നാട്ടിലേക്ക് ഇറങ്ങുന്ന കാട്ടാനകളായിരുന്നു വയനാട്ടിലെ വനസമീപഗ്രാമങ്ങളുടെ സ്വപ്നങ്ങളെല്ലാം തകര്‍ത്തിരുന്നത്.ഒറ്റയായും കൂട്ടമായും ഇവ കാടുകള്‍ താണ്ടി കൃഷിയിടത്തിലിറങ്ങും. എല്ലാം ഒരു രാത്രി കൊണ്ട് ചവിട്ടിമെതിച്ച് കാട്ടാനക്കൂട്ടങ്ങള്‍ കാടുകയറും.എല്ലാം നഷ്ടപ്പെട്ട കര്‍ഷകരുടെ ദയനീയമായ ജീവിത കാഴ്ചകള്‍ വയനാടിന്റെ പതിവ് വാര്‍ത്തകളാണ്. ഇതിന് പരിഹാരമായി കിടങ്ങികളും വൈദ്യുത കമ്പിവേലികളും ഒക്കെയെത്തി .അപ്പോഴും വന്യമൃഗശല്യത്തെക്കുറിച്ച് തന്നെയാണ് നാട്ടുകാര്‍ക്ക് പറയാനുള്ളത്. ചെലവേറിയ പദ്ധതികള്‍ക്കൊന്നും സര്‍ക്കാരിന്റെ അനുമതി ലഭിക്കാതായതോടെ വന്യമൃഗങ്ങളില്‍ നിന്നും ഓടിയും ഒളിച്ചുമായി കര്‍ഷകരുടെ ജീവിതം.
ഇതിനൊരു പരിഹാരം എന്താണെന്ന് വനം വകുപ്പും തലപുകഞ്ഞ് ആലോചിച്ചു.വിദേശത്ത് നിന്നും എത്തിച്ച അകൈവ് എന്ന ജൈവവേലി പരീക്ഷിച്ചു.അഗ്ര ഭാഗത്ത് മുള്ളുകളുള്ള ഒരാള്‍ പൊക്കത്തില്‍ വളരുന്ന ഈ ചെടി ഒരു പരിധിവരെ പരിഹാരമായെങ്കിലും ആനകള്‍ ഇവയെയും ചവിട്ടിമെതിക്കാന്‍ കാലം ഏറെ കാത്തിരിക്കേണ്ടി വന്നില്ല.
ഇതിനിടയിലാണ് ഖാദി വില്ലേജ് ഇന്ഡസ്ട്രിയിലെ ഫീല്‍ഡ് വര്‍ക്കറായ കെ.കെ.ശങ്കരന്‍കുട്ടി ചെറിയൊരു പരീക്ഷണവുമായി എത്തുന്നത്. തേനീച്ചകളെ ഉപയോഗിച്ച് ആനകളെ തുരത്താന്‍ കഴിയുമെന്ന ചെറിയൊരു കണ്ടെത്തല്‍. സുഗന്ധഗിരിയിലെ അമ്പ എന്ന ആദിവാസി കോളനിയെ പരീക്ഷണശാലയാക്കി മാറ്റി.പതിവായി കാട്ടാനകള്‍ വന്നു പോകാറുള്ള വഴിയില്‍ തേനീച്ച കൂടുകള്‍ സ്ഥാപിച്ചു.ഈച്ചകളുടെ സാമിപ്യം അറിഞ്ഞതോടെ ആനകള്‍ വഴിമാറിപ്പോകാന്‍ തുടങ്ങി. ആനകള്‍ തെരഞ്ഞെടുത്ത മറ്റുവഴികളിലും കൂടുകള്‍ ഒരുക്കിവെച്ചതോടെ അവിടെ നിന്നും ഇവ പിന്മാറുന്നത് ശങ്കരന്‍കുട്ടിയെ അത്ഭുതപ്പെടുത്തി. ഇന്റര്‍നെറ്റ് വഴി ഇതിന്റെ സാങ്കേതികതകള്‍ തേടി ചെറിയൊരു അന്വേഷണം പിന്നെയും നടത്തി.രാജ്യത്തിന്റെ അതിര്‍ത്തികള്‍ കടന്നുപോയ അന്വേഷണം ചെന്നെത്തിയത് കെനിയയിലെ യു.കെ ബേയ്സ്ഡ് വൈല്‍ഡ് ലൈഫ് റിസര്‍ച്ചര്‍ ലെക്കി കിങ്ങിന് മുമ്പിലാണ്.എങ്ങിനെ തേനിച്ചകൂടുകള്‍ നിരത്തി വന്യജീവി പ്രതിരോധത്തിന് വേലികള്‍ ഒരുക്കാം എന്നതിന് ഇതോടെ ഉത്തരമായി.

