കരിമ്പം ഫാമിലേക്ക് വരൂ
Posted on: 05 Feb 2014
ഇരുന്നൂറിലധികം മാവിനങ്ങള്‍ കൃഷിചെയ്യുന്ന ഇന്ത്യയിലെ ഒരേയൊരു തോട്ടമാണ് കരിമ്പം ഫാം. ബ്രിട്ടീഷ് ജൈവശാസ്ത്രകാരനായ ആല്‍ഫ്രഡ് ബാര്‍ബര്‍ 1905-ല്‍ തുടങ്ങിയ സ്ഥാപനം തുടക്കത്തില്‍ വെള്ളക്കാരുടെ പ്രിയ ഇനമായ കറുത്തപൊന്നിന്റെ ഗവേഷണത്തിന് പ്രാധാന്യം നല്‍കിയെങ്കിലും 1938-ല്‍ മാവ് ഗവേഷണത്തിലേക്ക് വഴിമാറി. പിന്നീട് വെച്ചടി കയറ്റമായിരുന്നു. മലബാറുകാരുടെ അഭിമാനമായി മാറാന്‍ കണ്ണൂര്‍ തളിപ്പറമ്പിനടുത്ത കരിമ്പം ഫാമിന് അധിക താമസമുണ്ടായില്ല.
മാവ് മുതല്‍ മാങ്കോസ്റ്റിന്വരെയുള്ള മിക്ക പഴവര്ഗസസ്യങ്ങളുടെയും ഗ്രാഫ്റ്റ് തൈകള്‍ ഇന്ന് ഈ ഫാമില്‍ ലഭ്യമാണ്. അത്യുത്പാദനശേഷിയുള്ള എല്ലാ മാവിനങ്ങളുടെയും സയണ്‍ ഫാമില്‍ത്തന്നെ ലഭ്യമായതിനാല്‍ ഇവിടെനിന്ന് വില്പന നടത്തുന്ന മാവിനങ്ങളുടെ ഗുണമേന്മയില് പൂര്‍ണമായി വിശ്വസിക്കാം. കേരളത്തിലങ്ങോളമുള്ള വിവിധ ഏജന്‍സികളുടെ നഴ്സറികളില്‍ മാവ് ഗ്രാഫ്റ്റ് തൈകളുടെ വില നൂറ് കടക്കുമ്പോഴും കരിമ്പത്തെ തൈകള്‍ക്ക് 45മാത്രം. കിര്ണിയില് ഒട്ടിച്ചെടുക്കുന്ന അത്യുത്പാദനശേഷിയുള്ള സപ്പോട്ട തൈക്കും വില 45 തന്നെ. 40 രൂപയ്ക്ക് തേന്‍വരിക്ക ഗ്രാഫ്റ്റും 90 രൂപയ്ക്ക് മാങ്കോസ്റ്റിനും റമ്പൂട്ടാനും വിശ്വസിച്ച് വാങ്ങാം. ജാതി ഗ്രാഫ്റ്റ് തൈകള്‍ക്ക് 500 രൂപ കൊടുക്കാന്‍ തയ്യാറാകുന്ന കര്‍ഷകര്‍ ചതിക്കുഴിയില്പെടുന്നത് അറിയുന്നില്ല. അത്യുത്പാദനശേഷിയുള്ള ജാതി ഗ്രാഫ്റ്റിന് ഇവിടെ വില 200 രൂപ മാത്രം.
ഫലവൃക്ഷതൈകള്‍ മാത്രമല്ല, ഔഷധസസ്യങ്ങളും പച്ചക്കറിവിത്തുകളും ഫാമില്‍ വില്പനയ്ക്കുണ്ട്. കുറ്റിക്കുരുമുളകാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണം. ചെടിച്ചട്ടിയില്‍ വളര്‍ത്താവുന്ന രണ്ട് കുറ്റിക്കുരുമുളക് തൈയുണ്ടെങ്കില്‍ ഒരു വീട്ടിലേക്കാവശ്യമായ മുഴുവന്‍ കുരുമുളകും ഉത്പാദിപ്പിക്കാം. അതുകൊണ്ടുതന്നെ പോളിബാഗില്‍ വില്പന നടത്തുന്ന കുറ്റിക്കുരുമുളകിന് ആവശ്യക്കാരേറെയാണ്.
ടിഷ്യൂകള്‍ച്ചര്‍ വാഴത്തൈകളും ഇവിടെ ഉത്പാദിപ്പിച്ച് വിതരണംചെയ്യുന്നു. തുറസ്സായ സ്ഥലത്ത് കൃഷിചെയ്യാവുന്ന നേന്ത്രന്തൈകള്ക്കും തെങ്ങിന്‍തോട്ടത്തില്‍ വളര്‍ത്താവുന്ന ഗ്രാന്റ്നയന് തൈകള്‍ക്കും വില 15 രൂപയാണ്.
ബ്രിട്ടീഷുകാര്‍ തുടങ്ങിയതുകൊണ്ടാകണം വൈന്‍ ഉത്പാദനത്തിന് ഉപയോഗിക്കുന്ന കാട്ടമ്പി, പുനാര്‍പുളി, ചതുരപ്പുളി തുടങ്ങി ഇന്ന് നാമാവശേഷമായിക്കൊണ്ടിരിക്കുന്ന രാജപ്പുളിവരെ കരിമ്പം ഫാമിലുണ്ട്. നാടിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ഇവിടത്തെ ജൈവവൈവിധ്യകേന്ദ്രം സന്ദര്‍ശിക്കാന്‍ വരുന്നവരുടെ എണ്ണം കൂടിവരുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല.
ജില്ലാപഞ്ചായത്തിന്റെ സഹകരണത്തോടെ 2009-ല്‍ ആരംഭിച്ച വിപണനകേന്ദ്രം കരിമ്പം ഫാമിന്റെ വളര്‍ച്ചയിലെ നാഴികക്കല്ലായി. കേരളത്തില്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന കരിമ്പം ഫാമിന്റെ പോയവര്‍ഷത്തെ വിറ്റുവരവ് മുക്കാല്‍ കോടിയിലെത്തി നില്ക്കുന്നു.
പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.സി. ധനരാജിന്റെയും കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി.കെ. ഇസ്മായിലിന്റെയും കൃഷി ഓഫീസര്‍മാരായ ജമീല കുന്നത്തിന്റെയും പി.ജി. ഹരീന്ദ്രന്റെയും നാല് കൃഷി അസിസ്റ്റന്റുമാരുടെയും പ്രയത്നം ഫാമിന്റെ വിജയത്തിന് പിന്നിലുണ്ട്. സര്‍വോപരി ഫാമിനെ സ്വന്തമെന്നപോലെ പരിപാലിക്കുന്ന തൊഴിലാളികളുടെ അക്ഷീണമായ പ്രയത്നംകൊണ്ടുമാണ് കരിമ്പം ഫാം വിജയത്തിന്റെ ചുവടുകള്‍ ചവിട്ടിക്കയറിയത്. ഫോണ്‍: 0460 2249608.
വീണാറാണി. ആര്.
കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍,
മണ്ണുപരിശോധനാ ലാബ്,
തളിപ്പറമ്പ്, കണ്ണൂര്‍