അടയ്ക്ക ഇനി കൈയെത്തും ഉയരത്തില്‍

Posted on: 05 Oct 2013കവുങ്ങില്‍നിന്ന് അടയ്ക്ക പറിക്കാന്‍ ഇനി എളുപ്പം. മുകളില്‍ കയറേണ്ട. കവുങ്ങുകയറ്റ തൊഴിലാളിയെ കാത്തിരിക്കുകയും വേണ്ട. ഇതാ കുള്ളന്‍ കവുങ്ങ് എത്തിക്കഴിഞ്ഞു.

കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിന്റെ കര്‍ണാടകത്തിലെ വിട്ടല്‍ സ്റ്റേഷന്‍ വികസിപ്പിച്ച വി.ടി.എന്‍.എ.എച്ച്-1 ആണ് ഈ 'കുള്ളന്‍ താരം'. ഒരാളുടെ ഉയരത്തില്‍ മാത്രം വളരുന്നതിനാല്‍ മരുന്ന് തളിക്കാനും എളുപ്പം.

നാടന്‍ ഇനമായ ഹീരേഹള്ളി കുറിയ ഇനത്തെ അമ്മയായും അത്യുത്പാദനശേഷിയുള്ള ഇനമായ മോഹിത്‌നഗര്‍, സുമംഗള അച്ഛനായും തിരഞ്ഞെടുത്താണ് പരീക്ഷണം നടത്തിയത്. ഡോ. കെ.എസ്. ആനന്ദയുടെ നേതൃത്വത്തില്‍ ഉരുത്തിരിഞ്ഞെടുത്ത ഈ സൂപ്പര്‍ കുള്ളന് നെടിയ ഇനത്തിന്റെ തലയെടുപ്പും കുറഞ്ഞ ഇലച്ചാര്‍ത്തും നല്ല ഉത്പാദനശേഷിയുമുണ്ട്. വാര്‍ഷിക വളയങ്ങള്‍ തമ്മിലുള്ള അകലം കുറഞ്ഞതാണ് കുള്ളന്റെ ജനിതകരഹസ്യം. ഉരുണ്ടതും മഞ്ഞ മുതല്‍ ഓറഞ്ച് കലര്‍ന്ന ചുവപ്പോടുകൂടിയ അടയ്ക്കയാണ് ഈ സങ്കരയിനം കുള്ളന്റെ പ്രധാന പ്രത്യേകത.

തണല്‍കിട്ടുന്ന സ്ഥലത്ത് തടംകോരി മൊത്ത് മുകളില്‍ വരത്തക്കവിധം ആറ് സെന്റീമീറ്റര്‍ അകലത്തില്‍ വിത്ത് പാകാം. മൂന്നില പരുവത്തില്‍ ഒന്നാം നേഴ്‌സറിയില്‍നിന്ന് തൈകള്‍ പറിച്ചുനടണം. അടുത്ത ഒന്നര വര്‍ഷം കുള്ളന്‍ കുഞ്ഞുങ്ങളുടെ വാസം പോളിബാഗിലാണ്. ഒരടി നീളവും അരയടി വീതിയുമുള്ള പോളിബാഗില്‍ മണ്ണും മണലും ചാണകപ്പൊടിയും ഒരേ അനുപാതത്തില്‍ നിറച്ചുവേണം നേഴ്‌സറിത്തൈകളെ പോളിബാഗിലേക്ക് മാറ്റാന്‍. രണ്ടേമുക്കാല്‍ മീറ്റര്‍ അകലത്തില്‍ മൂന്ന് അടി വലിപ്പമുള്ള കുഴിയെടുത്ത് 15 കിലോഗ്രാം ചാണകവളവും മേല്‍മണ്ണം ചേര്‍ത്ത് കുഴിയൊരുക്കി പോളിബാഗ് തൈകള്‍ മാറ്റി വെള്ളക്കെട്ടുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഒക്ടോബര്‍ മാസത്തില്‍ തൈ നടാം.

ആദ്യത്തെ നാലുവര്‍ഷം കമുകുകള്‍ക്കിടയില്‍ ഞാലിപ്പൂവന്‍ വാഴ നടാം. തൈകള്‍ നട്ടതു മുതല്‍ ഓരോ വര്‍ഷവും 12 കിലോവീതം പച്ചിലകളും കമ്പോസ്റ്റും ഇടണം. കവുങ്ങിന്റെ ചുവട്ടില്‍നിന്ന് ഒരു മീറ്റര്‍ അകലത്തിലായി ഒരടി താഴ്ചയുള്ള തടങ്ങള്‍ കോരി വേണം വളം ചെയ്യാന്‍. രാസവള പ്രയോഗത്തിനായി കവുങ്ങൊന്നിന് 220 ഗ്രാം വീതം യൂറിയയും രാജ്‌ഫോസും 250 ഗ്രാം പൊട്ടാഷും നല്‍കാം. അടയ്ക്ക വിണ്ടുകീറല്‍ കാണുന്ന തോട്ടങ്ങളില്‍ നീര്‍വാര്‍ച്ച മെച്ചമാക്കുകയും ബോറാക്‌സ് ചേര്‍ത്തുകൊടുക്കുകയും വേണം.
കാസര്‍കോട് ജില്ലയില്‍ നീലേശ്വരം പാലായിയില്‍ ഹൈബ്രീഡ് കുള്ളന്‍ കമുക് കൃഷി ചെയ്യുന്ന കര്‍ഷകനാണ് ജനാര്‍ദനന്‍. കൃഷിച്ചെലവ് കുറയ്ക്കാന്‍ മാത്രമല്ല വരുമാനം കൂട്ടാനും കുള്ളനെ നമ്പാമെന്നാണ് ജനാര്‍ദനന്റെ അഭിപ്രായം.

മംഗള, ശ്രീമംഗള, സുമംഗള, മോഹിത്‌നഗര്‍ തുടങ്ങിയ അത്യുത്പാദനശേഷിയുള്ള കമുകിനങ്ങളില്‍നിന്ന് തുടങ്ങിയതാണ് വിട്ടലിന്റെ ജൈത്രയാത്ര. ആവശ്യക്കാര്‍ക്ക് ചെറിയ അളവില്‍ വിത്തടയ്ക്ക വിതരണം ചെയ്യാനുള്ള നടപടികളും ഇവിടെ നടന്നുവരുന്നു.
(കൂടുതല്‍ വിവരങ്ങള്‍ക്ക് കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം, വിട്ടല്‍ - 08255239238).

വീണാറാണി ആര്‍.


Stories in this Section