എം.പി. അയ്യപ്പദാസ്

പോഷകഗുണത്താല്‍ സമ്പന്നമായ മാമ്പഴവും ചക്കയും പപ്പായയും കൈതച്ചക്കയുമെല്ലാം പണ്ട് നമ്മുടെ നാട്ടില്‍ കുറഞ്ഞ വിലയ്ക്ക് സുലഭമായിരുന്നു. എന്നാല്‍, നാണ്യവിളകളുടെ കടന്നുകയറ്റത്താല്‍ ഇത്തരം പഴങ്ങളുടെ ദൗര്‍ലഭ്യം അനുഭവിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. എങ്കിലും സ്വന്തംസ്ഥലത്ത് ഏതെങ്കിലും ഒരു ഫലത്തൈ വെച്ചുപിടിപ്പിക്കും എന്നത് മലയാളികളുടെ ശീലമാണ്.
അമ്പതുവര്‍ഷങ്ങള്‍ക്ക് മുമ്പ് മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍നിന്ന് കൊണ്ടുവന്ന റംബൂട്ടാനും ദുരിയാനുമെല്ലാം ഇന്ന് കേരളത്തില്‍ വന്‍തോതില്‍ വേരോടിക്കഴിഞ്ഞു.
പുതുതായിവന്ന പുലോസാല്, ഡ്രാഗണ്‍ഫ്രൂട്ട്, മില്ക്കിഫ്രൂട്ട്, മിറക്കിള്ഫ്രൂട്ട്, ലാങ്സാറ്റ് തുടങ്ങിയവയും മലയാളികള്‍ക്ക് പ്രിയപ്പെട്ടതായിക്കഴിഞ്ഞിരിക്കുന്നു. ഇത്തരം പുതിയ പഴവര്‍ഗങ്ങളെ വിദേശങ്ങളില്‍നിന്ന് കൊണ്ടുവന്ന് നട്ട് പരിപാലിച്ച് കായികപ്രവര്‍ധനം നടത്തി കൃഷി വ്യാപിപ്പിക്കുകയാണ് പാറശ്ശാല ചെറുവാരക്കോണം ആത്മനിലയം നഴ്സറി ഗാര്‍ഡനിലെ കെ. ജയകുമാര്‍. അക്കൂട്ടത്തില്‍ പുതുതായി എത്തിയതാണ് 'സാന്റോള്‍' എന്ന അപൂര്‍വ പഴമരം.
തന്റെ തായ്ലന്ഡ് സന്ദര്‍ശനത്തിനിടയില്‍ കണ്ടുമുട്ടിയതാണ് ഈ പുതിയതാരത്തെ. ആദ്യം ചട്ടിയില്‍ നട്ടുവളര്‍ത്തി കൃത്യം രണ്ടുവര്‍ഷമായപ്പോള്‍ ഇത് പൂവിട്ട് കായ്ച്ചു.
തെക്കുകിഴക്കന്‍ ഏഷ്യയില്‍ വ്യാപകമായി കണ്ടുവരുന്ന ഈ ഫലത്തിന്റെ ജന്മദേശം പ്രാചീന ഇന്‍ഡോ-ചൈനയും പെനിസുലാര്‍ മലേഷ്യയുമാണ്. കാലാന്തരത്തില്‍ ഇത് ഇന്‍ഡൊനീഷ്യ, മൗറീഷ്യസ്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ വ്യാപിച്ചു. 'കോട്ടണ്ഫ്രൂട്ട്' എന്നും വിളിപ്പേരുണ്ട്.
മഞ്ഞ, ചുവപ്പ് എന്നീ ഇനങ്ങളില്‍ സാന്റോള്‍ കാണപ്പെടുന്നു. ഇല പഴുത്തുവീഴുന്നതിന് മുമ്പുള്ള ഇലയുടെ നിറത്തില്‍ മാത്രമേ ഈ വ്യത്യാസം ഒറ്റനോട്ടത്തില്‍ അറിയാന്‍ കഴിയുകയുള്ളൂ. ചുവപ്പിനാണ് പ്രിയം. കാരണം, ചുവപ്പും പച്ചയും കലര്‍ന്ന ഇല ആകര്‍ഷണീയമാണ്.
