പോലീസില്‍ നിന്ന് കൃഷിയിലേക്ക്
Posted on: 22 Sep 2013
പോലീസ്വകുപ്പില്‍ നിന്ന് വിരമിച്ച ശേഷമുള്ളജീവിതം കൃഷിക്കായിമാറ്റിവെച്ച് പത്തരമാറ്റ് നേട്ടമുണ്ടാക്കുകയാണ് മോഹന്‍ദാസ്. പച്ചക്കറികളും ഫലവര്‍ഗങ്ങളും മത്സ്യക്കൃഷിയും ഉള്‍പ്പെടുന്ന ഇദ്ദേഹത്തിന്റെ കൃഷിയിടം പൂര്‍ണമായും ജൈവവുമാണ്.
പോലീസ്വകുപ്പിലെ സേവനവും തുടര്‍ന്നുള്ള ഗള്‍ഫ് ജീവിതവും കഴിഞ്ഞ് 2001-ലാണ് ഇദ്ദേഹം സ്വദേശമായ ചേര്‍ത്തല, കടക്കരപ്പള്ളിയിലെത്തുന്നത്. കാര്‍ഷിക കുടുംബത്തിലെ അംഗമായിരുന്നതിനാല്‍ കൃഷിയോടുള്ള പ്രതിപത്തി കെടാതെ സൂക്ഷിച്ചിരുന്നു. 2001-ല്‍ത്തന്നെ കേരളത്തിലെയും അയല്‍സംസ്ഥാനങ്ങളിലെയും കൃഷിരീതികളറിയാന് ബുള്ളറ്റിലൊരു നീണ്ടയാത്രനടത്തി. രാസകൃഷിയുടെ ഭീകരമുഖംകാണാന് ഈ യാത്ര കാരണമായി. മടങ്ങിയെത്തിയയുടന്‍ എം.ജി. യൂണിവേഴ്സിറ്റിയില്‍നിന്ന് ജൈവകൃഷിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസായി. തുടര്‍ന്ന് അരയുംതലയുംമുറുക്കി മണ്ണിലിറങ്ങി കൃഷി ആരംഭിച്ചു.
ഒരുപതിറ്റാണ്ട് പിന്നിടുമ്പോള്‍ ജൈവകൃഷിയിലൂടെ നല്ലഅളവില്‍ ഭക്ഷ്യോത്പന്നങ്ങള്‍ വിളയിക്കാമെന്ന് മോഹന്‍ദാസിന് ബോധ്യമായി.സ്വന്തംഭൂമിയിലും പാട്ടഭൂമിയിലുമായി 13 ഏക്കറിലാണ് ഇന്ന് മോഹന്‍ദാസിന്റെ കൃഷി. പറമ്പിലും പാടത്തുംകൃഷിയുണ്ട്.
കൃഷിസ്ഥലം പരമാവധി ഉത്പാദനക്ഷമമാക്കുന്ന കൃഷിരീതിയാണ് മോഹന്‍ദാസ് സ്വീകരിച്ചിരിക്കുന്നത്. രണ്ടടി അകലത്തിലെടുത്ത തടങ്ങളില്‍ ഒരടി അകലത്തില്‍ വിത്ത് പാകുന്നു. ഒരുചുവട്ടില്‍ മൂന്ന് ചെടികള്‍ വളരുംവിധമാണ് വിത്തിടുക. ഇതുകണക്കാക്കി 15-20 ദിവസം ഇടവിട്ട് വിത്തിടുന്നു. തുടര്‍ച്ചയായി വിളവെടുക്കാന്‍ ഇത് സഹായകരമാണ്. പടര്‍ന്നുകയറുന്ന പാവലിന്റെയും മറ്റും പന്തലുകള്ക്കിടയില് ചീരയും മത്തനുമൊക്കെ നടന്നുണ്ട്.