പതിനെട്ടു വര്‍ഷത്തോളമായി തേനീച്ച വളര്‍ത്തലില്‍ പരിശീലനം നല്കുന്ന ശങ്കരന്‍കുട്ടി വൈകാതെ തന്നെ ഈ പ്രോജക്ട് വനം വകുപ്പിന്റെ മുന്നിലെത്തിക്കുകയായിരുന്നു .മൂന്നു തരത്തിലുള്ള മൂളലുകളാണ് തേനീച്ച പുറപ്പെടുവിക്കുക. ഈച്ചകളെ പ്രകോപിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ഭയപ്പെടുത്തുന്ന ശബ്ദമാണ് കാട്ടാനകളെ പോലും തിരികെ ഓടിക്കുക. ആദ്യഘട്ടത്തില്‍ തന്നെ പരീക്ഷണ വിജയം കണ്ടതോടെ ഈ പദ്ധതിയെ ഏറ്റെടുക്കാന്‍ വനം വകുപ്പിനും ഉത്സാഹമായി. അഗ്രികള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ ),നബാര്‍ഡ്,വന്യജിവി വകുപ്പ് എന്നിവര്‍ കൈകോര്‍ത്തതോടെ പദ്ധതി നടത്തിപ്പിന് രൂപരേഖയായി.
പൂതാടി പഞ്ചായത്തിലെ മാതമംഗലം എന്ന ഗ്രാമത്തില്‍ 2012ല്‍ 700 മീറ്റര്‍ നീളമുള്ള തേനീച്ച കൂട് വേലി വന്യമൃഗ പ്രതിരോധത്തിന് സാക്ഷ്യമായി മാറി.നാലു കിലോ മീറ്റര്‍ ദൂരത്തേക്ക് ഈ ജൈവവേലി ഇപ്പോള്‍ കൈകള്‍ നീട്ടുകയാണ്.500 തേനീച്ച കൂടുകളാണ് ഇതിനായി വേണ്ടി വരിക.എട്ടുമീറ്റര്‍ ദൂര പരിധിയില്‍ ഇവ ഒരോന്നായി സ്ഥാപിക്കും.ചെറിയ തൂണുകളില്‍ വലിച്ചു കെട്ടിയ കമ്പികളില്‍ ഇവ ഒരു പ്രത്യേക രീതിയിലാണ് ഉറപ്പിച്ചുനിര്‍ത്തുക.വന്യമൃഗങ്ങള്‍ ഏതെങ്കിലും കമ്പിയില്‍ ചെറിതായി ഒന്നു തട്ടിയാല്‍ പോലും തേനീച്ച കൂട് കീഴ്മേല്‍ മറിയും.ഇതോടെ തേനീച്ചകളുടെ ഇരമ്പമായി.ജീവനും കൊണ്ട് വന്ന വഴിയില്‍ ഓടിയകലുന്ന വന്യമൃഗങ്ങളെയാണ് പിന്നീട് കാണാന്‍ കഴിയുക.നാലു ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തിയാകുന്നതോടെ മൂന്നു ഗ്രാമങ്ങള്‍ക്ക് സ്വസ്ഥമായി ഉറങ്ങാനാവും.
