കന്നുകാലികളിലെ പൂപ്പല്‍ വിഷബാധ
Posted on: 09 Jun 2013
ഡോ. പി.കെ. മുഹ്‌സിന്‍
ഈര്‍പ്പം കൂടുതലുള്ള സ്ഥലങ്ങളില്‍ കാലിത്തീറ്റ സൂക്ഷിക്കുമ്പോള്‍ പൂപ്പല്‍ വളരും. കേരളംപോലുള്ള തീരപ്രദേശത്ത് മഴക്കാലത്ത് പൂപ്പല്‍വളര്‍ച്ച വളരെ കൂടുതലാണ്

കടല, തേങ്ങ, പരുത്തിക്കുരു എന്നിവയുടെ പിണ്ണാക്കുകളിലും ചോളം, അരി മുതലായ ധാന്യങ്ങളിലും പൂപ്പല്‍ വളരുന്നു. കടലപ്പിണ്ണാക്കിലും കടലയിലുമാണ് ഇവയുടെ തോത് ഏറ്റവുമധികം. ധാന്യങ്ങള്‍ ഈര്‍പ്പം കൂടുതലുള്ള സ്ഥലങ്ങളില്‍ സൂക്ഷിക്കുമ്പോള്‍ പൂപ്പല്‍ വളരും. കേരളംപോലുള്ള തീരപ്രദേശത്ത് മഴക്കാലത്ത് പൂപ്പല്‍വളര്‍ച്ച വളരെ കൂടുതലാണ്.
പൂപ്പല്‍ വിഷബാധ മൂന്നുതരമുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് അഫ്ലാ ടോക്‌സിക്കോസിസ് ആണ്. അഫ്ലാ ടോക്‌സിന്‍ എന്ന വിഷം ആസ്പര്‍ജില്ലസ് ഫ്ലേവസ്, ആസ്പര്‍ജില്ലസ് പാരാസൈറ്റിസ് എന്നീ പൂപ്പലുകളാണ് ഉത്പാദിപ്പിക്കുന്നത്. ഈ വിഷം പ്രധാനമായും കരളിനെ ബാധിക്കുന്നു. മൃഗങ്ങളില്‍ കാന്‍സറും ഉണ്ടാക്കുന്നു. കുരങ്ങന്മാരില്‍ ഈ വിഷം പരീക്ഷണാര്‍ഥം കൊടുത്തപ്പോള്‍ പലവിധത്തിലുള്ള കാന്‍സര്‍ ഉണ്ടായിട്ടുണ്ട്.
മൃഗങ്ങളുടെ വര്‍ഗമനുസരിച്ച് വിഷത്തിന്റെ കാഠിന്യം വ്യത്യസ്തമാണ്. താറാവ്, ടര്‍ക്കിക്കോഴി മുതലായവയെ കൂടുതലായി ബാധിക്കുമ്പോള്‍ ആട് വളരെയധികം ചെറുത്തുനില്‍ക്കുന്നു. കറവമാടുകള്‍, മഹിഷവര്‍ഗങ്ങള്‍ എന്നിവയില്‍ ഈ വിഷം മാരകമായ ദോഷംചെയ്യുന്നു. കറവമൃഗങ്ങള്‍ വിഷംകലര്‍ന്ന തീറ്റ കഴിക്കുമ്പോള്‍ അവയില്‍നിന്ന് ലഭിക്കുന്ന പാലില്‍ ചെറിയതോതിലുള്ള വിഷാംശം ഉണ്ടാകും.
തണുപ്പുകാലങ്ങളില്‍ കൂടുതല്‍ ദിവസത്തേക്ക് തീറ്റ സൂക്ഷിക്കുമ്പോള്‍ പൂപ്പല്‍ വളരാം. നനഞ്ഞ കൈകൊണ്ട് തീറ്റ എടുക്കുകവഴിയും തണുത്ത തറയില്‍ തീറ്റ സൂക്ഷിക്കുമ്പോഴും അവയില്‍ പൂപ്പല്‍ വളരുന്നു. പൂപ്പല്‍ബാധയേറ്റ ചോളം, കടലപ്പിണ്ണാക്ക്, തേങ്ങാപ്പിണ്ണാക്ക്, പരുത്തിക്കുരു പിണ്ണാക്ക് എന്നിവകൊണ്ട് കാലിത്തീറ്റ ഉണ്ടാക്കിയാലും രോഗം വരാം. കാലിത്തീറ്റകളും പിണ്ണാക്കുകളും എല്ലായ്‌പ്പോഴും മരപ്പലകയുടെ മുകളില്‍ ചുമരില്‍ തട്ടാതെ സൂക്ഷിക്കേണ്ടതിന്റെ ആവശ്യം ഇതാണ്.
