
നമ്മുടെ നാട്ടില്‍ ഈയടുത്തകാലത്ത് വളരെ പ്രചാരം നേടിയിരിക്കുന്ന വൃക്ഷസുഗന്ധവിളയാണ് സര്‍വസുഗന്ധി അഥവാ ആള്‍സ്പൈസ്. പേരുപോലെതന്നെയാണീ വിളയുടെ ഗുണവുമെന്നതാണ് രസകരം. ജാതി, ഗ്രാമ്പൂ, കറുവപ്പട്ട, കുരുമുളക് എന്നിങ്ങനെ ഒട്ടുമിക്ക സുഗന്ധവിളകളുടെയും സമ്മിശ്രഗന്ധവും ഗുണമേന്മയും ഒത്തിണങ്ങിയതാണിത്.
ഇതില്‍ ആണ്‍ചെടിയും പെണ്‍ചെടിയുമുണ്ട്. ആണ്ചെടിയില്, കായ്കള്‍ ഉണ്ടാവില്ല. ഇതിന്റെ ഇല, പറിച്ചെടുത്ത് ബിരിയാണിയില്‍ ചേര്‍ക്കാറുണ്ട്. പെണ്‍മരങ്ങള്‍ ഏഴുവര്ഷമായാല് പുഷ്പിച്ച് കായ്പിടിക്കും.
സര്വസുഗന്ധിയെ സസ്യശാസ്ത്രത്തില്‍ പറയുന്നത് പിമെന്റാ ഡയോയിക്ക എന്നാണ്. വെസ്റ്റിന്‍ഡീസ്, മധ്യ അമേരിക്കന്‍ പ്രദേശങ്ങളാണിതിന്റെ ജന്മസ്ഥലം. എന്നാല്‍, വാണിജ്യാടിസ്ഥാനത്തില്‍ സര്‍വസുഗന്ധി കൃഷിയിറക്കിവരുന്നത് ഏറെയും ജമൈക്കയിലാണ്. ജമൈക്കയില്‍ കുരുമുളകിന് സമാനമായിട്ട് ഉപയോഗിച്ചുവരുന്നതിനാല്‍, സര്വസുഗന്ധിയെ ജമൈക്കന്‍ പെപ്പര്‍ എന്നും പറയുന്നു. ഇന്ത്യയില്‍ സര്‍വസുഗന്ധിയുടെ കൃഷിക്ക് ഏറെ പ്രചാരമായിട്ടില്ല. എന്നാല്‍, കേരളത്തില്‍ മിക്ക വീട്ടുപറമ്പിലും ഒരു മരമെങ്കിലും നടാന്‍ ഇപ്പോള്‍ പലരും ശ്രമിച്ചുവരുന്നു.
ഗ്വാട്ടിമാല, ബ്രസീല്‍, മെക്സിക്കോ, ഹോണ്ടുറാസ് എന്നിവിടങ്ങളില്‍ സര്‍വസുഗന്ധിയുടെ കൃഷിയുണ്ട്. ഇന്ത്യയില്‍ സര്വസുഗന്ധിച്ചെടി ആദ്യം കൊണ്ടുവന്നത് ബ്രിട്ടീഷുകാരാണ്. കേരളത്തിലെ ഹൈറേഞ്ചിലും തമിഴ്നാട്, കര്‍ണാടകം എന്നിവിടങ്ങളിലും ഇത് ഏറെയുണ്ട്. ഇതിന് നല്ല വ്യാവസായിക പ്രാധാന്യവും ഔഷധ പോഷക ഗുണവുമുണ്ട്. സര്വസുഗന്ധിയില, കുരു എന്നിവയില്‍നിന്ന് സുഗന്ധതൈലം വേര്‍തിരിക്കാം.
ആണ്‍ചെടിയും പെണ്‍ചെടിയും വ്യത്യസ്തമാണിതില്. 10 പെണ്‍ചെടിക്ക് ഒരു ആണ്ചെടിയായി നടണം.
രണ്ട് കുരുമുളക് മണികള്‍ ചേര്‍ന്നത്ര വലിപ്പമാണിതിന്റെ കായ്കള്‍ക്കുള്ളത്. ഇവ പഴുക്കുന്നതിനുമുമ്പ് പറിച്ച് ഉണക്കി ഉപയോഗിക്കാം. എന്നാല്‍, വിത്താവശ്യത്തിനാണെങ്കില്, നന്നായി മൂപ്പായിമാത്രമേ പറിക്കാവൂ. കുരുവിലെ പള്‍പ്പ് നീക്കി മണ്ണ്, മണല്‍, കാലിവളം ചേര്‍ത്ത വാരണയില് വിത്ത് പാകണം.