ഡോ. ഡി. ഷൈന്‍കുമാര്‍
ജ്യേഷ്ഠന്മാരൊക്കെ സര്‍ക്കാര്‍ ജോലി തേടിപ്പോയപ്പോള്‍ ആടുകളാണ് തന്റെ അന്നമെന്ന് തിരിച്ചറിഞ്ഞ ഫിറോസ് സ്വന്തമാക്കിയത് അഞ്ഞൂറിലേറെ ആടുകളെ.
മലപ്പുറം കൊണ്ടോട്ടിയിലെ പാണച്ചാലില്‍ വീട്ടില്‍ ഫിറോസിന് വയസ്സ് 33. ഒരു വ്യാഴവട്ടംമുമ്പ് നോമ്പുകാലത്ത് 27-ാം രാവിന്റെ പുണ്യമായി ബാപ്പ അബ്ദുറഹ്മാന്‍ സമ്മാനിച്ച ഫൈറൂസ് എന്ന ആട്ടിന്‍കുട്ടിയുമായി തുടക്കം. പഠിച്ചത് ബി.എ. സാമൂഹ്യശാസ്ത്രമെങ്കിലും മനസ്സിലിടംനേടിയത് ആടുവളര്‍ത്തലായിരുന്നു. ഫൈറൂസിന് ഒറ്റയടിക്ക് പിറന്നത് നാല് ആട്ടിന്‍കുട്ടികള്‍. അതുമായി ഫിറോസ് മുന്നേറി. അറേബ്യക്കാര്‍ കേരളത്തിന് സമ്മാനിച്ച മലബാറി ആടുകള്‍ ഒന്നൊന്നായിവന്നു. എണ്ണം അമ്പതിലേറിയപ്പോള്‍ വീട്ടുമുറ്റത്ത് ആടുകള്‍ക്കായി കൂടാരം പണിതു. 300 ചതുരശ്ര അടിയില്‍ ഒന്നാന്തരം തടിത്തട്ടില്‍ ആടുകള്‍ നിരന്നു. 75 ചതുരശ്ര അടിയില്‍ മറ്റ് കൂടുകള്‍ അടുത്തും.
ഫിറോസ് ഒരിക്കല്‍ പുതിയതരം ആടുകളെ അന്വേഷിച്ച് ഒരു യാത്രപോയി. രാജസ്ഥാനിലേക്കായിരുന്നു ആദ്യം. മരുഭൂമിയിലെ സിരോഹി ആടുകള്‍ക്ക് തിളങ്ങുന്ന തവിട്ടുനിറം. കരിമ്പാറയുടെ കരുത്തുള്ള കുതിരസമാനമായ മേനിയില്‍ കറുത്ത ചായപ്പൊട്ടുകള്‍. പര്‍ബത്‌സറും രാജസ്ഥാന്‍കാരാണ്. മാര്‍ബിള്‍ സംസ്ഥാനത്തിന്റെ സ്വന്തം ആടുകള്‍. പാല്‍ മൂന്ന് ലിറ്റര്‍. മുട്ടന്മാര്‍ വളര്‍ച്ചയില്‍ 100 കിലോ വരെ തൂങ്ങും. ആള്‍വാര്‍ ജില്ലയില്‍ പ്രശസ്തമായ മൂന്നിനം ആടുകളുണ്ട്. കാപ്പിനിറമൊത്ത ഫാന്‍സി ആടുകളായ തോത്താപുരിയും നീളന്‍ ചെവികളില്‍ പുള്ളിത്തിളക്കമുള്ള പീലിലോടിയും സര്‍പ്പസൗന്ദര്യമുള്ള നാഗ്പണിയും. നാഗ്പണി വിവാഹത്തിന് സ്ത്രീധനമായി നല്‍കുന്ന ആടുകളത്രേ.
