ടാപ്പിങ് തുടങ്ങാം

Posted on: 03 Mar 2013

എം.എ. സുധീര്‍ബാബു, പട്ടാമ്പി
റബ്ബറില്‍നിന്ന് ദീര്‍ഘകാലം ആദായം ലഭിക്കണമെങ്കില്‍ ടാപ്പിങ്ങിന്റെ കാര്യത്തില്‍ നല്ല ശ്രദ്ധയാവശ്യമാണ്. നമ്മുടെ കാലാവസ്ഥയില്‍ റബ്ബര്‍മരങ്ങള്‍ മാര്‍ക്ക് ചെയ്ത്, ടാപ്പിങ് തുടങ്ങുന്നത് മാര്‍ച്ച്-ഏപ്രിലിലാണ്. മാര്‍ച്ചില്‍ പറ്റാതെവന്നാല്‍, സപ്തംബറിലാണ് ടാപ്പിങ് തുടങ്ങേണ്ടത്.

വണ്ണമാണ് റബ്ബര്‍ ടാപ്പ്‌ചെയ്യാനായോ എന്ന് തീരുമാനിക്കുന്നതിനുള്ള മാനദണ്ഡം. ബഡ്ഡ്മരങ്ങളുടെ ഒട്ടുബന്ധത്തില്‍നിന്ന് 125 സെന്റിമീറ്റര്‍ പൊക്കത്തില്‍ അമ്പത് സെ.മീറ്റര്‍ വണ്ണമെത്തിയ റബ്ബര്‍മരങ്ങള്‍ ടാപ്പുചെയ്യാം. വണ്ണമില്ലാത്ത റബ്ബര്‍മരങ്ങള്‍ ടാപ്പ്‌ചെയ്യുന്നത് മരങ്ങളുടെ വളര്‍ച്ചയെയും ഉത്പാദനത്തെയും ദോഷകരമായി ബാധിക്കും.

റബ്ബര്‍മരങ്ങളുടെ ചുറ്റുവണ്ണത്തിന്റെ പകുതിഭാഗത്ത് മാര്‍ക്ക്‌ചെയ്താണ് ടാപ്പിങ് ചെയ്യുന്നത്. വെട്ടുചാല്‍, എല്ലായ്‌പ്പോഴും ഇടതുവശത്ത് മുകളില്‍നിന്ന് തുടങ്ങി, വലതുവശം താഴോട്ടായിരിക്കണം. പാല്‍ക്കുഴലുകള്‍ പട്ടയില്‍ ക്രമീകരിക്കുന്നതിനെ ആധാരമാക്കിയാണ്, ഇടതുവശത്തുനിന്ന് വലതുവശം താഴോട്ട് ചെരിഞ്ഞ് വെട്ടുചാലുകളെടുക്കണമെന്ന് പറയുന്നത്. ഇതിനാല്‍, പരമാവധി പാല്‍ക്കുഴലുകള്‍ മുറിയുന്നതിനും ധാരാളമായി റബ്ബര്‍കറ (ലാറ്റക്‌സ്) ലഭിക്കുന്നതിനും സാധിക്കുന്നു. ചെരിവിനുമുണ്ട് കൃത്യമായകണക്ക്. ബഡ്ഡുമരങ്ങളില്‍ 30 ഡിഗ്രി ചെരിവിലാണ് വെട്ടുചാല്‍ മാര്‍ക്ക്‌ചെയ്യേണ്ടത്. ചെരിവ് കുറഞ്ഞാല്‍, റബ്ബര്‍കറ വെട്ടുചാലില്‍കൂടി, ഒഴുകാതെ ചാലുകവിഞ്ഞ് ഒഴുകാന്‍ ഇടയാകും.

ചെരിവ് കൂടിയാല്‍ മുന്‍കാന വേഗത്തില്‍ തറനിരപ്പിലെത്തുകയും ചുവടുഭാഗത്ത് പട്ട, ത്രികോണാകൃതിയായി ഉപയോഗമില്ലാതായിപ്പോവുകയും ചെയ്യും. ശരിയായ ചെരിവ് കിട്ടാന്‍ 30 ഡിഗ്രി ചെരിവില്‍ ഉണ്ടാക്കിയിട്ടുള്ള 'ടെംപ്ലേറ്റ്' ഉപയോഗിച്ച് പട്ട മാര്‍ക്ക്‌ചെയ്യുകയാണ് ഉചിതം.

