ഇടുക്കിയിലെ ചിറ്റേത്തുക്കുടിയിലെ സലോമി സാജു എന്ന വീട്ടമ്മ കാട്ടുപാവലിന്റെ വളര്‍ത്തമ്മയാണ്. ഇവര്‍ കാട്ടുപാവല്‍ വളര്‍ത്തി, വിത്ത് സംരക്ഷിച്ച് ആവശ്യക്കാര്‍ക്ക് നല്കുന്നു. സലോമി എല്ലാ പച്ചക്കറിയും റബ്ബറും മറ്റുവിളകളും കൃഷിചെയ്യുന്ന വീട്ടമ്മയാണ്. എന്നാല്‍, ഇവര്‍ക്ക് ഏറെ പ്രിയം കാട്ടുപാവല്‍ കൃഷിയാണ്.
നല്ല രുചിയേറിയ പാവലാണിത്. ചെറിയതരം കയ്പക്കതന്നെ. വിത്തും വളരെ ചെറിയതാണ്. ഇതിന് കൊച്ചുപാവല്, വേലിപ്പാവല്, മരുന്നുപാവല്, ഔഷധപ്പാവല്‍, പ്രമേഹകൊല്ലിക്കായ് എന്നെല്ലാം പേരുണ്ട്. കൃഷിരംഗത്ത് സലോമിയെ അറിയാത്തവരില്ല. ഇവര്‍ എല്ലാ പരിശീലനപരിപാടികളിലും സജീവമാണ്.
നവംബറില്‍ ആദ്യം വിത്തിടും. വിത്തിട്ട് മുളച്ചശേഷം എട്ടുദിവസം കഴിഞ്ഞാല്‍ പറിച്ചുനടും. സാധാരണ പാവലിന്റേതുപോലുള്ള പരിചരണമോ ശ്രദ്ധയോ ആവശ്യമില്ല. വേലിയിലോ മുറ്റത്തോ പന്തലിട്ട് പടര്‍ത്താം. ചെടിച്ചട്ടിയില്‍ കമ്പുനാട്ടിയും നടാം.
ഒരിക്കല്‍ പിടിച്ചാല്‍ പിന്നെ സ്ഥിരമായി നിറച്ച് കായ്കള്‍ ലഭിക്കും. പടിഞ്ഞാറുഭാഗത്തുനിന്ന് കിഴക്കോട്ട് വളരാന്‍ പാകത്തിന് പന്തലിട്ടാല്‍ കായ്പിടിത്തം കൂടുമെന്നാണ് സലോമിയുടെ അഭിപ്രായം. കാട്ടുപാവലിന് നല്ല വളര്‍ച്ച കിട്ടാനായി പച്ചച്ചാണകത്തെളി തടത്തില്‍ ഒഴിക്കാം.
സ്യൂഡോമോണാസ ലായനി ഒഴിച്ചാല്‍ രോഗം വരില്ല. ഇതിന്റെ ഇല പ്രമേഹചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ട്.
ചെടികള്‍ നന്നായി വളരാന്‍ അരക്കിലോ ചാണകപ്പൊടിയും 100 ഗ്രാം കടലപ്പിണ്ണാക്കും ചുവട്ടില്‍ ചേര്‍ക്കണം. ഫോണ്‍ 04862 245348.