
വിളകളുടെ ഉത്പാദനക്ഷമത നിര്‍ണയിക്കുന്ന പ്രധാന ഘടകമാണ് മണ്ണ്. രാസവസ്തുക്കളുടെ അമിതോപയോഗം മണ്ണിനെ മരണത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. സുരക്ഷിതവും ഉപകാരികളുമായ സൂക്ഷ്മജീവികളുടെ വംശവര്‍ധന സുസ്ഥിരകാര്‍ഷിക വികസനത്തിന് അത്യന്താപേക്ഷിതമായിരിക്കുന്നു. ഇ.എം. സാങ്കേതിക വിദ്യയിലൂടെ സൂക്ഷ്മജീവികളുടെ എണ്ണം കൂട്ടാനും മണ്ണിന്റെ ജീവന്‍ തിരിച്ചുപിടിക്കാനും സാധിക്കും.
ഇ.എം. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന എഫക്ടീവ് മൈക്രോ ഓര്‍ഗാനിസം അഥവാ കാര്യക്ഷമമായ സൂക്ഷ്മജീവികളുടെ ഉപയോഗത്തിന് എണ്‍പതുകളുടെ തുടക്കത്തില്‍ ജപ്പാനിലാണ് തുടക്കം കുറിച്ചത്. ലാക്ടിക് ആസിഡ് ബാക്ടീരിയയും യീസ്റ്റും ഫോട്ടോട്രോപിക് ബാക്ടീരിയയും ചേര്‍ന്ന കൂട്ടുമുന്നണിയാണ് ഇന്ന് ലോകം മുഴുവന്‍ വ്യാപിച്ചുകഴിഞ്ഞ ഇ.എം. ജനിതകമാറ്റം വരുത്താത്ത സൂക്ഷ്മാണുക്കളാണ് ഇ.എമ്മിന്റെ കരുത്ത്. പല ജൈവവളങ്ങളുടെയും ജൈവകീടനാശിനികളുടെയും അടിസ്ഥാനഘടകമാണ് ഇ.എം.
ഇ.എം. സ്റ്റോക്ക് ലായനി ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇതുപയോഗിച്ച് തയ്യാറാക്കുന്ന ഇ.എം. 2 ലായനി 2 മില്ലീലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി വിളകളുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം. ഇതിനായി 100 മില്ലി ഇ.എം. സ്റ്റോക്ക് ലായനി, 100 ഗ്രാം കറുത്ത വെല്ലം, ഒന്നേമുക്കാല്‍ ലിറ്റര്‍ ശുദ്ധജലത്തില്‍ കലക്കിയതില്‍ ലയിപ്പിച്ച് പ്രകാശവും ചൂടും കടക്കാത്ത സ്ഥലത്ത് 10 ദിവസം സൂക്ഷിക്കണം. ഇടയ്ക്ക് പാത്രത്തിന്റെ അടപ്പ് തുറന്ന് വായുസഞ്ചാരം ഒഴിവാക്കണം.
ഇങ്ങനെ തയ്യാറാക്കുന്ന ഇ.എം. ലായനി ജൈവവളക്കൂട്ടുകളിലും ജൈവകീടനാശിനിയായും പ്രവര്‍ത്തിക്കും. ചെടികളുടെ വളര്‍ച്ച ത്വരപ്പെടുത്തുന്നതിനും ഇ.എം. 2 അത്യുത്തമമാണ്.
ചെറിയ ചെലവില്‍ നാടന്‍ രീതിയില്‍ നമുക്കും ഇ.എം. തയ്യാറാക്കാം. ഇതിനായി 300 ഗ്രാം വീതം മത്തനും പഴുത്ത പപ്പായയും വാഴപ്പഴവും 100 ഗ്രാം പയറിന്റെ വേരും ഒരുലിറ്റര്‍ വെള്ളത്തില്‍ അരച്ചുചേര്‍ക്കണം. ഇതില്‍ ഒരു കോഴിമുട്ട ഉടച്ച് ഒഴിച്ച് വായവട്ടം കുറഞ്ഞ പാത്രത്തില്‍ അടച്ച് 45 ദിവസം സൂക്ഷിക്കുക. ഇങ്ങനെ തയ്യാറാക്കുന്ന ഇ.എം. 30 മില്ലി ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചുകൊടുക്കാം.
പറമ്പിലുള്ള ഓല ഉള്‍പ്പെടെയുള്ള ജൈവവസ്തുക്കള്‍ അരയടി കനത്തില്‍ അട്ടിയിട്ട് അതിനു മുകളിലായി പച്ചച്ചാണകം കലക്കിയതും ഇ.എം. ലായനിയും തളിച്ചുവെച്ചാല്‍ ഒന്നരമാസത്തിനകം ഒന്നാന്തരം കമ്പോസ്റ്റ് തയ്യാറാക്കാം.
തടത്തില്‍ ഒഴിച്ചുകൊടുക്കുന്ന ഇ.എം. ലായനി വേരിന് ചുറ്റും സംരക്ഷിത വലയം തീര്‍ത്ത് വിളകളെ കീടരോഗബാധയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നു. ഹാനികരങ്ങളായ സൂക്ഷ്മാണുക്കളെ തുരത്താന്‍ ഇ.എമ്മിന് പ്രത്യേക കഴിവുണ്ട്.
വിത്ത് മുളച്ച് തുടങ്ങുമ്പോള്‍ തന്നെ ഉപകാരികളായ സൂക്ഷ്മാണുക്കള്‍ മണ്ണില്‍ ഉണ്ടായിരിക്കുന്നതാണ് അഭികാമ്യം. അങ്കുരണശേഷി കൂട്ടുകയും രോഗനിയന്ത്രണം ഏറ്റെടുക്കുകയും വളര്‍ച്ചയ്ക്കാവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കുകയും ചെയ്യുന്ന ഇ.എം. തന്നെയല്ലേ കര്‍ഷകന്റെ നല്ല സുഹൃത്ത്.