ഒരു തോട്ടത്തിലെ എല്ലാമരങ്ങളും ഒരേവശത്ത് നിരപ്പ് തട്ടിന് സമാന്തരമായ വശങ്ങളില്‍ ഒന്നില്‍ മാര്‍ക്ക്‌ചെയ്താല്‍ ടാപ്പിങ്, കറശേഖരണം, പട്ടയുടെ ശരിയായ സംരക്ഷണം എന്നിവയ്ക്ക് എളുപ്പമാകും.

ബഡ്ഡ്മരങ്ങളില്‍ മാര്‍ക്ക്‌ചെയ്യുന്നതിന് ആദ്യമായി ഒട്ടുബന്ധത്തില്‍നിന്ന് 125 സെന്റീമീറ്റര്‍ ഉയരത്തില്‍ അടയാളമിടണം. ഇതാണ് മുന്‍കാനയുടെ സ്ഥാനം.

അടുത്തതായി മരത്തിന്റെ ചുറ്റുവണ്ണത്തിന്റെ പകുതി, മറുവശത്ത് അടയാളപ്പെടുത്തുക. പിന്നീട് 'മുന്‍കാന' അടയാളമിട്ട ഭാഗത്ത് 20 മുതല്‍ 25 സെന്റീമീറ്റര്‍ നീളത്തില്‍ മുകളില്‍നിന്ന് താഴേക്ക് ഒരു നേര്‍വര ഇടണം. എതിര്‍വശത്ത് അടയാളംകൊടുത്ത ഭാഗത്തുനിന്ന് മുകളിലേക്കും ഇതേമാതിരി നേര്‍വര വരയ്ക്കണം. ഇതാണ് പിന്‍കാന. ഇതിനുശേഷം 30 ഡിഗ്രി ചെരിവുള്ള ടെംപ്ലേറ്റിന്റെ മുന്‍ഭാഗം, മുന്‍കാനയില്‍ നിശ്ചിത ഉയരത്തില്‍ ഉറപ്പിച്ചുപിടിച്ചുകൊണ്ട്, മരത്തിന്റെ ഇടതുവശത്തേക്ക് ചുറ്റിവെച്ച് വെട്ടുചാല്‍ വരയ്ക്കണം.
വരയ്ക്കുതാഴെ മൂന്നുനാല് സമാന്തരരേഖകള്‍ വരയ്ക്കാനും ടെംപ്ലേറ്റ് ഉപകാരപ്പെടും. വെട്ടുചാലിന്റെ ചെരിവ് ക്രമംതെറ്റാതിരിക്കാന്‍ ഈ രേഖകള്‍ ഗുണംചെയ്യും.

മുകളില്‍, ആദ്യം വരച്ച ചാല്‍ തെളിച്ച് വെട്ടുപട്ടയായി രൂപാന്തരപ്പെടുന്നു. പാലൊഴുകുന്നതിന് മുന്‍കാനയില്‍ 15 മുതല്‍ 20 സെന്റിമീറ്റര്‍ നീളത്തില്‍ ചെറിയ പൊഴിയുണ്ടാക്കി, അതിനുതാഴെ ചില്ലും (സ്പൗട്ട്) ചിരട്ടതാങ്ങിയും (കപ്പ്ഹാങ്ങര്‍) ഉറപ്പിക്കണം.
ടാപ്പിങ്, നല്ലപോലെ ശ്രദ്ധിച്ചുചെയ്യേണ്ട ജോലിയായതിനാല്‍ തുടക്കത്തിലേതന്നെ ഇക്കാര്യം ശ്രദ്ധിച്ചാല്‍ ഭാവിയില്‍ നല്ലവരുമാനം റബ്ബര്‍മരത്തില്‍ നിന്നുറപ്പാക്കാം.
Stories in this Section