സീസണ് അനുസരണമായി വിവിധപച്ചക്കറികളിലെ ഉത്പാദനക്ഷമതകൂടിയ ഇനങ്ങള്‍ നടും. സ്വന്തമായി ഉരുത്തിരിച്ചെടുത്ത വലിപ്പംകൂടിയ കത്തിരിക്കയും പയറുമൊക്കെ ഇതിലുള്‍പ്പെടുന്നുണ്ട്. ചീരയില്‍ പച്ചയും ചുവപ്പും ഇടകലര്‍ത്തിയാണ് നടുന്നത്. മുളങ്കുറ്റികള്നാട്ടി അതില്‍ പ്ലാസ്റ്റിക് നെറ്റ് വലിച്ചുകെട്ടിയാണ് പാവലും പയറുമൊക്കെ പടര്‍ത്തുക. ചുരയ്ക്കയും പീച്ചിങ്ങയും വന്‍തോതില്‍ കൃഷിചെയ്യുന്നുണ്ട്. ക്വാളിഫ്ലവര്‍, കാബേജ്, ഉള്ളി തുടങ്ങിയ ശീതകാലവിളകളും ഇവിടെ കൃഷിചെയ്യുന്നു.
പാടത്തെ കൃഷിക്ക് ഹോസ് ഉപയോഗിച്ച് നന നല്കുമ്പോള് പറമ്പിലെ കൃഷിക്ക് മുഴുവനായും തുള്ളിനനയാണ്. ജൈവവളങ്ങള്‍ ലോഭമില്ലാതെ നല്കി വിളകളുടെ കരുത്തും രോഗപ്രതിരോധശേഷിയും വര്‍ധിപ്പിച്ചാണ് കൃഷി. കോഴിക്കാഷ്ഠം, ചാണകം, എല്ലുപൊടി, കടലപ്പിണ്ണാക്ക്, വേപ്പിന് പിണ്ണാക്ക് എന്നിവയൊക്കെ തടങ്ങളില്‍ ചേര്‍ക്കുന്നു.
പാടത്തെ വെള്ളച്ചാലുകളിലും വീട്ടുവളപ്പിലെ രണ്ട് കുളങ്ങളിലുമായി എണ്ണൂറോളം മത്സ്യങ്ങളെ വളര്‍ത്തുന്നുണ്ട്. ഗൗരാമി, റെഡ്ബെല്ലി, കൂരിവാള എന്നിവയാണ് ഇനങ്ങള്‍. അഞ്ചരകിലോഗ്രാം വരെ ഭാരംവെക്കുന്നവയാണ് ഈ മത്സ്യങ്ങള്‍. കിഴങ്ങുവര്‍ഗങ്ങള്‍ക്ക് മോഹന്‍ദാസ് ഏറെ പ്രാധാന്യം നല്കുന്നു. എലിവാലന്‍ കാച്ചില്, വാഴകാച്ചില്, അടതാപ്പ്, മരച്ചീനി, ചേന, പലയിനം ചേമ്പ് എന്നിവയൊക്കെ ജൈവവളങ്ങളുടെ കരുത്തില്‍ നല്ല വിളവാണ് നല്‍കുന്നത്. പലയിനം വാഴ, ജാതി, കുടമ്പുളി, പപ്പായ, മാവ്, നാടനും വിദേശിയുമായ പല ഫലവൃക്ഷങ്ങള്‍ എന്നിവയും മോഹന്‍ദാസ് വളര്‍ത്തുന്നു.
വീട്ടുവളപ്പില്‍ കോഴികളെയും താറാവുകളെയും വളര്‍ത്തുന്നുണ്ട്. ഇവയിലൂടെ പ്രകൃത്യായുള്ള കീടനിയന്ത്രണം നടക്കുന്നു. മീശിറുകള് (നീറുകള്‍) പോലുള്ള മിത്ര ഷഡ്പദങ്ങളെ പച്ചക്കറിപ്പന്തലുകളില് വിടുക, കുന്തിരിക്കം പന്തലുകള്‍ക്ക് കീഴെ പുകയ്ക്കുക, കാന്താരി, കായം, വെളുത്തുള്ളി, ഗോമൂത്രമെന്നിവയുടെ മിശ്രിതം തളിക്കുക, സ്യൂഡോമോണസ് പോലുള്ള ജൈവ കീടനിയന്ത്രണോപാധികള്‍ പ്രയോഗിക്കുക എന്നിവയാണ് കീടരോഗ നിയന്ത്രണത്തിന് അനുവര്‍ത്തിക്കുന്നത്.
61-ാം വയസ്സില്‍, യുവാക്കളേക്കാള്‍ ഊര്‍ജസ്വലതയോടെ കൃഷിപ്പണികളില്‍ നല്ലൊരു പങ്കും മോഹന്‍ദാസ് തന്നെ ചെയ്യുന്നു. ജൈവകൃഷിക്ക് പല പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ജി.എസ്. ഉണ്ണികൃഷ്ണന് നായര്‍