‍ നീക്കംചെയ്യുന്നതിനും ഡീസല്‍ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന ഈ യന്ത്രംകൊണ്ട് സാധിക്കും.
നിരപ്പായ സ്ഥലങ്ങളില്‍ മണിക്കൂറില്‍ 30 സെന്റ് സ്ഥലത്തെ പുല്ല് മുറിച്ചെടുക്കാന്‍ ഇതിന് കഴിയും. ഒരു ലിറ്റര്‍ ഡീസല്‍ ഉപയോഗിച്ച് ഒന്നര മണിക്കൂര്‍ പ്രവര്‍ത്തിക്കാവുന്ന ഈ യന്ത്രം ഒരാള്‍ക്ക് നടന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.