രാജസ്ഥാനില്‍നിന്ന് ആടുകളെ നാട്ടിലെത്തിച്ച് ഫിറോസ് പഞ്ചാബിലെത്തി. അമൃത്‌സര്‍ ആണ് ആടുകേന്ദ്രം. ഇന്ത്യന്‍ ആടുകളില്‍ നമ്പര്‍ വണ്ണായ ബീറ്റലിനെ സ്വന്തമാക്കി. നാല് ലിറ്റര്‍ പാല്‍. ഒറ്റത്തവണ രണ്ട് കുട്ടികള്‍. ശ്യാമവര്‍ണമേനി. മുട്ടന്മാര്‍ 120 കിലോ വരെ. ബീറ്റലില്‍ തവിട്ടുനിറം ചേര്‍ന്നാല്‍ അവര്‍ അമൃത്‌സര്‍ ആടുകളാവും. ഉത്തര്‍പ്രദേശിലും ഒരു കൈനോക്കി. മാന്‍പേടയുടെ സൗന്ദര്യമുള്ള ഇവിടത്തെ ബാര്‍ബാറി ആടുകള്‍ മുഗള്‍രാജാക്കന്മാര്‍ ഇറാനില്‍നിന്ന് ഇറക്കുമതി ചെയ്ത ആടുകളുടെ സന്തതികള്‍. മറ്റൊരിനം ജമുനാപാരി. യമുനാതീരത്തെ ജനനംകൊണ്ട് പ്രശസ്തരായവര്‍. തീര്‍ന്നില്ല, അസമിലെത്തി മംഗോളിയന്‍ പിഗ്മിയെ സ്വന്തമാക്കി. മേനി മുഴുവന്‍ കറുത്തര്‍ ബ്ലാക്ക് ബംഗാള്‍ എന്നാണ് അറിയപ്പെടുന്നത്. രോമം ചുരുണ്ട് കറുത്തവരെങ്കിലും വെള്ള വാലുകളുള്ള പഞ്ചാബി ചെമ്മരിയാടുകളും കൊണ്ടോട്ടിയിലെത്തി.
ആട്ടിന്‍തീറ്റ സ്വയം നിര്‍മിതമാണ്. ഗോതമ്പുതവിട്, ചോളപ്പൊടി, കടല, കൂര്‍മ, ധാതുലവണ മിശ്രിതം, ഉപ്പ് എന്നിവ തരാതരംപോലെ ചേര്‍ത്ത് വെള്ളത്തില്‍ നനച്ചാണ് തീറ്റ. എല്ലാവര്‍ക്കും ഓരോ കിലോ റേഷന്‍. രാജസ്ഥാനില്‍നിന്ന് പുളിയിലയ്ക്ക് തുല്യമായ ലുംക് എത്തിച്ചു. ലുംക് കൂടാതെ കോയമ്പത്തൂരിന്റെ പുല്ലിനമായ കോയ എസ് 29, പ്ലാവില, അഗത്തിച്ചീര എന്നിവ ഇലത്തീറ്റയായി ചേര്‍ന്നു.
അടുത്ത രക്തബന്ധമുള്ളവരെ ഇണചേര്‍ക്കില്ല. ഒന്നരവര്‍ഷത്തില്‍ 50 കിലോയെങ്കിലും എത്താത്ത മുട്ടന്മാരെ പ്രജനനത്തിനായി എടുക്കില്ല. ആട്ടിന്‍കുട്ടികളാണ് ഫിറോസിന്റെ സമ്പാദ്യം. പ്രതിമാസം നൂറോളം കുട്ടികള്‍ വില്പനയുണ്ട്. 225-250 ആണ് കിലോ നിരക്ക്.
ആട്ടിന്‍കൂട്ടിനടുത്ത് മരത്തില്‍ മറ്റൊരു കൂടുകൂടി ഫിറോസ് തീര്‍ത്തിട്ടുണ്ട്. അവിടെയാണ് കാവല്‍പ്പുര. പകലും രാത്രിയും ഫിറോസ് ഇവിടെത്തന്നെയാണ്. (ഫിറോസ്. ഫോണ്‍: 9446465510.)