
കൊയ്ത്തുകഴിഞ്ഞ പാടത്തും ഇടവിളയായും മധുരക്കിഴങ്ങ് കൃഷിചെയ്താല്‍ നല്ലലാഭം കൊയ്യാമെന്നത് തിരുവനന്തപുരം പള്ളിച്ചല്‍ ചിറ്റിക്കോട് 'പ്രശാന്തിയി'ല്‍ ബാലചന്ദ്രന് നായരുടെ അനുഭവസാക്ഷ്യം.
പതിനേഴുവര്‍ഷമായി നെല്ല്, വാഴ, പച്ചക്കറികള്‍, മരച്ചീനി എന്നീയിനങ്ങള്‍ മുടങ്ങാതെ കൃഷിചെയ്യുന്ന അദ്ദേഹം ഒരേക്കര്‍ സ്ഥലം മധുരക്കിഴങ്ങ് കൃഷിക്കായി നീക്കിവെച്ചിരിക്കുന്നു. മുന്‍കാലങ്ങളില്‍ നാടന്‍ ഇനങ്ങായ ഭദ്രകാളി ചുവല, കോട്ടയം ചുവല, ആനക്കൊമ്പന് എന്നിവയാണ് കൃഷി ചെയ്തിരുന്നത്. പക്ഷേ, എട്ടുവര്‍ഷമായി കൃഷിചെയ്യുന്നത് ശ്രീകാര്യം കേന്ദ്ര കിഴങ്ങുഗവേഷണകേന്ദ്രത്തിന്റെ 'ശ്രീഭദ്ര' എന്ന ഇനമാണ്.
നന സൗകര്യമുണ്ടെങ്കില്‍ എല്ലാകാലത്തും മധുരക്കിഴങ്ങ് കൃഷിചെയ്യാം. മഴക്കാലവിളയായി ജൂണ്‍, ജൂലായിയിലും സപ്തംബര്‍, ഒക്ടോബര്‍, ജനവരി, ഫിബ്രവരി മാസങ്ങളിലും കൃഷിചെയ്യാം. ഹൈറേഞ്ച് പ്രദേശങ്ങളില്‍ ഒക്ടോബര്‍-നവംബര്‍ മാസമാണ് നല്ലത്.
മണ്ണ് നന്നായി ആഴത്തില്‍ കിളച്ചശേഷം ആവശ്യാനുസരണം നീളത്തിലും രണ്ടടി വീതിയിലും നാലടി ഉയരത്തിലും വാരങ്ങളെടുത്തോ മണ്ണ് കൂനകൂട്ടിയോ നടാം. നടുന്നതിന് മുമ്പായി ഏക്കറിന് നാലുടണ്‍ ജൈവവളവും അരടണ്‍ ചാരവും അടിവളമായി ചേര്‍ക്കണം. 'ശ്രീഭദ്ര'യാണ് ബാലചന്ദ്രന്റെ കൃഷിക്കളത്തിലുള്ളത്. ചുവടുഭാഗം ഒഴിവാക്കിയ വള്ളിയുടെ മധ്യഭാഗവും അഗ്രഭാഗവുമാണ് നടാന്‍ ഉപയോഗിക്കേണ്ടത്. ആറ് മുട്ടുകള്‍ വരത്തക്കവിധം ഒന്നരയടി നീളമുള്ള വള്ളികളെ കെട്ടുകളാക്കി ചാണകവെള്ളത്തില്‍ മുക്കി തണലില്‍ മൂന്നുദിവസം സൂക്ഷിച്ചശേഷം നടുന്നതാണ് ഉചിതം. ഈകാലയളവില്‍ മുട്ടുകളില്‍നിന്ന് ചെറുവേരുകള്‍ വന്നുതുടങ്ങും. മൂന്ന് മുട്ടുകളെങ്കിലും മണ്ണിനടിയില്‍ വരത്തക്കവിധം പാടെ കിടത്തിയോ ചരിച്ചോ ഒരടി അകലത്തില്‍ നട്ട് ഉറപ്പിക്കണം. ഒരേക്കറില്‍ 10000 വള്ളികള്‍ നടാം. ഒരു തടത്തില്‍ രണ്ടുമൂന്നു വള്ളികള്വീതം നടുകയും വേണം. വള്ളിനട്ട് മൂന്നാംദിവസവും തുടര്‍ന്ന് പത്തുദിവസത്തിലൊരിക്കലും നനയ്ക്കണം. കള ഉണ്ടാകാതെ ശ്രദ്ധിക്കുന്നതോടൊപ്പം വള്ളിവീശി വളരുന്തോറും പാത്തികളിലെ മണ്ണെടുത്ത് ചുവട്ടിലിട്ട് അധികം താഴാതെ ചുവട് ഇളക്കിക്കൊടുക്കുയും വേണം. വിളവെടുപ്പിന് മൂന്നാഴ്ച ഉള്ളപ്പോള്‍ നന നിര്‍ത്തുകയും വിളവെടുപ്പിന്റെ തലേന്ന് നനച്ചാല്‍ കിഴങ്ങ് പൊട്ടാതെ വിളവ് എടുക്കുകയും ചെയ്യാം-തിരുവനന്തപുരത്തെ കര്‍ഷക കൂട്ടായ്മ സംഘമൈത്രിയുടെ ചെയര്‍ മാന്കൂടിയായ ബാലചന്ദ്രന് നായര്‍ പറഞ്ഞു.
