പ്രാവുകള്‍ക്ക് രോഗം പിടിപെടുമ്പോള്‍

Posted on: 18 May 2014

ഡോ. പി.കെ. മുഹ്സിന്‍



ഓമനപ്പക്ഷികളോട് പ്രത്യേകിച്ച് പ്രാവുകളോട് ആളുകള്‍ക്ക് ആഭിമുഖ്യം കൂടി വരികയാണ്. ഹോബിയെന്നതിന് പുറമേ, നല്ലൊരു വരുമാനമാര്‍ഗം കൂടിയാണ് പ്രാവ് വളര്‍ത്തല്‍. പക്ഷേ, പ്രതീക്ഷിക്കാതെ വരുന്ന ചില സാംക്രമികരോഗങ്ങള്‍ പ്രാവു വളര്‍ത്തലുകാരെ നിരാശപ്പെടുത്തുന്നു. ഇത്തരം പ്രധാന സാംക്രമികരോഗങ്ങള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം.

ഓര്‍ണിത്തോസിസ്

പ്രാവുകളെയും പ്രാവുകളില്‍ കൂടി മനുഷ്യരെയും ബാധിക്കുന്ന ജന്തുജന്യ രോഗം കൂടിയാണ് ഇത്. മൂന്ന് ആഴ്ച പ്രായമുള്ളവയെയാണ് ഈ രോഗം ബാധിക്കുന്നത്. രോഗകാരിയായ അണു വായു, ഭക്ഷണം, വെള്ളം വിസര്‍ജ്യ വസ്തുക്കള്‍ എന്നിവയില്‍ കൂടി ശരീരത്തില്‍ പ്രവേശിക്കുന്നു.

തീറ്റമടുപ്പ്, ഭാരക്കുറവ്, ശ്വാസം വിടുമ്പോള്‍ പതിവില്ലാത്ത തരത്തിലുള്ള ശബ്ദം, കണ്ണുകള്‍ രണ്ടും ചുവന്ന് തുടുത്തിരിക്കുക, കണ്‍പോളകള്‍ ഒട്ടിച്ചേരല്‍, കഫത്തോട് കൂടിയ വയറിളക്കം എന്നിവയാണ് കുഞ്ഞുങ്ങളില്‍ കാണുന്ന ലക്ഷണങ്ങള്‍.

ക്രമേണ ശ്വാസനാളത്തെ ബാധിക്കുന്നതോടെ കൊക്ക് തുറന്ന് ശ്വസിക്കാന്‍ തുടങ്ങും. ന്യുമോണിയ, ഹൃദയസ്തംഭനം എന്നിവ കാരണമാണ് മരണം സംഭവിക്കുന്നത്. വലിയ പ്രാവുകള്‍ പറയത്തക്ക ലക്ഷണങ്ങളൊന്നും കാണിക്കാതെ അണുവാഹകരായി പ്രവര്‍ത്തിക്കുന്നു

യങ് ബേര്‍ഡ് സിക്ക്നസ്

വൈറസ്, ബാക്ടീരിയ, പ്രോട്ടോസോവ തുടങ്ങിയവയുടെ ഒരു സമ്മിശ്രമാണ് അസുഖമുണ്ടാക്കുന്നത്. തള്ളപ്പക്ഷികളില്‍നിന്ന് കുഞ്ഞുങ്ങളെ മാറ്റിപ്പാര്‍പ്പിക്കുക, ചൂട് കാലാവസ്ഥ, ചെറുപ്രായത്തിലുള്ള പരിശീലനം തുടങ്ങിയവ രോഗം വരാനുള്ള ചില കാരണങ്ങളാണ്.
അസുഖം രണ്ട് വിധത്തില്‍ കണ്ടുവരുന്നു. ആദ്യത്തെ ഇനത്തില്‍ രോഗ ലക്ഷണങ്ങളൊന്നും കാണിക്കാതെ പെട്ടെന്ന് ചാവുന്നു. രണ്ടാമത്തെ വിധത്തിലാവട്ടെ ചിറക് ഉയര്‍ത്തിപ്പിടിച്ച് കൂനിക്കൂടി ഇരിക്കുക, ഭക്ഷണത്തോട് താത്പര്യക്കുറവ്, തീറ്റ സഞ്ചി വീര്‍ത്തുവരിക, ഭാരക്കുറവ്, പച്ചയും മഞ്ഞയും കലര്‍ന്ന വയറിളക്കം, ഛര്‍ദി എന്നീ ലക്ഷണങ്ങള്‍ കാണിക്കുന്നു. രോഗലക്ഷണങ്ങള്‍ കാണിച്ച് മൂന്ന് മുതല്‍ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ കുഞ്ഞുങ്ങള്‍ ചത്തുപോവുന്നു. ചികിത്സ ഒരു പരിധിവരെ ഫലപ്രദമാണ്.

