
കേരളത്തില്‍ നാട്ടിന്‍പുറങ്ങളില്‍ പരക്കെ കണ്ടിരുന്ന ചെടിയാണ് 'ഞൊട്ടങ്ങ'. ഇതിലുണ്ടാകുന്ന ചെറുമുത്തുകള്‍പോലെയുള്ള കായ്കള്‍ക്ക് പുളികലര്‍ന്ന മധുരമാണ്. കുട്ടികള്‍ നന്നായി ഇഷ്ടപ്പെടുന്ന കായ്കളുടെ പുറത്ത് തൊപ്പിപോലെ ഒരു പുറം തൊലിയും കാണാം. കുട്ടികള്‍ കായ്കള്‍ നെറ്റിയില്‍ ഇടിച്ച് ഞൊട്ടപോലെ ശബ്ദം ഉണ്ടാക്കുന്നതിനാല്‍ ഞട്ടങ്ങ, ഞൊട്ടങ്ങ, ഞൊടിയന്‍ തുടങ്ങിയ പേരുകളിലും ഇവ അറിയപ്പെടാറുണ്ട്. ഇപ്പോള്‍ ഈ ചെടി അപൂര്‍വമായിരിക്കുന്നു.
ഞൊട്ടങ്ങയുടെ വലിയരൂപത്തിലുള്ള ഒരു ചെടിനാട്ടില് പ്രചാരത്തിലുണ്ട്. നെല്ലിക്കവലിപ്പമുള്ള മധുരമുള്ള വലിയ കായ്കള്‍ ലഭിക്കുന്ന 'പോഹാബെറി'. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ വളരുന്ന ഈ ചെടിയുടെ വരവ് ഹവായില്നിന്നാണ്.
അനുകൂല സാഹചര്യങ്ങളില്‍ ആറടിവരെ ശാഖകളോടെ പടര്‍ന്ന് വളരാറുണ്ട്. മൂന്നുമാസത്തിനുള്ളില്‍ കായ്ഫലം തന്നുതുടങ്ങും. മൂന്നുവര്‍ഷംവരെ തുടര്‍ച്ചയായി അനുകൂലസാഹചര്യങ്ങളില്‍ പോഹാബെറിയില്‍ പഴങ്ങള്‍ ഉണ്ടാകാറുണ്ട്. പോഹാബെറി കൃഷിചെയ്യാന്‍ സൂര്യപ്രകാശം ലഭിക്കുന്ന നീര്‍വാര്‍ച്ചയുള്ള മണ്ണാണ് അനുയോജ്യം. നേരത്തേ കൂടകളില്‍ പാകി കിളിര്‍പ്പിച്ചെടുത്ത തൈകള്‍ ജൈവവളങ്ങള്‍ ചേര്‍ത്തൊരുക്കിയ തടങ്ങളില്‍ രണ്ടെണ്ണംവീതം നടാം. ചെടികള്‍ വളര്‍ന്നുവരുമ്പോള്‍ ചെരിഞ്ഞുവീഴുന്ന പതിവുള്ളതിനാല്‍ മണ്ണില്‍ തട്ടി ചീഞ്ഞു പോകാതെ മരക്കമ്പുകളോ ഓലമടലോ നിലത്ത് ഇട്ടുകൊടുക്കുന്നത് നല്ലതാണ്. ചെടിച്ചട്ടികളിലും കൂടകളിലും ഇവ കൃഷിചെയ്യാം.