
കുരുമുളക് കൃഷിയെ ബാധിക്കുന്ന പ്രധാന രോഗമാണ് ദ്രുതവാട്ടം. ഈ രോഗം കാരണം ആയിരക്കണക്കിന് ഏക്കര്‍ കുരുമുളക് തോട്ടങ്ങളാണ് കേരളത്തില്‍ നശിച്ചുപോയിട്ടുള്ളത്. ആകര്‍ഷകമായ ഉത്പന്നവില കര്‍ഷകരെ വീണ്ടും കുരുമുളക് കൃഷിയിലേക്ക് ആകൃഷ്ടരാക്കിയിരിക്കുകയാണ്.
ഈ രോഗനിയന്ത്രണം സാധ്യമാക്കിയാല്ത്തന്നെ നല്ല പരിരക്ഷ കുരുമുളക് കൃഷിക്ക് നല്കാന് കഴിയും. കടചീയല്‍, ചുവട് ചീയല്‍, മൂട് ചീയല്‍ എന്നീപേരുകളിലും അറിയപ്പെടുന്ന ഈ രോഗഹേതു 'ഫൈറ്റോഫ്തോറ കാപ്സിസി' എന്നയിനം കുമിളാണ്. കാലവര്‍ഷാരംഭത്തോടെയാണ് രോഗം കാണപ്പെടുന്നത്.
ഇലകള്‍, തണ്ട്, തിരി എന്നിവിടങ്ങളിലും കടഭാഗത്തും വേരിലും രോഗം കാണാം. കൊടിയുടെ ചുവടുഭാഗത്തുള്ള രോഗമാണ് വന്‍നാശം വരുത്തുന്നത്. മഴ ആരംഭിക്കുന്നതോടെ വംശവര്‍ധനയുണ്ടാവുന്ന കുമിളുകള്‍ വേരിലൂടെയോ കടഭാഗത്തുകൂടെയോ ചെടിയില്ക്കടന്ന് രോഗമുണ്ടാക്കുകയാണ് ചെയ്യുന്നത്.
ഇലകളില്‍ ചൂടുവെള്ളം വീണ് പൊള്ളിയതുപോലുള്ള കറുത്തപാടുകള്‍ ഉണ്ടായി ഇലകള്‍ മുഴുവന്‍ കരിഞ്ഞുണങ്ങുന്നു. ഇലകളില്‍നിന്ന് തിരിയിലേക്കും തണ്ടുകളിലേക്കും രോഗം ബാധിക്കുന്നു. ഇതേത്തുടര്‍ന്ന് തണ്ടുകരിച്ചിലും തിരികൊഴിച്ചിലുമുണ്ടാവുന്നു. രോഗബാധയേറ്റ തണ്ടിന്റെ പുറംതൊലിയില്‍ പശപോലെ ഒരു ദ്രാവകം കാണാം. തിരികളിലെ മണികള്‍ ചുളുങ്ങിപ്പോകുന്നു.
രോഗബാധയില്ലാത്ത സ്ഥലത്തുനിന്ന് നല്ല ആരോഗ്യമുള്ളതും രോഗബാധയില്ലാത്തതുമായ നടീല്‍വസ്തുക്കള്‍ ശേഖരിച്ചുനടാന് ശ്രദ്ധിക്കണം. വള്ളിയുടെ ചുവടുഭാഗത്ത് വെള്ളം കെട്ടി നില്‍ക്കാതെ നീര്‍വാര്‍ച്ച സൗകര്യവും മരങ്ങളുടെ കൊമ്പ് കോതിക്കൊടുത്ത് നല്ല സൂര്യപ്രകാശവും തോട്ടത്തില്‍ വായുസഞ്ചാരവും ഉറപ്പുവരുത്തണം. മഴക്കാലത്ത് കൊടിയുടെ ചുവട്ടില്‍ മണ്ണിളക്കുകയോ തടം കിളയ്ക്കുകയോ ചെയ്യരുത്. ചെന്തലകള്‍ മഴയ്ക്ക് മുന്‍പ് മുറിച്ചുമാറ്റുകയോ താങ്ങുമരത്തോട് ചേര്‍ത്തുകെട്ടി കൊടുക്കുകയോ വേണം. െജെവികരീതിയില് രോഗനിയന്ത്രണം സാധ്യമാക്കുന്നതിന് ജൈവവളപ്രയോഗം അനിവാര്യഘടകമാണ്. 10. കി.ഗ്രാം വേപ്പിന്‍പിണ്ണാക്ക് 90 കി.ഗ്രാം ഉണക്ക ചാണകപ്പൊടി എന്നിവ തണലത്ത് കൂട്ടിച്ചേര്‍ത്ത് കുഴഞ്ഞുപോവാത്ത പരുവത്തില്‍ നനച്ച് ഷീറ്റിന് മുകളില്‍ ഒരടി ഉയരത്തില്‍ നിരത്തിയശേഷം ഇതിനുമുകളില്‍ ഒരു കി.ഗ്രാം ട്രൈക്കോഡര്‍മ മിത്രകുമിള്‍ കള്‍ച്ചര്‍ വിതറി ചണചാക്ക് കൊണ്ടോ കടലാസ്കൊണ്ടോ മൂടിവെക്കുക. ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാന്‍ അഞ്ചുദിവസത്തിലൊരിക്കല്‍ നനയ്ക്കുക. രണ്ടാഴ്ച കഴിയുന്നതോടെ കുമിളുകള്‍ വളര്‍ന്നുപെരുകും. ചെടിയൊന്നിന് ഒരു കി.ഗ്രാം മുതല്‍ രണ്ടു കി.ഗ്രാം വരെ കാലവര്‍ഷാരംഭത്തിന് മുന്‍പ് കൊടുക്കാം.