110 ദിവസമാണ് ശ്രീഭദ്രയുടെ വിളവുകാലം ശരാശരി ഒരു വള്ളിയില്‍നിന്ന് 500 മുതല്‍ 750 ഗ്രാം കിഴങ്ങുകള്‍ ഉണ്ടാവും. നല്ല ചുവപ്പുനിറമാണ് ഇതിന്. പാകമായോ എന്നുനോക്കാന്‍ കിഴങ്ങ് മുറിച്ചുനോക്കണം. ഇവയുടെ പ്രതലം ഈര്പ്പരഹിതമായിരുന്നാല് വിളഞ്ഞതായി കരുതാം. എത്രമോശപ്പെട്ട കൃഷിയായാലും ചുരുങ്ങിയത് അഞ്ചുടണ്‍ വിളവ് ലഭിക്കും. ഒരു കിലോയ്ക്ക് 25 രൂപ മുതല്‍ 30 രൂപവരെ വിലയുണ്ട്. ഒരേക്കറില്‍നിന്ന് ശരാശി ഒന്നേകാല്‍ ലക്ഷത്തിന്റെ വരവുണ്ടാകും. കൃഷിപ്പണികള്‍ക്കായി അരലക്ഷം രൂപ ചെലവാകും. എന്നാലും ചുരുങ്ങിയ കാലംകൊണ്ട് കര്ഷന് മുക്കാല്‍ലക്ഷം രൂപയുടെ നേട്ടം ഉണ്ടാവും.
നല്ല നടീല്‍വസ്തുക്കള്‍ തിരഞ്ഞെടുത്താല്‍ കീടങ്ങളെയും രോഗങ്ങളെയും ഒഴിവാക്കാം. നടുമ്പോള്‍ 0.05 ശതമാനം വീര്യമുള്ള ഫെനിട്രോത്തയോണ് ലായനിയില്‍ വള്ളികള്‍ 10 മിനിറ്റ് മുക്കിയശേഷം നട്ടാല്‍ മധുരക്കിഴങ്ങിന്റെ മുഖ്യശത്രുവായ ചെറുചെല്ലിയെ ഒഴിവാക്കാം. ഫെറമോണ്‍ കെണിസ്ഥാപിച്ചും ഇതില്ലാതാക്കും. വിളവെടുത്ത് മധുരക്കിഴങ്ങ് തറയില്‍ നിരത്തിവെച്ചാല്‍ 3-4 മാസക്കാലം കേടുവരാതെയിരിക്കും.
ദിവസംകഴിയുന്തോറും ജലാംശം വറ്റി മധുരത്തിന്റെ അളവുകൂടും. സ്ഥലപരിമിതിയുള്ളവര്പ്പോലും ഒരു സെന്റ് സ്ഥലത്ത് കൃഷിചെയ്താല്‍ വീട്ടാവശ്യത്തിനുള്ള മധുരക്കിഴങ്ങ് സ്വന്തമാക്കാം. ടെറസില്‍ ചാക്കുകളില്‍ മണ്ണുനിറച്ച് വള്ളികള്‍ നട്ടും വിളവെടുക്കാം.
ആഗോള ഭക്ഷ്യവിളകളില്‍ ആറാംസ്ഥാനത്ത് നില്ക്കുന്ന ഈ കൃഷി കേരളത്തിലെ സ്ഥലപരിമിതിമൂലം കുറഞ്ഞുവരുന്നതായിട്ടാണ് കാണുന്നത്. 2011-ലെ കണക്കുപ്രകാരം നമ്മുടെ സംസ്ഥാനത്ത് 250 ഹെക്ടര്‍ സ്ഥലത്ത് മാത്രമാണ് ഈ കൃഷിയുള്ളത്. ഇന്ത്യയില്‍ ഒഡിഷ, ബിഹാര്‍, ഉത്തര്‍പ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലാണ് ഇത് കൂടുതലായി കൃഷിചെയ്തുവരുന്നത്.
വിവരങ്ങള്‍ക്ക് ഫോണ്‍: 9497009168.