പാരമിക്‌സോ വൈറസ് രോഗം

കോഴിവസന്ത പോലെയുള്ള ഒരു രോഗമാണ് ഇത്. നേരിട്ടുള്ള സ്പര്‍ശനത്തിലൂടെ രോഗം പകരുന്നു. ധാരാളം വെള്ളം കുടിക്കുക, ഭക്ഷണം കഴിക്കാതിരിക്കുക, ശരീരക്ഷീണം, കാലുകള്‍ക്ക് തളര്‍ച്ച, കഴുത്ത് പിരിക്കുക, കഴുത്ത് കുടയല്‍, ശരീരം ചലിപ്പിച്ചുകൊണ്ടിരിക്കുക, പിറകോട്ട് നടക്കുക എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണിച്ചാല്‍ മൂന്ന് നാല് ദിവസത്തിനുള്ളില്‍ പ്രാവുകള്‍ ചത്തുപോവും. പ്രതിരോധ കുത്തിവെപ്പുകള്‍ ഫലപ്രദമാണ്. അണുനാശിനികള്‍ ഉപയോഗിച്ച് കൂടുകള്‍ കഴുകുക, കാഷ്ഠം അപ്പപ്പോള്‍ മാറ്റുക, കഴുകിയ കൂടുകളില്‍ സൂര്യപ്രകാശം കൊള്ളിക്കുക എന്നിവ രോഗം തടയാന്‍ ഉപകരിക്കും.

വസൂരി

ഈ രോഗം പ്രാവിന്‍ കുഞ്ഞുങ്ങളിലാണ് കൂടുതല്‍ കണ്ടുവരുന്നത്. രണ്ട് രീതിയില്‍ രോഗം കണ്ടുവരുന്നു. ഒന്നാമത്തെ ഇനത്തില്‍ തൊലിപ്പുറത്ത്രോഗലക്ഷണങ്ങള്‍ കാണാം. കണ്ണ്, ചുണ്ട്, വായുടെ ഇരുവശങ്ങള്‍ എന്നിവിടങ്ങളില്‍ പഴുപ്പ് നിറഞ്ഞ വ്രണം ഉണ്ടാകുന്നു. ചില അവസരങ്ങളില്‍ ഇവ പൊട്ടിയൊലിക്കുന്നു.

രണ്ടാമത്തെ ഇനത്തില്‍ തീറ്റസഞ്ചിയുടെയും അന്നനാളത്തിന്റെയും ശ്‌ളേഷ്മസ്തരത്തോട് പറ്റിപ്പിടിച്ച് ചില വ്രണങ്ങള്‍ ഉണ്ടാകുന്നു. ഇത് തീറ്റ എടുക്കുന്നതിനെയും ശ്വാസം കഴിക്കുന്നതിനെയും പ്രതികൂലമായി ബാധിക്കുന്നു. ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന ഈ രോഗത്തെ ശരിയായ ചികിത്സകൊണ്ട് ഒരു പരിധിവരെ സുഖപ്പെടുത്താം.

വൈറസ് രോഗമായതിനാല്‍ വര്‍ഷംതോറും കുത്തിവെപ്പിച്ച് പ്രതിരോധ ശക്തി നേടാം. രോഗം വന്നവയെ മാറ്റി പാര്‍പ്പിക്കുക, ആഴ്ചയിലൊരിക്കല്‍ കൂടുകളില്‍ കീടനാശിനി പ്രയോഗം നടത്തുക എന്നിവയും പ്രതിരോധത്തില്‍ ഉപയുക്തമാണ്.

ഹെര്‍പ്പിസ്

ആറ്് മാസത്തിന് താഴെയുള്ള പ്രാവുകളില്‍ കാണുന്ന ഈ രോഗം അന്നനാളത്തെയും ശ്വാസകോശത്തെയുമാണ് പ്രധാനമായും ബാധിക്കുന്നത്.

തുടര്‍ച്ചയായ തുമ്മല്‍, കണ്ണിന് ചുവന്ന നിറം, വായ്ക്കുള്ളില്‍ വ്രണങ്ങള്‍, കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും കൊഴുപ്പ്കലര്‍ന്ന ദ്രാവകംവരല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ഛര്‍ദി, തളര്‍ച്ച തുടങ്ങിയ ലക്ഷണങ്ങളും ചിലപ്പോള്‍ കാണാം. പ്രാവുകളുടെ മരണത്തിന് കാരണമാകുന്ന ഒരു രോഗമാണ് ഇത്.

മലേറിയ

ഹീമോ പ്രോട്ടിയസ് എന്ന വിഭാഗത്തില്‍പ്പെട്ട ഏകകോശ ജീവിയാണ് ഈ രോഗം ഉണ്ടാക്കുന്നത്. ഭക്ഷണം കഴിക്കാതെ തൂങ്ങിപ്പിടിച്ചിരിക്കുക, കഴുത്ത് പിരിക്കുക തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. രക്തപരിശോധനയിലൂടെ രോഗനിര്‍ണയം നടത്താം. ശരിയായ ചികിത്സകൊണ്ട് രോഗം മാറ്റിയെടുക്കാം.


Stories in this Section