തേനീച്ചകള്‍ പുറപ്പെടുവിക്കുന്ന ശബ്ദം ഒരു കിലോ മീറ്റര്‍ അകലെ നിന്നു പോലും ആനകള്‍ക്ക് കേള്‍ക്കാനാവും.തേനീച്ചകളുടെ ആക്രമണത്തിന്റെ ചൂടറിഞ്ഞ വന്യമൃഗങ്ങളൊന്നും ഈ വഴിക്ക് പിന്നെ വരില്ലെന്നതാണ് പ്രത്യേകത.ആഫ്രിക്കയില്‍ വിജയം കണ്ട ഈ പ്രോജക്ടിനെ ഏറ്റെടുത്തു കൊണ്ട് ആത്മ പ്രോജക്ട് ഡയറക്ടര്‍ വി.എസ്.റോയ് പറയുന്നു.
ശുദ്ധമായ തേനിന് ആവശ്യക്കാര്‍ ഏറെയുണ്ട്.വയനാടന്‍ തേനിനാണെങ്കില് വിദേശങ്ങളില്‍ വരെ നല്ല പ്രീയമുണ്ട്.തേനീച്ച വേലി സ്ഥാപിച്ച പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് തേനീച്ച വളര്‍ത്തലില്‍ പ്രത്യേക പരിശീലനം നല്കി പദ്ധതിയെ വരുമാനദായകമാക്കാനാണ് പരിപാടിയെന്ന് ഡെപ്യൂട്ടിഡയറക്ടര്‍ ഡോ.അനില്‍ സഖറിയ പറയുന്നു.ആനയെയും അകറ്റാം തേനും ശേഖരിക്കാം എന്ന പദ്ധതി ലക്ഷ്യത്തിലേക്കാണ് ഇനിയുള്ള യാത്ര.തേനും മെഴുകുമെല്ലാം ആത്മ യുടെ പേരില്‍ ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പുകളും പുരോഗമിക്കുകയാണ്.എലിഫന്റ് ഫ്രണ്ട്ലി ഹണി ഏവര്‍ക്കും സ്വീകാര്യമായിരിക്കും എന്നതിലും തര്‍ക്കമില്ല.
വയനാടന്‍ കാടുകളില്‍ തേന്‍ ശേഖരം കുറയുന്നു എന്ന ആശങ്കകള്‍ക്കും ഇതോടെ അറുതിയാവും.കാടിന്റെ സാമിപ്യത്തില്‍ തേന്ശേഖരണത്തിനും വംശവര്‍ദ്ധനവിനും തേനീച്ച വേലികള്‍ ഉദാത്തമാകും.കെനിയ പോലുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍ നല്കുന്ന മാതൃകകള്‍ വന്യജീവികളെ കൊണ്ട് പൊറുതി മുട്ടിയ വയാട്ടിലെ കര്‍ഷകര്‍ക്ക് തുണയാവുകയാണ്.
വനൃജീവി അക്രമങള്‍ക്ക് പരിഹാരം കാണുന്നതിനായി കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് വയനാടിനെ കടന്നുപോയത്.സൗരോര്‍ജ വെദൃതി കംബിവേലി,കിടങുകള് ജൈവപ്രതിരോധവേലി എന്നിവയായിരുന്നു പദ്ധതികള്‍. ഇതെല്ലാം തകര്‍ത്ത് വനൃമൃഗങള് നാട്ടിലിറങ്ങി. നിരവധി കുടുംബങള്‍ ഇതിനകം വീടും കൃഷിയിടങ്ങളും ഉപേക്ഷിച്ച് പാലായനം ചെയ്തു.ജീവന്റെയും സ്വത്തിന്റെയും കണക്കുകള്‍ക്ക് പകരം നല്കാന് സര്‍ക്കാര്‍ സഹായം എത്രയായാലും മതിയാവില്ല.ഈ സാഹചര്യങ്ങള്‍ക്കിടയിലാണ് തേനീച്ച വേലി ഒരു ബദലാവുന്നത്