സ്യൂഡോമോണസ് ഫ്ലൂറസെന്‍സ് എന്ന ബാക്ടീരിയെ ഉപയോഗിച്ചും രോഗനിയന്ത്രണമാകാം. പൗഡര്‍ രൂപത്തിലുള്ള സ്യൂഡോമോണസ് 5 മുതല്‍ 10 ഗ്രാം വരെ ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് 5 മുതല്‍ 10 ലിറ്റര്‍ വരെ ലായനി ചെടിയുടെ കടഭാഗത്ത് ഒഴിച്ചുകൊടുക്കുകയും ഇലകളില്‍ തളിക്കുകയും ചെയ്യാം. രാസനിയന്ത്രണമാര്ഗമാണ് സ്വീകരിക്കുന്നതെങ്കില്‍ രോഗബാധയേറ്റ ചെടിയെ പൂര്‍ണമായും പറിച്ചുമാറ്റി തീയിട്ട് നശിപ്പിച്ചശേഷം ചെടിനിന്ന സ്ഥലത്ത് 0.2 ശതമാനം വീര്യത്തില്‍ കോപ്പര്‍ ഓക്സിക്ലോറൈഡ് ലായനിയോ ഒരുശതമാനം വീര്യത്തില്‍ ബോര്‍ഡോ മിശ്രിതമോ മണ്ണില്‍ ഒഴിച്ചുകൊടുക്കണം.
കാലവര്‍ഷാരംഭത്തിന് മുന്‍പും പിന്‍പും മേല്പറഞ്ഞ ലായനി വള്ളിയൊന്നിന് 5 മുതല്‍ 10 ലിറ്റര്‍ തോതില്‍ മണ്ണില്‍ ഒഴിച്ചുകൊടുക്കുകയും വള്ളിയില്‍ തളിക്കുകയും ചെയ്യാം. ചെടിയുടെ കടഭാഗത്ത് ഒരു മീറ്റര്‍ ഉയരംവരെ ബോര്‍ഡോ പേസ്റ്റോ റബ്ബര്‍കോട്ടില്‍ അക്കോമിന്‍ ചേര്‍ത്ത മിശ്രിതമോ (1.കി.ഗ്രാം റബ്ബര്‍ കോട്ടില്‍ 10.മി.ലി. അക്കോമിന്‍), തണ്ടില്‍ തേച്ചുകൊടുക്കുന്നത് നല്ലതാണ്.
രോഗംവന്ന തോട്ടങ്ങളില്‍ അക്കോമിന്‍ നാല് മില്ലി ലിറ്റര്‍-ഒരു ലിറ്റര്‍, കോപ്പര്‍ ഓക്സിക്ലോറൈഡ് രണ്ട് ഗ്രാം-ഒരുലിറ്റര്‍ എന്ന തോതില്‍ ഏതെങ്കിലുമൊരു ലായനി ചെടിയുടെ കടഭാഗത്ത് ഒഴിച്ചു കൊടുക്കുന്നതും പശ ചേര്‍ത്ത് ഇലകളില്‍ തളിച്ചുകൊടുക്കുന്നതും നല്ലതാണ്.