രോഗലക്ഷണങ്ങള്‍
രോഗലക്ഷണങ്ങള്‍ സാവധാനത്തിലാണ് കാണുക. വിശപ്പില്ലായ്മ, ശരീരക്ഷീണം, പാല്കുറവ്, രുചിവ്യത്യാസം, കാഴ്ചക്കുറവ്, ദുര്‍ഗന്ധത്തോടുകൂടിയ വയറിളക്കം, നടക്കാന്‍ ശേഷിയില്ലായ്മ, ഉണങ്ങിവരണ്ട മൂക്ക് എന്നീ ലക്ഷണങ്ങളോടുകൂടി രോഗം തുടങ്ങുന്നു. ഗര്‍ഭമലസലും സാധാരണയാണ്. ഈ രോഗം മൃഗങ്ങളുടെ രോഗപ്രതിരോധശക്തി കുറയ്ക്കുന്നതിനാല്‍ മറ്റുരോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണ്.
കന്നുകാലികളില്‍ കണ്ടുവരുന്ന വാല്‍ചീയല്‍ രോഗവും ഫ്യൂസേറിയ വര്‍ഗത്തില്‍പ്പെട്ട പൂപ്പല്‍വിഷബാധ കൊണ്ടാണ്. ഇത് വൈക്കോലില്‍ വളര്‍ന്ന് വിഷം ഉത്പാദിപ്പിക്കുന്നു. ഇത്തരം പൂപ്പല്‍ബാധിച്ച വൈക്കോല്‍ കൊടുത്താല്‍ രോഗമുണ്ടാകും.
കോഴികളില്‍ മുട്ട ഉത്പാദനക്കുറവ്, ഇറച്ചിക്കോഴികളിലും പന്നികളിലും തൂക്കക്കുറവ് എന്നിവയും പൂപ്പല്‍വിഷബാധകൊണ്ട് ഉണ്ടാകാറുണ്ട്.
പ്രതിരോധ നടപടികള്‍
കാലിത്തീറ്റ ഉത്പാദകര്‍ തീറ്റയുണ്ടാക്കുന്ന ഘടകങ്ങള്‍ പൂപ്പല്‍വിഷബാധയേറ്റതല്ലെന്ന് ഉറപ്പുവരുത്തണം. ഗോഡൗണുകളില്‍നിന്ന് മനുഷ്യന് ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളെടുത്ത് കാലിത്തീറ്റയുണ്ടാക്കാന്‍ അനുവദിക്കരുത്. ഉത്പാദനംമുതല്‍ കന്നുകാലികള്‍ക്ക് കൊടുക്കുന്നതുവരെ കാലിത്തീറ്റ തണുപ്പ് തട്ടാതെ സൂക്ഷിക്കണം. വണ്ടികളില്‍ കടത്തുന്ന അവസരത്തിലും നനയാതെ ശ്രദ്ധിക്കണം. കാലിത്തീറ്റ സൂക്ഷിച്ച സ്ഥലങ്ങളുടെ അടിവശം മരപ്പലക അടിച്ചതായിരിക്കണം. ഏറ്റവും താഴെ അട്ടിയിടുന്ന തീറ്റച്ചാക്കുകള്‍ ഏറെക്കാലം സൂക്ഷിച്ചതിനുശേഷം വിതരണം ചെയ്യുന്നത് തെറ്റാണ്. കാലികള്‍ക്ക് തീറ്റകൊടുക്കുമ്പോള്‍ നനഞ്ഞ കൈകൊണ്ടോ നനഞ്ഞ പാത്രംകൊണ്ടോ അതെടുക്കരുത്.
സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ക്ക് അഫ്ലാ ടോക്‌സിനെ നശിപ്പിക്കാന്‍ കഴിവുണ്ട്. അതിനാല്‍ കാലിത്തറ്റ, പിണ്ണാക്ക് എന്നിവ ഒരു ദിവസമെങ്കിലും വെയിലത്ത് ഉണക്കുന്നത് നല്ലതാണ്. ഇവ തിളപ്പിച്ച് കൊടുക്കുന്നതുകൊണ്ട് പ്രത്യേക പ്രയോജനമില്ല. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ വിദഗ്ധചികിത്സ തേടേണ്ടതാണ്.