
മാവുകള്‍ പുഷ്പിച്ചുകൊണ്ടിരിക്കുകയാണ്. തണുപ്പ് കുറഞ്ഞ് താപനില കൂടിയതിനാലാണ് ഇപ്പോള്‍ പൂക്കള്‍ ഉണ്ടാകുന്നത്. പക്ഷേ, ഇതുകണ്ട് അതിമോഹം അരുത്. പലവിധ കാരണങ്ങളാല്‍ മാവില്‍ കായ്പിടിത്തം കുറയും.
മാവിന്പൂങ്കുലയില് രണ്ടുതരം പുഷ്പങ്ങള്‍ കാണാം. പൂങ്കുലയുടെ അടിഭാഗത്തുള്ളവ ആണ്‍പുഷ്പങ്ങളും മുകളിലായി കാണുന്നവയില്‍ ചിലത് ദ്വിലിംഗ പുഷ്പങ്ങളുമായിരിക്കും. ദ്വിലിംഗ പുഷ്പങ്ങളില്‍ നിന്നുമാത്രമേ പരാഗണത്തിനുശേഷം കായ്കള്‍ ഉണ്ടാകുകയുള്ളൂ. കാലപ്പാടി, നീലം മാവിനങ്ങളില്‍ ഈ വര്‍ഷം തളിരിലകളും പൂങ്കുലകളും ഒരുമിച്ച് കാണുന്നു. എല്ലാവര്‍ഷവും കായ്ക്കുന്ന ഇനങ്ങളുടെ ഒരു സ്വഭാവമാണിത്. അന്തരീക്ഷ താപനില കൂടുന്നതിനനുസരിച്ച് ദ്വിലിംഗപുഷ്പങ്ങളുടെ എണ്ണവും കൂടുന്നതായി കണ്ടിട്ടുണ്ട്. നീലം, സാധാരണയായി മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളിലാണ് പൂവിടുന്നത്. ഈ മാസങ്ങളില്‍ ചൂട് കൂടിയതിനാല്‍ ദ്വിലിംഗ പുഷ്പങ്ങളുടെ എണ്ണവും കൂടും. നീലം മാവ് കുലകളിലായി കായ്ച്ചുനില്ക്കുന്ന കാഴ്ച അതിമനോഹരമാണ്.
മാവില്‍ കായ്കളുണ്ടാകാന് പരപരാഗണം ആവശ്യമാണ്. ഈച്ചകള്‍, ഉറുമ്പുകള്‍, വണ്ടുകള്‍ എന്നിവയിലൂടെ മാവില്‍ പരാഗണം നടക്കുന്നു. കായ്പിടിത്തമുണ്ടായി ഒരുമാസത്തിനുള്ളില്‍തന്നെ 90 മുതല്‍ 99 ശതമാനം കായ്കള്‍ വീണുപോകും. വളര്‍ന്നുവരുന്ന കായ്കള്‍ തമ്മിലുള്ള മത്സരവും സസ്യഹോര്‍മോണുകളുടെ കുറവും കായ്വീഴ്ച കൂടാന്‍ കാരണമാകും. ഇത് കുറയ്ക്കാനും വിളവ് വര്‍ധിപ്പിക്കാനുമുള്ള ഉപാധിയാണ് ഹോര്‍മോണ്‍ പ്രയോഗം. നാഫ്തലിന്‍ അസറ്റിക് ആസിഡ് എന്ന സസ്യ ഹോര്‍മോണ്‍ രണ്ട് മുതല്‍ മൂന്ന് മില്ലിലിറ്റര്‍ വരെ അഞ്ചുലിറ്റര്‍ വെള്ളത്തില്‍ കലക്കി കായ്പിടിത്തമുണ്ടായി രണ്ടാഴ്ചയ്ക്കുശേഷം കുലകളില്‍ തളിച്ചുകൊടുക്കണം. കടകളില്‍ 'പ്ലാനോഫിക്സ് 4.5 എസ്.എല്‍.' എന്ന പേരില്‍ ഇത് ലഭ്യമാണ്.