- അച്ചാമ്മ ജിന്‍സി, എടത്വ

ഒഴിഞ്ഞ മിനറല്‍ വാട്ടര്‍ കുപ്പിയില്‍ കൂണ് വളര്‍ത്താം. ആദ്യം ചൂടുവെള്ളം കൊണ്ട് കുപ്പിയുടെ ഉള്‍വശം നന്നായി കഴുകണം. കഴുത്തിനുതാഴെ ചെറുസുഷിരങ്ങളിടുക. അടപ്പില്നിന്ന് 2-3 ഇഞ്ച് താഴ്ത്തി വൃത്താകൃതിയില്‍ മുറിച്ച് മാറ്റിവെക്കുക.
അടപ്പുമാറ്റിയ കുപ്പിയുടെ ഭാഗം മുകളില്‍നിന്ന് താഴെക്ക് ബ്ലേഡ് ഉപയോഗിച്ച് അടിവശത്തിന് മീതെവരെ നെടുകേ കീറുക. അത് സെല്ലോടേപ്പ് ഉപയോഗിച്ച് ഒട്ടിക്കുക. ഇതുപോലെ മറുവശവും കീറി ടേപ്പ് ഒട്ടിക്കണം. പിന്നീട് കൂണ്‍ബെഡ് ഇളക്കിയെടുക്കാനാണിത്. ഇനി കുപ്പിയില്‍ വൈക്കോലും ചിപ്പിക്കൂണ്‍ വിത്ത് താഴെയും മുകളിലും എന്ന ക്രമത്തിലും വെക്കാം. 4-5 നിരയാകുമ്പോള് കുപ്പി നിറയും. ഇനി നേരത്തേ മുറിച്ചുമാറ്റിയ അടപ്പ് കുപ്പിയുടെ മീതെവെച്ച് ഒട്ടിക്കണം. കുപ്പിയുടെ മുകളിലെ അടപ്പും ഒട്ടിക്കുക. വായുസഞ്ചാരമുള്ള, അധികം വെളിച്ചമില്ലാത്ത മുറിയില്വെച്ചാല് 8-10 ദിവസം കഴിയുമ്പോള്‍ കൂണ് നാമ്പുകള്‍ തല നീട്ടുന്നത് കാണാം. ഒരു കുപ്പിയില്‍നിന്ന് പരമാവധി അരക്കിലോ വരെ കൂണ്കിട്ടും.