ഇളംചുവപ്പുള്ള പഴത്തിന് പീച്ച് എന്ന പഴത്തിന്റെ വലിപ്പവും രൂപവും മണവുമുണ്ട്. തൊലിയുടെ കനം കൂടിയതും കുറഞ്ഞതുമായവ ഇതില്‍ കാണപ്പെടുന്നു. പുറംതോട് കട്ടിയുള്ളതാണെങ്കിലും വിത്തിനെ പൊതിഞ്ഞിരിക്കുന്ന കുഴമ്പ് മധുരമേറിയതാണ്. പാല്പോലത്തെ ചാറും കാണും.
തേങ്ങാപ്പാലില്‍ ഇത് ചേര്‍ത്തുകഴിക്കുന്നത് ഫിലിപ്പീന്‍സില്‍ സാധാരണമാണ്. കുഴമ്പ് ഉണക്കി തേനില്‍ സൂക്ഷിച്ചും ഉപയോഗിക്കാം. വിളഞ്ഞ കായ്കള്‍ തായ്ലന്ഡില് അവരുടെ ദേശീയ ഭക്ഷണമായ 'സോം ടോം' ഉണ്ടാക്കാന്‍ പന്നിമാംസത്തോടൊപ്പവും കൊഞ്ച് മത്സ്യത്തിലും ചേര്‍ത്ത് ഭക്ഷിക്കുന്നു.
സാന്റോളിന്റെ ഇല, തൊലി എന്നിവയ്ക്ക് കാന്‍സറിനെയും പൊള്ളലിനെയും പ്രതിരോധിക്കാനുള്ള കഴിവുണ്ട്. വിത്ത്, കീടനാശിനി നിര്‍മാണത്തിനും തടി, വീട്ടാവശ്യങ്ങള്‍ക്കും ഉപയോഗിക്കാം.
സമുദ്രനിരപ്പില്‍നിന്ന് 3,000 അടിവരെയുള്ള പ്രദേശങ്ങളില്‍ വളര്‍ത്താം. പ്രാരംഭകാലത്തെ വളര്‍ച്ചയ്ക്കുള്ള നന നല്കിയാല് പിന്നെ മഴയെ ആശ്രയിച്ച് ഇവ വളര്‍ന്നുകൊള്ളും. 20 അടി അകലങ്ങളില്‍ 70ന്ദ70ന്ദ70 സെ.മീറ്റര്‍ ചതുരത്തിലും ആഴത്തിലും കുഴിയെടുത്ത് മേല്‍മണ്ണും ജൈവവളങ്ങളും ചേര്‍ത്ത് കുഴിനിറച്ച് ഒരു പിടി എല്ലുപൊടിയും ചേര്‍ത്ത് തൈകള്‍ വെക്കാം.
വലിയ ചട്ടികളിലും ഇപ്രകാരം നടാം. വര്‍ഷത്തില്‍ രണ്ടുതവണ ജൈവവളവും നല്‍കണം. മൂന്നാംവര്‍ഷം മുതല്‍ കായ്ച്ചു തുടങ്ങുമെങ്കിലും രണ്ടാംവര്‍ഷത്തില്‍ കായ്ച്ചതാണ് ജയകുമാറിന്റെ അനുഭവം. വളരുംതോറും പഴങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കും.
എട്ടുവര്‍ഷം പ്രായമായ ഒരു മരത്തില്‍നിന്ന് 10,000-ത്തോളം കായ്കള്‍ ലഭിക്കും. ആഗസ്ത്-സപ്തംബര്‍ മാസങ്ങളാണ് വിളവെടുപ്പുകാലം. വിവരങ്ങള്‍ക്ക്: ഫോണ്‍- 9447045976, 04651 245976