നായവസന്ത തടയാം

Posted on: 21 Jul 2013


നായകളില്‍ കാണുന്ന 'കനയിന്‍ ഡിസ്റ്റംബര്‍' അഥവാ നായവസന്ത രോഗം മാരകവും പകരുന്നതുമാണ്. പാരമികേ്‌സാ കുടുംബത്തിലെ ഒരിനം വൈറസാണ് രോഗം പകര്‍ത്തുന്നത്.

മൂന്നുമുതല്‍ ആറുമാസം പ്രായമുള്ളതിനെ കൂടുതലായി ബാധിക്കുന്നു. നായക്കൂട്, കിടപ്പുസ്ഥലം, മറ്റ് അണുബാധയേറ്റ മൃഗങ്ങളുടെ സാമീപ്യം എന്നിവയില്‍കൂടിയോ മൂത്രം, മലം, നാസാദ്രവങ്ങള്‍, മറ്റ് സ്രവങ്ങള്‍ എന്നിവയില്‍ക്കൂടി ശ്വാസനാളംവഴിയോ മറ്റ് ശരീരഭാഗങ്ങള്‍വഴിയോ അണുക്കള്‍ ശരീരത്തില്‍ കടക്കുന്നു.

പ്രധാനമായും തലച്ചോറിനെ ബാധിക്കുന്നു. അവിടെനിന്ന് രക്തംവഴി ശ്വാസകോശത്തെയും ദഹനേന്ദ്രിയത്തെയും ബാധിക്കുന്നു.
അണുക്കള്‍ ശരീരത്തില്‍ കടന്നാല്‍ 14-18 ദിവസത്തിനകം ലക്ഷണങ്ങള്‍ കാണിക്കും.

ലക്ഷണങ്ങള്‍

* നാലുദിവസംവരെ നീളുന്ന പനി. പിന്നീട് ഇത് ഇല്ലാതായി വീണ്ടും 12 ദിവസമാകുമ്പോള്‍ തുടങ്ങി ഒരാഴ്ച നീണ്ടുനില്‍ക്കും. ശരീരതാപനില 103 ഡിഗ്രി മുതല്‍ 105 ഡിഗ്രി വരെയെത്തും.
* വയറിന്റെ അടിവശത്ത് പഴുത്ത ചെറിയ കുരുക്കള്‍ കാണുന്നു. കാല്‍പാദം വീര്‍ക്കുന്നു.
* ഛര്‍ദി, വയറിളക്കം, ശക്തിയായ ചുമ, ശ്വാസതടസ്സം, ഭക്ഷണക്കുറവ്, ശരീരതളര്‍ച്ച, തൂക്കം കുറയുക, നിര്‍ജലീകരണം, വായയില്‍നിന്ന് ഉമിനീര് ഒലിക്കുക എന്നിവ.
* രോഗം ശക്തിപ്പെടുമ്പോള്‍ ശരീരം കോടിപ്പിടിക്കുക, അപസ്മാരസ്വഭാവം കാണിക്കുക എന്നിവ.
* 10 ദിവസത്തിനുള്ളില്‍ വെളിച്ചഭീതി ഉണ്ടാകും. ഞരമ്പുകളുടെ പ്രവര്‍ത്തനക്ഷമത നശിക്കുന്നതോടെ കാഴ്ച നശിച്ച് ശരീരം സന്നിയിലാകും.
* അന്തരീക്ഷത്തിലെ ശബ്ദത്തോട് കൂടുതല്‍ ഭീതി കാണിക്കുകയും ഓര്‍മ നഷ്ടപ്പെട്ട് ചാവുകയും ചെയ്യും.
* പേ വിഷബാധയാണെന്ന് തെറ്റിദ്ധരിക്കരുത്. ഡോക്ടറുടെ ഉപദേശം തേടണം.

പ്രതിരോധം


* നായക്കുട്ടികളെ നിര്‍ബന്ധമായും 6-8 ആഴ്ച പ്രായത്തില്‍ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കണം. ശേഷം 2-4 ആഴ്ച പ്രായമാകുമ്പോള്‍ 16 ആഴ്ച വരെയെങ്കിലും ബൂസ്റ്റര്‍ കുത്തിവെപ്പ് എടുക്കണം.

* ആരോഗ്യക്കുറവുള്ളവയില്‍ ശരീരത്തിന്റെ പ്രതിരോധശക്തി കുറയും. അതിനാല്‍ നല്ല ഭക്ഷണംതന്നെ കഴിയുന്നതും കൊടുക്കണം.
* അണുക്കള്‍ ഉണക്കമുള്ള ചുറ്റുപാടില്‍ കുറച്ച് മണിക്കൂറും (മുറി താപനില- 20-25 ഡിഗ്രി സെല്‍ഷ്യസ്) നനവുള്ള സ്ഥലങ്ങളില്‍ കുറച്ച് ദിവസങ്ങളും ജീവിക്കും. അണുക്കളെ നശിപ്പിക്കാന്‍ അണുനാശിനികളും ഡിറ്റര്‍ജന്റുകളും ഉപയോഗിക്കണം. സ്ഥലം ഉണക്കിയെടുക്കാനും ശ്രദ്ധിക്കണം.

ഡോ. എം. ഗംഗാധരന്‍നായര്‍

മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍,
മൃഗസംരക്ഷണ വകുപ്പ്‌


Stories in this Section